പ്രതിഷേധിക്കാന്‍ മുസ്‌ലിംകള്‍ മാത്രമെ ഉണ്ടാകൂ എന്ന് കരുതി; കണക്കുകൂട്ടല്‍ തെറ്റിയെന്ന് സമ്മതിച്ച് കേന്ദ്ര മന്ത്രി

മുംബൈ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ അതിത്ര ശക്തി പ്രാപിക്കുമെന്നും രാജ്യവ്യാപകമായി നീണ്ടു നില്‍ക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഭരണ കക്ഷിയായ ബിജെപി നേതാക്കള്‍. 21 പേരുടെ മരണത്തിനിടയാക്കുകയും മോഡി സര്‍ക്കാരിന് കനത്ത വെല്ലുവിളിയായി മാറുകയും ചെയ്ത ലക്ഷക്കണക്കിന് ആളുകളുടെ പൗരത്വ പ്രക്ഷോഭത്തില്‍ ഞെട്ടിയിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. മുസ് ലിംകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ച് രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ആഭ്യന്തര പ്രതിസന്ധിയും സഖ്യകക്ഷികളുമായുള്ള ഉടക്കും പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും റിപോര്‍ട്ട് പറയുന്നു. 

പ്രതിഷേധം ഇങ്ങനെ ആയി മാറുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ മാത്രമല്ല, മറ്റു ബിജെപി പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇത്ര വലിയ ജനരോഷം മൂന്‍കൂട്ടി കാണാനായില്ല- കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മുസ്ലിംകളെ വ്യാപകമായി അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 2013ലെ മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രതി കൂടിയാണ് സഞ്ജീവ് ബല്യാന്‍.
 

Latest News