Sorry, you need to enable JavaScript to visit this website.

ഇന്ത്യ നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂദല്‍ഹി- ഇന്ത്യ ഇപ്പോള്‍ നേരിടുന്നത് ഒരു സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. 2011നും 2016നുമിടയിലെ ജിഡിപി വളര്‍ച്ചയെ 2.5 ശതമാനം പോയിന്റ് പെരുപ്പിട്ട് കാണിച്ചിരുന്നതായി നേരത്തെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ജിഡിപി വിവരങ്ങളെ സമ്പദ് വ്യവസ്ഥയുടെ സമൃദ്ധിയുടെ സൂചകമായി കാണാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിഡിപി കണക്കുകള്‍ ശ്രദ്ധയോടെ വിലയിരുത്തണമെന്നാണ് ആഗോള തലത്തില്‍ തന്നെ നിലവിലുള്ള നയമെന്നും അദ്ദേഹം എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

എണ്ണയിതര വസ്തുക്കളുടെ ഇറക്കുമതി, കയറ്റുമതി നിരക്ക്, മൂലധന ചരക്കു വ്യവസായ വളര്‍ച്ച, ഉപഭോക്തൃ ചരക്ക് ഉല്‍പാദന നിരക്ക് എന്നിവ സാമ്പത്തിക വളര്‍ച്ചയുടെ കൂടുതല്‍ മികച്ച സൂചകങ്ങളാണ്. ഈ നിരക്കുകളെ മുന്‍ സാമ്പത്തിക മാന്ദ്യ കാലത്തെ (2000-2002) നിരക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ ജിഡിപി വളര്‍ച്ച 4.5 ശതമാനമായിരുന്നെങ്കിലും ഈ സൂചനകങ്ങളെല്ലാം പോസിറ്റീവ് ആണെന്നു കാണാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ അവയെല്ലാം നെഗറ്റീവ് വളര്‍ച്ചയോ അല്ലെങ്കില്‍ കഷ്ടിച്ച് പോസിറ്റീവോ ആയാണ് കാണിക്കുന്നത്. ഇത് സാധാരണമായ സാമ്പത്തിക മാന്ദ്യമല്ല. ഇന്ത്യ നേരിടുന്ന മഹാ മാന്ദ്യമാണ്- അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് തുടര്‍ച്ചയായ ഏഴ് പാദങ്ങളില്‍ ജിഡിപി വളര്‍ച്ച താഴേക്കാണ്. തൊഴിലുമായി ബന്ധപ്പെട്ട വളര്‍ച്ച, നിക്ഷേപം, കയറ്റുമതി, ഇറക്കുമതി തുടങ്ങി  സൂചകങ്ങളാണ് താരതമ്യപ്പെടുത്തേണ്ടത്. കൂടാതെ വരുമാനത്തില്‍ നിന്നും സാമൂഹിക പദ്ധതികളില്‍ സര്‍ക്കാര്‍ ചെലവഴിച്ചതും പരിഗണിക്കണം. യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News