കരസേനാ മേധാവി പരിധിവിടുന്നു? പൗരത്വ പ്രക്ഷോഭത്തെ കുറിച്ചുള്ള രാഷ്ട്രീയ അഭിപ്രായ പ്രകടനം വിവാദമായി

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്ക്കുമെതിരെ രാജ്യവ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭ സമരക്കാര്‍ക്കെതിരായ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അഭിപ്രായ പ്രകടനം പുതിയ വിവാദത്തിന് തിരികൊളുത്തി. രാഷ്ട്രീയത്തില്‍ നിന്നും തീര്‍ത്തും വേറിട്ടു നില്‍ക്കുന്ന സൈന്യത്തിന്റെ മേധാവി രാജ്യത്തു നടക്കുന്ന രാഷ്ട്രീയ സമരത്തെ കുറിച്ച് ഒരു പക്ഷത്തെ മാത്രം ന്യായീകരിക്കുന്ന തരത്തില്‍ പ്രസ്താവന ഇറക്കിയതാണ് വിവാദത്തിന് കാരണം. 'ജനങ്ങളെ തീവെപ്പിലേക്കും അക്രമങ്ങളിലേക്കും നയിക്കുന്നവരല്ല നേതാക്കള്‍. യൂണിവേഴ്‌സിറ്റി, കോളെജ് വിദ്യാര്‍ത്ഥികളേയും ജനങ്ങളേയും തെറ്റായി ദിശയിലേക്ക് നയിക്കപ്പെടുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇങ്ങനെ ചെയ്യുന്നവരല്ല നേതാക്കള്‍' എന്നാണ് ജനറല്‍ റാവത്ത് പറഞ്ഞത്. നിഷ്പക്ഷ കാത്തുസൂക്ഷിക്കേണ്ട ഒരു പദവിയില്‍ ഇരിക്കുന്ന ആള്‍ ഇങ്ങനെ പറഞ്ഞതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വന്നു. 

വിരമിക്കാന്‍ അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിപിന്‍ റാവത്തിന്റെ ഈ രാഷ്ട്രീയ അഭിപ്രായ പ്രകടനം. ആദ്യമായാണ് സൈനിക മേധാവി പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ സംസാരിക്കുന്നതും. ഈ നിയമം പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ് പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ വ്യാപക അക്രമങ്ങളും പോലീസ് വെടിവെപ്പും കൊള്ളയും കൊലയും നടക്കുന്നത്. ഇവിടെ 15ഓളം പേരെയാണ് വെടിവച്ചു കൊന്നത്. ഇതിനു പിന്നില്‍ പോലീസാണെന്ന ആക്ഷേപവും ശക്തമാണ്. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ കര്‍ണാടകയിലെ മംഗളുരൂവിലും പോലീസ് രണ്ടു പ്രതിഷേധക്കാരെ വെടിവച്ചു കൊന്നിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും സമാധാനപരമായ  സമരങ്ങളാണ് നടന്നു വരുന്നത്.

ജനറല്‍ റാവത്തിന്റെ രാഷ്ട്രീയ പ്രസ്താവന ഭരണഘടനാ ജനാധിപത്യ സംവിധാനത്തിന് തീര്‍ത്തും എതിരാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സംസാരിക്കാന്‍ കരസേനാ മേധാവിയെ ഇപ്പോള്‍ അനുവദിച്ചാല്‍ നാളെ അദ്ദേഹത്തെ ഭരണം ഏറ്റെടുക്കാനും അനുവദിക്കും- കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ ട്വീറ്റ് ചെയ്തു. 

സ്വന്തം അധികാരങ്ങളുടെ പരിധി അറിഞ്ഞിരിക്കലാണെന്ന് നേതൃത്വഗുണം എന്ന് മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി തിരിച്ചടിച്ചു. ജനങ്ങളുടെ പരമാധികാരം എന്ന ആശയത്തെ മനസ്സിലാക്കുകയും താങ്കള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനത്തിന്റെ സത്യസന്ധത കാത്തുസൂക്ഷിക്കുകയുമാണ് ഒരു നേതാവ് എന്ന നിലയില്‍ താങ്കള്‍ ചെയ്യേണ്ടത്- റാവത്തിനുള്ള മറുപടിയായി ഉവൈസി ട്വീറ്റ് ചെയ്തു. രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ജനറല്‍ റാവത്തിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് ന്യായീകരിച്ചും ഒരു വിഭാഗം രംഗത്തെത്തി. 

കരസേനാ മേധാവി പദവിയില്‍ നിന്നിറങ്ങുന്ന ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യയിലെ ആദ്യ ഒറ്റ സൈനിക മേധാവി പദവിയില്‍ മോഡി സര്‍ക്കാര്‍ നിയമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന ഈ പദവി രാജ്യത്തെ കരസേനാ, നാവിക സേനാ, വ്യോമ സേനാ വിഭാഗങ്ങളെ ഒറ്റ അധികാര കേന്ദ്രത്തിനു കീഴിലാക്കാനുള്ള നീക്കമാണ്. പ്രതിരോധ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി അഡൈ്വസറും ഈ പദവിയില്‍ ഇരിക്കുന്ന ആളായിരിക്കും. ആരാണ് ഈ പദവിയിലെത്തുക എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഒരു സൂചനയും നല്‍കിയിട്ടില്ല.

Latest News