Sorry, you need to enable JavaScript to visit this website.

മോഡി ആർഎസ്എസ് പ്രധാനമന്ത്രി; രാജ്യത്തോട് കള്ളം പറയുന്നു-രാഹുൽ ഗാന്ധി

ന്യൂദൽഹി- ആർ.എസ്.എസിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി ഭാരതാംബയോട് കള്ളം പറയുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഒരിടത്തും തടങ്കൽ പാളയമില്ലെന്ന മോഡിയുടെ പ്രസ്താവന കള്ളമാണെന്ന് വ്യക്തമാക്കിയുള്ള ബി.ബി.സിയുടെ വാർത്ത ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചാണ് രാഹുലിന്റെ ആരോപണം. കഴിഞ്ഞദിവസം ദൽഹിയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് രാജ്യത്ത് ഒരിടത്തും തടങ്കൽ പാളയങ്ങളില്ലെന്ന് മോഡി പ്രഖ്യാപിച്ചത്. എന്നാൽ അസമിൽ അടക്കമുള്ള തടങ്കൽ പാളയങ്ങളുടെ വിശദാംശങ്ങൾ തൊട്ടടുതത്ത നിമിഷം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രാജ്യത്ത് പൗരത്വം നഷ്ടപ്പെടുന്നവർക്കായി എവിടെയും തടങ്കൽ പാളയങ്ങൾ ഒരുങ്ങുന്നില്ലെന്നും ഒരു മുസ്ലിം പോലും തടവിലാക്കപ്പെടില്ലെന്നുമായിരുന്നു മോഡി പറഞ്ഞത്.  എന്നാൽ, കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിദേശികൾക്കും അഭയാർഥികൾക്കുമായി ഒരു തടങ്കൽ പാളയമെങ്കിലും ആധുനീക സൗകര്യങ്ങളോടെയും പത്തടി ഉയരത്തിൽ ചുറ്റുമതിലുമായി നിർമിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മോഡൽ ഡിറ്റൻഷൻ മാനുവൽ തയാറാക്കിയിരുന്നു. 

കോൺഗ്രസും സഖ്യകക്ഷികളും തടങ്കൽ പാളയങ്ങളെക്കുറിച്ച് നുണകൾ പരത്തുകയാണ്. അർബൻ നക്‌സലുകളും ഇതിന് പിന്നിലുണ്ട്. മുസ്ലിംകൾ തടങ്കൽ പാളയങ്ങളിലേക്ക് അയക്കപ്പെടുമെന്ന് അവർ നുണകൾ പരത്തുകയാണ്. നുണകൾ പരത്തുന്നവർ അവരവരുടെ വിദ്യാഭ്യാസത്തെ എങ്കിലും വിലമതിക്കണം. ഒരു തവണ എങ്കിലും പൗരത്വ ഭേദഗതി നിയമം വായിച്ചു നോക്കണമെന്നുമായിരുന്നു മോഡിയുടെ പ്രസംഗം.

എന്നാൽ, കഴിഞ്ഞ ജൂലൈയിൽ തന്നെ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭയാർഥികൾക്കും അനധികൃതമായി എത്തപ്പെട്ട വിദേശികൾക്കുമായി ഒരു തടങ്കൽ പാളയമെങ്കിലും സജ്ജീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ആധുനിക സജ്ജീകരണങ്ങളോടെയും ദീർഘകാല താമസ സൗകര്യങ്ങളോടെയും ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. 2019 മാതൃക ഡിറ്റൻഷൻ മാനുവൽ എന്ന പേരിൽ പതിനൊന്നു പേജുകളുള്ള നിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. എമിഗ്രേഷൻ ചെക്ക് പോസ്റ്റുകളോട് അനുബന്ധിച്ച് നഗരത്തിലോ ജില്ലാ കേന്ദ്രങ്ങളിലോ ഒരു കുടുംബത്തിന് തന്നെ ഒരുമിച്ചു കഴിയാവുന്ന വിധത്തിൽ ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശിച്ചിരുന്നത്. 

Latest News