Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ടെടുപ്പിനെത്താൻ കഴിയാതിരുന്നത് എയർ ഇന്ത്യയുടെ പിടിപ്പുകേട്

ന്യൂദൽഹി- മുസ്‌ലിം ലീഗ് നേതാക്കളായ പി.വി അബ്ദുൽ വഹാബും പി.കെ കുഞ്ഞാലിക്കുട്ടിയും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ ചർച്ചകളിലൊന്ന്. എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഇരുവരുടെയും വോട്ട് ചെയ്യാനുള്ള അവകാശത്തെ തടഞ്ഞത് എന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യ വിമാനം അഞ്ചു മണിക്കൂറോളം മുംബൈയിൽ വൈകിയതാണ് ഇരുവർക്കും നിശ്ചിത സമയത്ത് ദൽഹിയിൽ എത്താതിരിക്കാൻ കാരണമായത്. എന്നാൽ മുംബൈയിൽനിന്ന് മറ്റൊരു വിമാനത്തിൽ ദൽഹിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇരുവരെയും എയർ ഇന്ത്യ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. മുൻപ് നിശ്ചയിച്ചതനുസരിച്ച് 7.30ന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട എയർ ഇന്ത്യാ വിമാനം മുംബൈ വഴി 11.55ന് ഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ, മുംബയിൽ അഞ്ചുമണിക്കൂറോളം വിമാനം താമസിപ്പിച്ചു. 7.30ന് കോഴിക്കോട് നിന്നു പറന്നുയർന്ന വിമാനം 9.05ന് മുംബയിൽ എത്തി. പിന്നീട് 10.30ന് ഉയർന്ന് 11.55ന് ഡൽഹിയിൽ എത്തുന്ന വിധത്തിലായിരുന്നു ഷെഡ്യൂൾ. മുംബൈയിൽ നിന്നു ഷെഡ്യൂൾ പ്രകാരമുള്ള സമയം ആയപ്പോഴേക്കും സാങ്കേതികകാരണം പറഞ്ഞു വിമാനം നിർത്തിയിടുകയായിരുന്നു. പെട്ടെന്നു ശരിയാവുമെന്ന അറിയിപ്പോടെയാണ് വിമാനം നിർത്തിയിട്ടത്. ഇതിനിടെ എ.സി ഓഫ്‌ചെയ്തത് യാത്രക്കാരുടെ ദുരിതം കൂട്ടി. കൈക്കുഞ്ഞുങ്ങളെയുമായി യാത്രചെയ്യുന്നവർ ബഹളം വെക്കാനും തുടങ്ങി.

വിമാനം വൈകുമെന്ന് ഉറപ്പായതോടെ ഞങ്ങൾ എംപിമാരാണെന്നും മറ്റൊരു വിമാനത്തിൽ പോവാനായി ഇറക്കിത്തരണമെന്നും കുഞ്ഞാലിക്കുട്ടിയും വഹാബും പേപ്പറിൽ എഴുതി നൽകിയെങ്കിലും അതു നിരസിക്കപ്പെട്ടു. രണ്ടു മണിക്ക് വേറെ വിമാനം ഉള്ളതിനാൽ അതിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഞ്ചു മിനിറ്റ് കൊണ്ടു ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്. അവസാനം 2.55ന് മുംബയിൽ നിന്നു പറന്നുയർന്ന വിമാനം 4.20ഓടെയാണു ദൽഹിയിലെത്തിയത്. ലാന്റ് ചെയ്ത ശേഷം വാതിൽ തുറയ്ക്കാനും താമസമുണ്ടായി. വിമാനത്താവളത്തിൽ നിന്ന് ചെറിയഗതാഗതക്കുരുക്കും പിന്നിട്ട് പാർലമെന്റിൽ എത്തിയപ്പോഴേക്കും അഞ്ചുമണി കഴിഞ്ഞ് എട്ടുമിനിറ്റായിരുന്നു. വിമാനത്താവളത്തിൽ നിന്ന് 13 കിലോമീറ്ററാണ് പാർലമെന്റിലേക്കുള്ളത്. അഞ്ചുമണിക്ക് പോളിംഗ് അവസാനിച്ചതിനാൽ മുസ്‌ലിം ലീഗിന്റെ ആകെയുള്ള മൂന്നു എംപിമാരിൽ രണ്ടു പേർക്കും വോട്ട്‌ചെയ്യാനായില്ല.

വിഷയത്തിൽ എയർ ഇന്ത്യയ്‌ക്കെതിരേ വ്യോമയാനമന്ത്രാലയത്തിനും ലോക്‌സഭാ സ്പീക്കർക്കും പരാതി നൽകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം പാർലമെന്റിലും ഉന്നയിക്കും. എയർ ഇന്ത്യയുടെ കെടുകാര്യസ്ഥത അംഗീകരിക്കാനാവില്ലെന്നും വിമാനം വൈകിയതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Latest News