ന്യൂദൽഹി- ഹരിയാനയിൽ ഭരണത്തിലേറി രണ്ടു മാസം തികയുംമുമ്പേ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ജെ.പിയിൽ ഭിന്നത രൂക്ഷമായി. ജനനായക് ജനത പാർട്ടി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയോടുള്ള എതിർപ്പ് വ്യക്തമാക്കിയാണ് മുതിർന്ന എം.എൽ.എ രാംകുമാർ ഗൗതം രാജിവെച്ചത്. ദുഷ്യന്ത് ചൗട്ടാലക്കെതിരെ രൂക്ഷമായി പ്രതികരിച്ചാണ് പദവി രാജിവെച്ചത്.
ദുഷ്യന്ത് ചൗട്ടാല എങ്ങിനെയാണ് ഉപമുഖ്യമന്ത്രിയായത് എന്ന കാര്യം മറക്കരുതെന്ന് രാംകുമാർ ആവശ്യപ്പെട്ടു. പാർട്ടിയിലെ മറ്റ് എം.എൽ.എമാരുടെ പിന്തുണയില്ലെങ്കിൽ ഒരിക്കലും ദുഷ്യന്ത് ചൗട്ടാലക്ക് ഉപമുഖ്യമന്ത്രിയാകാനാകില്ലെന്നും മന്ത്രിസഭയിലെ മുഴുവൻ പദവികളും ദുഷ്യന്ത് ചൗട്ടാല തന്നെയാണ് കൈവശം വെച്ചിരിക്കുന്നതെന്നും രാം കുമാർ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തൂക്കുസഭ വന്നതോടെയാണ് അതുവരെയുള്ള മുഴുവൻ നിലപാടുകളും മാറ്റി ദുഷ്യന്ത് ചൗട്ടാല ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി പദവി ഏറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷമായ പ്രതികരണമായിരുന്നു ദുഷ്യന്ത് ചൗട്ടാല തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്നത്.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിൽ പാർട്ടിയിലെ ഭൂരിഭാഗം എം.എൽ.എമാരും എതിരായിരുന്നുവെന്ന് രാം കുമാർ പറഞുന്നു.സഖ്യമുണ്ടാക്കുന്ന കാര്യം ഭൂരിഭാഗം ജനപ്രതിനിധികളും അറിഞ്ഞിരുന്നില്ല. ഷോപ്പിംഗ് മാളില്‍ വെച്ചായിരുന്നു സഖ്യം സംബന്ധിച്ച ചര്‍ച്ച നടന്നിട്ടുണ്ടാകുക. ജനങ്ങളെ വേദനിപ്പിച്ചാണ് ഈ സഖ്യം രൂപീകരിച്ചത്. മന്ത്രിസഭയിൽ ജെ.ജെ.പിക്ക് അനുവദിച്ച ഭൂരിഭാഗം പദവികളും ദുഷ്യന്ത് ചൗട്ടാലയാണ് കൈവശം വെച്ചിരിക്കുന്നത്. ഞങ്ങളെ മൂന്നു മാസം നിരീക്ഷിച്ച ശേഷം പദവികൾ കൈമാറുമെന്നാണ് ദുഷ്യന്ത് പറയുന്നത്. ഞങ്ങളെ നിരീക്ഷിക്കാൻ അദ്ദേഹം ആരാണെന്നും രാം കുമാർ ചോദിച്ചു. ദുഷ്യന്ത് ചൗട്ടാല പതിനൊന്ന് വകുപ്പുകളാണ് നിലവിൽ കൈവശം വെച്ചിരിക്കുന്നത്. മ്യൂസിയം, ആര്‍ക്കിയോളജി എന്നീ അപ്രധാന വകുപ്പുകളുമായി അനൂപ് ധനാക് മാത്രമാണ് ദുഷ്യന്തിന് പുറമെ ജെ.ജെ.പിയിൽനിന്ന് മന്ത്രിയായുള്ളത്. നർനൗണ്ട് മണ്ഡലത്തിൽ ബി.ജെ.പി മന്ത്രിസഭയിലെ ധനമന്ത്രി കാപ്റ്റൻ അഭിമന്യൂവിനെ തോൽപ്പിച്ചാണ് ഗൗതം കുമാർ നിയമസഭയിൽ എത്തിയത്.