റിയാദ്- ജി.സി.സി രാജ്യങ്ങളിൽ നിയമാനുസൃതം താമസിക്കുന്ന വിദേശികൾക്ക് സൗദിയുടെ അതിർത്തി കവാടങ്ങൾ തുറക്കുന്നത് 2020 മാർച്ചിൽ ആരംഭിക്കുന്ന കിഴക്കൻ പ്രവിശ്യയിലെ ശർഖിയ സീസൺ ആഘോഷത്തോടനുബന്ധിച്ചാണെന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും ജനറൽ അതോറിറ്റി ഫോർ എന്റർടെയിൻമെന്റ് സ്ട്രാറ്റജിക്കൽ സി.ഇ.ഒ ഗസ്സാൻ ഖാൻ അറിയിച്ചു.
സൗദിയിലെ വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാൻ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഈ വിസ അനുവദിക്കുക. ഇങ്ങനെ എത്തുന്നവർ ശനിയാഴ്ച വൈകിട്ട് സൗദിയിൽനിന്ന് തിരിച്ചുപോകണം. അതിർത്തി ചെക്ക്പോസ്റ്റിലെത്തുന്നവർക്ക് എൻട്രി പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് ചെക്ക് പോയന്റുകളിൽ സർക്കുലർ ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വാരാന്ത അവധിയിൽ 2,43,000 പേരാണ് കിംഗ് ഫഹദ് കോസ്വേ കടന്നത്. 36 അറൈവൽ കൗണ്ടറുകളും 22 ഡിപ്പാർച്ചർ കൗണ്ടറുകളും പ്രവർത്തിച്ചു. വ്യാഴാഴ്ച മാത്രം 35,000 പേർ അറൈവൽ കൗണ്ടറിലും 41,000 പേർ ഡിപ്പാർച്ചർ കൗണ്ടറിലുമായി 76,000 പേർ കോസ്വേ കടന്നു. വെള്ളിയാഴ്ച അറൈവൽ കൗണ്ടറിൽ 37,000 പേരും ഡിപ്പാർച്ചർ കൗണ്ടറിൽ 81,000 പേരുമടക്കം 41,000 പേരും ശനിയാഴ്ച 52,000 പേർ അറൈവൽ കൗണ്ടറിലും 34,000 പേർ ഡിപ്പാർച്ചർ കൗണ്ടറിലുമായി 86,000 പേരും കോസ്വേ കടന്നു. രാത്രി ഒമ്പതിനും 12 നുമിടയിലാണ് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത്.
സൗദിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇവന്റ് വിസിറ്റ് വിസ നടപ്പാക്കാൻ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വിഷൻ 2030 ന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾക്ക് എന്റർടെയിൻമെന്റ് വിഭാഗം രംഗത്തുണ്ട്. എണ്ണേതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് പദ്ധതി.






