ബംഗാള്‍ മന്ത്രിക്ക് ബംഗ്ലദേശ് വീസ നിഷേധിച്ചു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിയും ജംഇയത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റുമായ സിദ്ദീഖുല്ലാ ചൗധരിക്ക് ബംഗ്ലദേശ് സന്ദര്‍ശന വീസ നിഷേധിച്ചു. വീസയ്ക്കായി 10 ദിവസം മുമ്പ് തന്നെ അപേക്ഷിച്ചിരുന്നുവെന്നും ടിക്കറ്റ് ബുക്ക് ചെയ്്തിരുന്നെന്നും ചൗധരി പറഞ്ഞു. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ വീസ നിഷേധിച്ചു കൊണ്ടുള്ള അറിയിപ്പ് ബുധനാഴ്ച ലഭിച്ചതായും ചൗധരി പറഞ്ഞു. ബംഗ്ലദേശ് സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിരുന്നു. മന്ത്രി ആയതിനാല്‍ ഈ അനുമതികള്‍ ആവശ്യമാണ്. എന്നാല്‍ ബംഗ്ലദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനാണ് തനിക്ക് വീസ നിഷേധിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ചൗധരി പറയുന്നു. ഇരു രാഷ്ട്രങ്ങളും സൗഹൃത്തിലായിരിക്കെ ഇത് ദൗര്‍ഭാഗ്യകരമായെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചൗധരി വ്യക്തമാക്കി. അതേസമയം ബംഗ്ലദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍, നേരത്തെ ബംഗ്ലദേശ് വിദേശ കാര്യ മന്ത്രി എ കെ അബ്ദുല്‍ മൊമിനും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
 

Latest News