ബി.ജെ.പിയില്‍ വിവേചനം-ഷാസിയ ഇല്‍മി 

ന്യൂദല്‍ഹി-നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദല്‍ഹിയിലെ  ബിജെപിയില്‍ വീണ്ടും ഉള്‍പ്പോര്. പാര്‍ട്ടിക്കുള്ളില്‍ വിവേചനം നേരിടുന്നുണ്ടെന്ന് ദല്‍ഹി വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി ബിജെപി നേതാക്കള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. നേരത്തെ എഎപിയിലായിരുന്നു ഷാസിയ ഇല്‍മി. 2015ല്‍ രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. 2017ല്‍ ഇവര്‍ ദില്ലി ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാകുകയും ചെയ്തു. പൊതു പരിപാടികളില്‍ വിവേചനം നേരിടുന്നുവെന്നാണ് ഷാസിയ ഇല്‍മിയുടെ ആരോപണം. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത രാംലീല മൈതാനിയിലെ റാലിയിലും വിവേചനം നേരിട്ടുവെന്ന് അവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ അവരുടെ പ്രതികരണം തേടി. താന്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് ചിലര്‍ ചോര്‍ത്തിയതാണെന്നും ഷാസിയ ഇല്‍മി പറഞ്ഞു. കേന്ദ്ര നേതൃത്വം വിഷയം ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News