ഒന്നാം മോഡി സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു നോട്ട് റദ്ദാക്കൽ. മൂന്ന് വർഷം മുമ്പായിരുന്നു അത്. 2016 നവംബർ 8 ന് രാത്രി ടെലിവിഷൻ ചാനലുകളിലുടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യക്കാർ ഇത് കേട്ടത്. ആയിരം, അഞ്ഞൂറ് നോട്ടുകൾ ഇതോടെ റദ്ദായി. അഴിമതിയും ഭീകരതയും ഇല്ലാതാക്കാനുള്ള ഒറ്റമൂലിയെന്ന നിലയ്ക്കാണ് ഇത് അവതരിപ്പിച്ചത്. പ്രചാരത്തിലുള്ള കറൻസി നോട്ടുകളിൽ 86 ശതമാനം ഒറ്റയടിക്ക് പിൻവലിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. തുടർന്നിങ്ങോട്ട് മാസങ്ങളോളം ജനം ഇതിന്റെ ദുരിതം പേറി. എ.ടി.എമ്മുകളിൽ ലഭിക്കുന്ന നോട്ടുകൾക്കായി ഇന്ത്യയൊട്ടാകെ ആളുകൾ വരി നിന്നു. പിൻവലിക്കാവുന്ന തുകക്ക് പരിധി ഏർപ്പെടുത്തി. ഇന്ത്യൻ സമ്പദ്ഘടനയുടെ കുതിപ്പ് മാറി കിതക്കാൻ തുടങ്ങിയത് ഇതോടെയാണെന്ന് പറയാം. കള്ളപ്പണത്തെ തടയാൻ ഇതുകൊണ്ട് സാധിച്ചിട്ടില്ലെന്ന് വ്യക്തം.
ഇതിനിടക്കാണ് അത്യപൂർവ സിദ്ധികളുമായി രണ്ടായിരത്തിന്റെ നോട്ടുകൾ പിറന്നു വീണത്. ഒറ്റ നോട്ടത്തിൽ ശിവകാശിയിൽ അച്ചടിച്ച പോസ്റ്ററിന്റെ ലുക്ക്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അഭാവം നികത്താൻ ഇതുകൊണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞത് ഏറെ കഴിഞ്ഞ്. ചിപ്പ് ഘടിപ്പിച്ച രണ്ടായിരം നോട്ട് വലിയ കോമഡിയായി മാറുന്നതാണ് പിന്നീട് കണ്ടത്. കള്ളനോട്ടടിക്കാർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയാണ് ഈ കറൻസി നോട്ട് ചെയ്തത്. ഏതായാലും പുതിയ വർഷം പിറക്കുമ്പോൾ റോസ് നിറത്തിലുള്ള ഈ നോട്ട് ഉണ്ടാവില്ലെന്നാണ് കേൾക്കുന്നത്. സൗദി അറേബ്യയും മറ്റും ചെയ്യാറുള്ളത് പോലെ രണ്ടായിരത്തിന്റെ നോട്ടുകളെ പടിപടിയായി തിരിച്ചെടുക്കുകയാണ് ആർ.ബി.ഐ. അല്ലെങ്കിലും കാര്യശേഷിയുള്ളവർ നോട്ട് റദ്ദാക്കൽ അങ്ങനെയൊക്കെയാണല്ലോ.
മൂന്ന് വർഷം പിന്നിട്ടപ്പോൾ നോട്ട് റദ്ദാക്കലിനെ കുറിച്ച് ഒട്ടും കേൾക്കാൻ ആഗ്രഹിക്കാത്തത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരാണ്. മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരിക്കേ ഇന്ത്യ ചൈനയുമായി മത്സരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ നഗരം ഷാങ്ഹായ് പോലെയായി മാറുമെന്ന് കരുതി. 2008 ലെ ആഗോള മാന്ദ്യത്തിൽ സമ്പന്ന രാജ്യങ്ങൾ പോലും ഉലഞ്ഞപ്പോൾ ഇന്ത്യയെ ഒട്ടും ബാധിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ലോക ബാങ്കിന്റെ കണക്കിൽ ആദ്യ പട്ടികകളിൽ സ്ഥാനമുണ്ടായിരുന്ന ഇന്ത്യ തകർച്ചയെ നേരിടുന്നതാണ് നോട്ട് ബന്ദിക്ക് ശേഷം കണ്ടത്. അടുത്തിടെ ഒരു ഏജൻസി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ സർവേയിൽ കണ്ടെത്തിയ കാര്യം ശ്രദ്ധേയമാണ്. ഇന്ത്യയുടെ സാമ്പത്തിക തകർച്ചക്ക് കാരണം മൂന്ന് വർഷം മുമ്പ് നടപ്പാക്കിയ നോട്ട് ബന്ദിയാണെന്ന് സർവേയിൽ പങ്കെടുത്ത നഗര ജീവികളിൽ ഭൂരിപക്ഷവും കരുതുന്നു.
ഇപ്പോഴത്തെ പല പരിഷ്‌കാരങ്ങളും ഇന്ത്യക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. ഒറ്റ രാത്രി കൊണ്ട് പ്രചാരത്തിലുള്ള കറൻസിയുടെ സിംഹ ഭാഗവും റദ്ദാക്കിയതിന്റെ ആഘാതം തുടരുന്നു. അതിനിടക്കാണ് വേണ്ടത്ര ആലോചിക്കാതെ ജി.എസ്.ടി നടപ്പാക്കിയത്. വാണിജ്യ-വ്യവസായ മേഖലകളെ ഇത് സാരമായി ബാധിച്ചു.
ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയിൽ നിന്നാണ് രാജ്യത്തിന്റെ ജി.ഡി.പിയുടെ നാൽപത്തഞ്ച് ശതമാനവും. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന കോടിക്കണക്കിനാളുകൾക്ക് തൊഴിലവസരമൊരുക്കുന്ന രംഗമാണിത്. നോട്ട് റദ്ദാക്കലിന്റെയും ജി.എസ്.ടിയുടെയും പ്രഹരമേറ്റു വാങ്ങി തളർന്നിരിക്കുകയാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ്-ഭവന നിർമാണ രംഗവും. നോട്ട് റദ്ദാക്കലിനെ തുടർന്നുള്ള രണ്ട് മാസങ്ങളിൽ നിശ്ചലമായ റിയൽ എസ്റ്റേറ്റ് മേഖലക്ക് കർശന നിയന്ത്രണങ്ങളും തിരിച്ചടിയാവുകയായിരുന്നു.
നോട്ട് റദ്ദാക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. സാമ്പത്തിക നയങ്ങൾ തീരുമാനിക്കുമ്പോൾ വിദഗ്ധരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. ഏത് സാമ്പത്തിക നയം മാറ്റത്തിനും നേതൃത്വം നൽകേണ്ടത് സാമ്പത്തിക, വ്യാപാര, സാങ്കേതിക മേഖലകളിലെ വിദഗ്ധരാണ്. തീരുമാനം എടുക്കുന്നതിനു മുമ്പ് കൃത്യമായി ഗൃഹപാഠം ചെയ്യണം. ഒരു നയം നടപ്പിലാക്കുമ്പോൾ അടിസ്ഥാന വിവരങ്ങൾ അവഗണിക്കരുത്. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകൾ അസാധുവാക്കുമ്പോൾ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കള്ളപ്പണമെന്നത് പുതിയ കാര്യമല്ല. സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് എന്നും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് ധീരമായ ഇടപെടലുകൾ അപൂർവ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തി സമാഹരിക്കുന്നതാണ് കള്ളപ്പണം. കോടികളുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും അത് തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണ് ബി.ജെ.പി സർക്കാർ.
അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാറിന്റെ കാഴ്ചപ്പാട് വലതുപക്ഷ താൽപര്യങ്ങളുടേതാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും ഈ കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി കറൻസി റദ്ദാക്കൽ പരിഷ്‌കരണം നടപ്പാക്കുന്നത്. പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അന്ന് മൊറാർജി സർക്കാർ പിൻവലിച്ചത്. ഇന്ത്യയിൽ പി.വി. നരസിംഹറാവു സർക്കാർ അധികാരത്തിലേറിയ 90 കളിലാണ് രാജ്യം സാമ്പത്തിക രംഗത്തെ വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി റാവുവിന്റെ നേതൃത്വത്തിൽ കാൽ നൂറ്റാണ്ട് മുമ്പ് അന്നത്തെ ധനമന്ത്രിയും ലോകം ആദരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ് പിന്നണിയിലും പ്രവർത്തിച്ച കാലത്താണ് ഇന്ത്യ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറിയത്. മോഡി സർക്കാറിന്റെ നോട്ട് റദ്ദാക്കൽ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ തുടക്കം മുതലേ ആശങ്ക പ്രകടിപ്പിച്ച നിരവധി പ്രമുഖരുണ്ട്.
വീണ്ടുവിചാരവുമില്ലാത്ത നടപടിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് ധനകാര്യ വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ് പറഞ്ഞിരുന്നു.
നോട്ട് നിരോധനമെന്നത് സംഘടിത കൊള്ളയും നിയമ വിധേയമായ പിടിച്ചുപറിയുമാണ്. നവംബർ എട്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യൻ ജനാധിപത്യത്തിനും കറുത്ത ദിനമാണ് - അദ്ദേഹം വ്യക്തമാക്കി.
86 ശതമാനം കറൻസിയും പിൻവലിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറൊരിടത്തും നടപ്പാക്കിയിട്ടില്ല. ഈ നടപടിയിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷ്യം പോലും നേടാനായില്ല.
പണരഹിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ നോട്ട് നിരോധനം ഒട്ടും ഫലപ്രദമല്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്. ഇവ രണ്ടും ചെറുകിട സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചുവെന്നും മൻമോഹൻ വിലയിരുത്തുകയുണ്ടായി. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം ഇല്ലാതാക്കുകയാണെന്ന വാദം പരാജയപ്പെട്ടപ്പോൾ നോട്ടു നിരോധനം ഇന്ത്യയെ നോട്ട് രഹിത സാമ്പത്തിക സമൂഹമാക്കുമെന്ന് മോഡി സർക്കാർ പറഞ്ഞിരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം ഡിജിറ്റൽ പണമിടപാട് ആദ്യം ഉയർന്നെങ്കിലും ഇപ്പോൾ അത് താഴ്ന്ന നിലയിലാണുള്ളത്. നോട്ട് നിരോധനത്തിന് ശേഷം മാസം തോറും ഡിജിറ്റൽ പണമിടപാടിന്റെ തോത് കുറഞ്ഞു വരികയായിരുന്നു.
ഇന്ത്യൻ സമ്പദ്ഘടനയുടെ അവസ്ഥ ഒട്ടും ആശ്വാസകരമല്ല. ചൈനയോട് ഒരു കൈ നോക്കാനിറങ്ങിയ നമ്മളിപ്പോൾ മത്സരിക്കുന്നത് നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളോടാണെന്നത് മഹാകഷ്ടമാണ്. തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും രൂക്ഷമായ നിലയിൽ തുടരുന്നു. സാമ്പത്തിക വളർച്ചാ സൂചികയായ ജി.ഡി.പി നമ്മൾ അഭയാർഥി പ്രവാഹമുണ്ടാവുമെന്ന് കരുതുന്ന ബംഗ്ലാദേശിനേക്കാൾ താഴെയാണ്. അടിയന്തരമായി ഒരു ചിന്തൻ ബൈഠക് ചേർന്ന് ഭരണാധികാരികളുടെ മുൻഗണനാ പട്ടിക തിരുത്തി എഴുതേണ്ടതുണ്ട്.