ന്യൂദൽഹി - റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ ആസ്തി 2019ൽ മാത്രം വർധിച്ചത് 16.5 ബില്യൺ ഡോളർ (11.76 ലക്ഷം കോടി രൂപ). ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 60.8 ബില്യൺ ഡോളാറായെന്ന് ആഗോള സൂചികയായ ബ്ലൂംബർഗ് ബില്യണയർ ഇൻഡെക്‌സ് വ്യക്തമാക്കുന്നു. ഇതനുസരിച്ച് ലോകത്തെ പന്ത്രണ്ടാമത്തെ വലിയ കോടീശ്വരനാണ് പെട്രോകെമിക്കൽ മുതൽ ടെലികമ്മ്യൂണിക്കേഷൻ വരെയുള്ള വ്യവസായ സാമ്രാജ്യങ്ങളുടെ അധിപനായ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളുടെ വില അടുത്ത കാലത്ത് കുതിച്ചുയർന്നതാണ് ഉടമയുടെ ആസ്തി വർധിക്കാൻ കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ റിലയൻസ് ഓഹരികളുടെ വില 41 ശതമാനമാണ് വർധിച്ചത്. ഇന്നലെ ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോൾ 1544.5 രൂപയായിരുന്നു ഒരു റിലയൻസ് ഓഹരിയുടെ വില.