ന്യൂദൽഹി- ദേശീയ പൗരത്വ രജിസ്‌ട്രേഷൻ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ് അമിത് ഷാ പിൻവാങ്ങുന്നത് ഒളിയുദ്ധത്തിലേക്കാണെന്ന് സൂചന. എൻ.ആർ.സി നടപ്പാക്കുന്നതിനുള്ള ഒരു ചർച്ചയും കേന്ദ്രം നടത്തിയില്ലെന്ന അമിത് ഷായുടെ പ്രസ്താവന രാജ്യത്ത് ദിനംപ്രതി വളർന്നുവരുന്ന പ്രതിഷേധത്തെയും വിവിധ മുഖ്യമന്ത്രിമാരുടെ വിയോജിപ്പിനെയും തുടർന്നാണ്. പൗരത്വ ഭേദഗതി നിയമത്തെ പാർലമെന്റിന്റെ ഇരുസഭകളിലും പിന്തുണച്ച പാർട്ടികളടക്കം എൻ.ആർ.സിയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയുടെ അടിവേര് ഇളകുമെന്ന തരത്തിൽ പ്രതിഷേധവും എതിർപ്പും വ്യാപകമാകുന്നതിനിടെയാണ് എൻ.ആർ.സി സംബന്ധിച്ച് നേരത്തെ നടത്തിയ പ്രസ്താവനകളെല്ലാം അമിത് ഷാ വിഴുങ്ങിയത്.
പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കുന്നതിനും ദേശീയ ജനസംഖ്യാ കണക്കെടുപ്പിനും (സെൻസസ്) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയത്. ദേശീയ ജനസംഖ്യാ കണക്കെടുപ്പിന് 8754.23 കോടി രൂപയും ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിന് 3941.35 കോടി രൂപയും അനുവദിക്കാനുള്ള ശുപാർശക്കാണ് കേന്ദ്രം അംഗീകാരം നൽകിയത്. സെൻസസ് രാജ്യവ്യാപകമായി നടപ്പാക്കുമ്പോൾ എൻ.പി.ആർ പുതുക്കുന്നത് അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. എന്നാൽ എൻ.പി.ആർ 2020 ന്റെ ഔദ്യോഗിക വിജ്ഞാപനം സർക്കാർ വെബ്‌സൈറ്റിൽ ഇന്നലെ ഉണ്ടായിരുന്നില്ല. ഇത് നീക്കം ചെയ്തതാണോ എന്നും വ്യക്തമല്ല. എൻ.പി.ആർ പുതുക്കുമ്പോൾ ആരുടെയും ബയോമെട്രിക് രേഖകൾ സെൻസസിന് നൽകേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞത്. യാതൊരു വിധ രേഖകളും നൽകേണ്ട ആവശ്യമില്ലാത്ത കണക്കെടുപ്പാണിത്. ഓരോ വ്യക്തിയും സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഇതിനായി പ്രത്യേക ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പൗരന്മാർക്ക് താൽപര്യമുണ്ടെങ്കിൽ രേഖകളായി നൽകാമെന്നും ജാവദേക്കർ പറഞ്ഞു.
അതുപോലെ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതും വിവാദ ദേശീയ പൗരത്വ രജിസ്‌ട്രേഷനുമായി ഒരു ബന്ധവും ഇല്ലെന്നാണ് കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞത്. തൊട്ടു പിന്നാലെ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അമിത് ഷായും ഇക്കാര്യം ആവർത്തിച്ചു. എൻ.പി.ആർ വഴി ശേഖരിക്കുന്ന ഒരു വിവരവും എൻ.ആർ.സിക്ക് ഉപയോഗിക്കില്ല. ഇതു രണ്ടും രണ്ടു പ്രക്രിയ ആണെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ എൻ.പി.ആറിന് രേഖകൾ വേണ്ട. എൻ.ആർ.സിക്കാണ് രേഖകൾ ഹാജരാക്കേണ്ടി വരികയെന്നും അക്കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. എൻ.പി.ആറിന് വേണ്ടി ശേഖരിക്കുന്ന ഒരു വിവരവും എൻ.ആർ.സിക്ക് ഉപയോഗിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
എൻ.ആർ.സി രാജ്യവ്യാപകമായി നടത്തുമെന്ന് നേരത്തെ പാർലമെന്റിൽ രേഖാമൂലം അറിയിക്കുകയും പുറത്ത് പല തവണ പ്രസംഗിക്കുകയും ചെയ്ത അമിത് ഷാ ഇന്നലെ പറഞ്ഞത് ഇതേക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞതാണ് ശരിയെന്നും അമിത് ഷാ പറഞ്ഞു. എൻ.ആർ.സിയെക്കുറിച്ചു ആലോചിച്ചിട്ടു പോലുമില്ല, കാബിനറ്റിലോ പാർലമെന്റിലോ ചർച്ച ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി പ്രകടന പത്രികയിൽ പറഞ്ഞ ദേശീയ പൗരത്വ രജിസ്‌ട്രേഷൻ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ നവംബർ 20 നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. രാജ്യസഭാംഗം സ്വപൻദാസ് ഗുപ്തയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്ലിൻമേൽ ലോക്‌സഭയിൽ ഡിസംബർ പത്തിനു പ്രസംഗിച്ചപ്പോഴും എൻ.ആർ.സി ഉടൻ നടപ്പാക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി രാജ്യത്ത് ഒരു ഡിറ്റൻഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ടെന്ന് അമിത് ഷാ സമ്മതിച്ചു. അത് അസമിൽ വർഷങ്ങളായി പ്രവർത്തിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു. തങ്ങൾ അധികാരത്തിൽ എത്തിയ ശേഷം ഒന്നും പുതിയതായി തുടങ്ങിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ വാദം. കർണാടകയിൽ ഡിറ്റൻഷൻ സെന്റർ ഉണ്ടല്ലോ എന്ന ചോദ്യത്തിന് അക്കാര്യം തനിക്ക് വ്യക്തമായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാതൃകാ ഡിറ്റൻഷൻ സെന്റർ മാനുവൽ അയച്ചത്. അമിത് ഷായുടെ തന്നെ രണ്ട് സഹമന്ത്രിമാരായ ജി. കിഷൻ റെഡ്ഢിയും നിത്യാനന്ദ റായിയുമാണ് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ അസമിൽ രണ്ടു ഡിറ്റൻഷൻ സെന്ററുകൾ ഉണ്ടെന്ന് പറഞ്ഞത്.
എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അമിത് ഷാ ആവർത്തിച്ച് വ്യക്തമാക്കുന്നു. എൻ.പി.ആർ നിർത്തിവെച്ച തീരുമാനം കേരളവും ബംഗാളും പുനഃപരിശോധിക്കണം. ഇരു സംസ്ഥാനങ്ങളിലെയും ദരിദ്ര ജനവിഭാഗങ്ങളെ രാഷ്ട്രീയത്തിന് വേണ്ടി വികസന പ്രവർത്തനങ്ങളിൽനിന്ന് അകറ്റി നിർത്തരുതെന്ന് ഇരു മുഖ്യമന്ത്രിമാരോടും വിനയപൂർവം അഭ്യർഥിക്കുന്നതായും അമിത് ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പൗരത്വം നൽകുന്നതിനുള്ള ബില്ലാണ്. ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തു തരം രാഷ്ട്രീയമാണുള്ളതെന്ന് അറിയില്ലെന്നും അമിത് ഷാ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും ആഭ്യന്തര മന്ത്രി അഭിമുഖത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ബംഗാളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഒഴികെ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
എൻ.ആർ.സിയുടെ ആദ്യ പടിയായാണ് എൻ.പി.ആർ പുതുക്കുന്നതെന്ന് കേന്ദ്ര സർക്കാർ തന്നെ കഴിഞ്ഞ ജൂലൈയിൽ രണ്ടു തവണ പാർലമെന്റിൽ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ജനസംഖ്യാ രജിസ്‌ട്രേഷന് ഒരു തരത്തിലുള്ള രേഖകളും കാണിക്കേണ്ടെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിന്റെ രണ്ടാം ഘട്ടമായ എൻ.ആർ.സിയിലേക്ക് കടക്കുമ്പോൾ പൗരത്വം തെളിയിക്കുന്നതിന് വിവിധ രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടി വരും. അതുപോലെ തന്നെ എന്താണോ 2010 ൽ യു.പി.എ സർക്കാർ ചെയ്തത് അതു മാത്രമാണ് ഇത്തവണയും നടക്കുകയെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ യു.പി.എ സർക്കാർ എൻ.ആർ.പിക്കു പിന്നാലെ രണ്ടാം ഘട്ടമായി എൻ.ആർ.സി എന്നൊരു ആശയം പോലും മുന്നോട്ടു വെച്ചിരുന്നില്ല. പൗരത്വ രജിസ്‌ട്രേഷനെ എതിർക്കുന്നതുകൊണ്ടാണ് കേരളവും പശ്ചിമ ബംഗാളും എൻ.പി.ആർ നടപടികൾ നിർത്തിവെച്ചത്.






