Sorry, you need to enable JavaScript to visit this website.

സംഘ്പരിവാർ ഭയപ്പെടുന്ന വീക്ഷണ വൈജാത്യങ്ങളെ  സി.പി.എമ്മും ഭയക്കുന്നു -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം - മത ചിഹ്നങ്ങളുപയോഗിച്ച്, പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങൾ പാടില്ലെന്നും ഈ വിഷയത്തിൽ ആശയ വ്യക്തതയോടെ നിലപാടെടുത്ത ചിലരെ മാത്രം യോജിച്ച പ്രക്ഷോഭങ്ങളിൽ നിന്ന് മാറ്റി നിർത്തണമെന്നുമുള്ള കേരള സി.പി.എം നിലപാട് അപക്വവും സംഘ്പരിവാറിനെതിരായ കൂട്ടായ സമരങ്ങളെ ദുർബലപ്പെടുത്തുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. 


പൗരത്വ ഭേദഗതി ബില്ലും എൻ.ആ.സിയും വ്യക്തമായി മുസ്‌ലിംകൾക്കെതിരാണ്. മതം തിരിച്ച് തന്നെയാണ് കേന്ദ്ര സർക്കാർ മുസ്‌ലിംകളുടെ പൗരത്വത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവത്തെ തകർക്കുന്ന സമീപനമാണ് ഇത്. എന്നിരിക്കേ തന്നെ നേർക്കു നേർ ബാധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതൽ ശക്തമായ എതിർപ്പ് വരിക സ്വാഭാവികമാണ്. ആ വിഭാഗത്തിന്റെ ഐഡന്റിറ്റി തന്നെയാണല്ലോ പ്രശ്‌നം. ആ വേദനയോടൊപ്പം നിൽക്കുക എന്നതാണ് മതേതര പൊതുസമൂഹം ചെയ്യേണ്ടത്.
ഐഡന്റിറ്റിയുടെ പേരിൽ പൗരത്വം ഇല്ലായ്മ ചെയ്യപ്പെടുന്ന ജനവിഭാഗത്തോട് നിങ്ങളുടെ ഐഡന്റിറ്റി ഉപേക്ഷിച്ച് ഞങ്ങളുടെ പിന്നിൽ നിൽക്കണം എന്ന് പറയുന്ന സി.പി.എം കേരള ഘടകം യഥാർഥത്തിൽ സംഘ്പരിവാർ വാദത്തെ തന്നെയാണ് പരോക്ഷമായി അംഗീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 


സി.പി.എം ദേശീയ നേതൃത്വത്തിന് ഇങ്ങനെ ഒരു നിലപാടില്ല എന്നാണ് ദൽഹിയിലടക്കം അവർ നടത്തുന്ന സമരങ്ങൾ കാണുമ്പോൾ ബോധ്യമാകുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ കഴിഞ്ഞാൽ പൗരത്വ ബിൽ സമരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പോലീസ് വേട്ട നടന്നത് കേരളത്തിലാണ് എന്നത് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
എല്ലാവരും അവരവരുടെ വ്യക്തിത്വവും വ്യതിരിക്തതയും പുലർത്തിക്കൊണ്ട് തന്നെ രാജ്യം നേരിടുന്ന വിപത്തിനെ ഒന്നിച്ച് നേരിടുകയാണ് വേണ്ടത്. സംഘ്പരിവാർ ഭയപ്പെടുന്നത് വീക്ഷണ വൈജാത്യങ്ങളെയാണ്. സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന ഏകശിലാ ദേശീയതയെ ചെറുക്കാൻ വൈവിധ്യങ്ങളുടെ സംഗമത്തിനാണ് കഴിയുക. തങ്ങളുടെ ധാർഷ്ട്യവും അപ്രമാദിത്തവും പ്രകടിപ്പിക്കാനും എതിരഭിപ്രായങ്ങളോട് അസഹിഷ്ണുത പുലർത്താനുമല്ല ഈ അവസരം വിനിയോഗിക്കേണ്ടത്. പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള യോജിച്ച പോരാട്ടങ്ങളാണ് കാലഘട്ടത്തിന്റെ അടിയന്തരാവശ്യം -ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 

 

Latest News