Sorry, you need to enable JavaScript to visit this website.

സംയുക്ത പ്രക്ഷോഭം: എൽ.ഡി.എഫ്-യു.ഡി.എഫ് വിവാദം അടഞ്ഞ അധ്യായമെന്ന് ചെന്നിത്തല 

തിരുവനന്തപുരം - പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫ്-യു.ഡി.എഫ് സംയുക്ത പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾക്കായി സംസ്ഥാന സർക്കാർ വിളിച്ചു ചേർക്കുന്ന സർവകക്ഷി യോഗത്തിൽ പാർട്ടി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


സംയുക്ത പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ  അടഞ്ഞ അധ്യായമാണ്. മനുഷ്യച്ചങ്ങല അവരുടെ പരിപാടിയാണ.് അതിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് തങ്ങളെ കൊച്ചാക്കരുത്. മുല്ലപ്പള്ളിയെ ഒരു ഭാഗത്തും ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും മറ്റൊരു ഭാഗത്തും  സ്ഥാപിച്ചുകൊണ്ട്  സി.പി.എം നടത്തിയ പ്രസ്താവന ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞിട്ടാണ് സംയുക്ത പ്രക്ഷോഭം നടന്നത്. ഭാവി പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഈ മാസം 31 ന് യു.ഡി.എഫ് വീണ്ടും യോഗം ചേരും. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ചില കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. പ്രക്ഷോഭം സംബന്ധിച്ച് കോൺഗ്രസിലോ യു.ഡി.എഫിലോ അഭിപ്രായ വ്യത്യാസമില്ല. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കുന്നതായി സർക്കാർ അറിയിച്ചു. 29 ന് യോഗം വിളിക്കാൻ പ്രതിപക്ഷം നിർദേശിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയിൽ ഗവർണർ സ്വീകരിച്ച നിലപാട് അപലപനീയമാണ്. ഇരിക്കുന്ന സ്ഥാനം മറക്കാതെ ഗവർണർ പ്രവർത്തിക്കണം. ഗവർണർക്കെതിരെ എന്തുകൊണ്ട് സർക്കാറും സി.പി.എമ്മും വരുന്നില്ലെന്നത് അതിശയകരമാണ്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ചർച്ചക്ക് തയാറാണെന്ന് ഗവർണർ പറഞ്ഞു.  ഗവർണറോട് എന്ത് ചർച്ച ചെയ്യാനാണ്. നരേന്ദ്ര മോഡിയോട് വേണമെങ്കിൽ ചർച്ചയാവാം.


പ്രക്ഷോഭം നടത്തുന്ന പ്രവർത്തകരെ സംസ്ഥാന സർക്കാർ കരുതൽ തടങ്കലിൽ വെക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സർക്കാർ മോഡിയുടെ പാത പിന്തുടരുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യത്ത് സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന പ്രസ്താവന കുമ്മനം പിൻവലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ കേരളം ഒറ്റക്കെട്ടായി മുന്നേറുകയാണ്.  ബി.ജെ.പി ഒഴികെ മതേതര വിശ്വാസികളെല്ലാം സമര രംഗത്തുണ്ട്. രാജ്യത്ത് ബി.ജെ.പി വിരുദ്ധ വികാരം ശക്തിപ്പെടുന്നുവെന്ന് വ്യക്തമാണ്. ഝാർഖണ്ഡിലെ ഫലം ഇതിനുള്ള തെളിവാണ്. തടങ്കൽ പാളയങ്ങളെ  സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന കള്ളമാണ്. തടങ്കൽ പാളയങ്ങൾ തുറക്കുമെന്ന് കേന്ദ്ര സർക്കാർ തന്നെ പാർലമെന്റിൽ വ്യക്തമാക്കിയതാണ്. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങൾ തുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest News