ജോർജിയയിലെ തിബ്‌ലിസോബ ഉത്സവം

ജോർജിയയുടെ തലസ്ഥാനമായ തിബ്‌ലിസിയുടെ വൈവിധ്യത്തിനും ചരിത്രത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന വാർഷിക  ഉത്സവമാണ് തിബ്‌ലിസോബ. എല്ലാ വർഷവും  ഒക്ടോബർ മാസത്തിലാണ് ഇത് നടക്കാറുള്ളത്. നമ്മുടെ നാട്ടിലെ ഓണാഘോഷം പോലെ വളരെ ജനകീയമായ ആഘോഷമാണത്.  ഞങ്ങൾ ചെന്നപ്പോഴേക്കും ആഘോഷ പരിപാടികൾ അവസാനിച്ചിരുന്നുവെങ്കിലും ജോർജിയൻ ടൂർസ് മേധാവി തിരുവനന്തപുരം സ്വദേശി പ്രേം ആഘോഷത്തെക്കുറിച്ച് വിശദമായി വിവരിച്ചു.   1979 ലാണേ്രത ഇത് ആദ്യമായി നടന്നത്. അതിനു ശേഷം ഇത് ഒരു സ്ഥാപിത പാരമ്പര്യമായി മാറി. പരമ്പരാഗത സംഗീതത്തിന്റെയും ഓപൺ എയർ നൃത്തത്തിന്റെയും വിവിധ സാംസ്‌കാരിക പരിപാടികളുടെയും സംഗീതക്കച്ചേരികളുമായി  ജോർജിയയുടെ തലസ്ഥാനമായ തിബ്‌ലിസിയിലുടനീളം നാല് വ്യത്യസ്ത സ്ഥലങ്ങളിൽ മേള നടക്കും: റൈക്ക് പാർക്ക്, ലെഗ്വതാഹ്വി, മെറ്റെക്കി ബ്രിഡ്ജ്, ഒർബെലിയാനി സ്‌ക്വയർ.
ഒക്ടോബറിൽ ആഘോഷിക്കുന്ന വാർഷിക പൊതു അവധി ദിനമാണ് തിബ്‌ലിസോബ. രണ്ട് ദിവസത്തിനുള്ളിൽ നഗരം വിവിധ സാംസ്‌കാരിക, കായിക പരിപാടികൾ ആതിഥേയത്വം വഹിക്കുന്നു. തിബ്‌ലിസിയുടെ കേന്ദ്ര തെരുവുകളിൽ അവധിക്കാലം ആഘോഷിക്കുന്ന ആളുകൾ നിറയുന്നതോടടെ നാടും നഗരവും ഉൽസവ ലഹരിയിൽ ആറാടും. 
  ജോർജിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രതീകമായ ലിബർട്ടി സ്‌ക്വയറിന്റെ മുഖ്യ ആകർഷണം 40 മീറ്റർ ഉയരമുള്ള സെന്റ്് ജോർജിന്റെ സുവർണ പ്രതിമയാണ്. ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമൊക്കെ ഉയർത്തിപ്പിടിക്കുന്ന ലിബർട്ടി സ്‌ക്വയറിൽ വൈകുന്നേരങ്ങളിലാണ്  കൂടുതൽ സന്ദർശകരെത്താറുള്ളത്.  
ജോർജിയയിലുടനീളം ട്രെയിൻ സർവീസുകളുണ്ടെങ്കിലും തിബ്‌ലിസി നഗരത്തിൽ മാത്രമാണ് മെട്രോ സേവനമുള്ളത്. ഇരുന്നൂറ് മീറ്ററോളം താഴ്ചയിൽ പൂർണമായും ഭൂമിക്കടിയിലൂടെയാണ് മെട്രോ സർവീസ് നടത്തുന്നത്. മെട്രോ സ്‌റ്റേഷനുകളിലേക്ക് കയറാനും ഇറങ്ങാനുമുളള കുത്തനെയുള്ള എസ്‌കലേറ്ററുകൾ തന്നെ പലരെയും അമ്പരിപ്പിക്കും. 1966 മുതൽ തന്നെ ഈ സേവനം ഭംഗിയായി നടക്കുന്നുവെന്നറിയുക. 
ടാക്‌സിയിലായാലും മെട്രോയിലായാലും ഗതാഗത നിരക്കുകൾ വളരെ തുഛമാണെന്നത് ഏത് യാത്രക്കാരനെയും അദ്ഭുതപ്പെടുത്തും. പെട്രോൾ, ഡീസൽ നിരക്കുകൾ ഗൾഫിലേതിലും വളരെ കൂടുതലാണെങ്കിലും ടാക്‌സി ചാർജുകൾ ഗൾഫിലേതിന്റെ പകുതി പോലും വരില്ല. വിവിധ കമ്പനികളുടെ കാറുകൾ ഓൺലൈനിൽ ബുക്ക് ചെയ്യുവാൻ സൗകര്യമുള്ളതിനാൽ വഞ്ചിക്കപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്. 
നഗരത്തിന്റെ എല്ലാ ഊടുവഴികളിലൂടെയും പബ്ലിക് ബസ് സർവീസുണ്ട്. ഓരോ പ്രദേശത്തിനും പ്രത്യേക നമ്പറുകളാണ്. നമ്പർ നോക്കി വേണം ബസിൽ യാത്ര ചെയ്യാൻ. നമ്മുടെ നാട്ടിലെ മിനിവാൻ പോലുള്ള വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
 

Latest News