ജോർജിയയുടെ തലസ്ഥാനമായ തിബ്‌ലിസിയുടെ പ്രധാനപ്പെട്ട ഒരു ആകർഷണം 'സമാധാനത്തിന്റെ പാലം' (ബ്രിഡ്ജ് ഓഫ് പീസ്) എന്നറിയപ്പെടുന്ന ഒരു പാലമാണ്. നഗരമധ്യത്തിൽ കുറ നദിക്ക് കുറുകെ സ്റ്റീലും ഗ്ലാസും ഉപയോഗിച്ചുകൊണ്ട് മനോഹരമായ സ്‌റ്റൈലിൽ ഉണ്ടാക്കിയ നടപ്പാതയാണ് സമാധാനത്തിന്റെ ഈ പാലം. 2010 ലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പഴയ തിബ്‌ലീസിയെയും പുതിയ തിബ്‌ലീസിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 150 മീറ്ററോളം നീളമുള്ള നടപ്പാതയാണിത്. യുദ്ധത്തിനും അക്രമത്തിനും എതിരെയുള്ള ജോർജിയക്കാരുടെ ഒരു പ്രതിഷേധം കൂടിയാണത്രേ ഈ സമാധാന പാത. പതിനായിരത്തിലധികം എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിച്ച ഈ മനോഹരമായ പാലത്തിന്റെ ഒരു വശത്ത് മെറ്റകി ചർച്ച്, സിറ്റി സ്ഥാപകനായ വക്താംഗ് ഗോർഗസാലിയുടെ പ്രതിമ, നരികാല കോട്ട എന്നിവയും മറുവശത്ത് പ്രസിഡന്റിന്റെ ഓഫീസുമാണ്.
സൂര്യാസ്തമയത്തിന് ഒന്നര മണിക്കൂർ മുമ്പായി നിത്യവും ഈ പാലത്തിലെ ബൾബുകൾ ഓൺ ചെയ്യാറുണ്ട്. രാത്രി പല നിറങ്ങളുള്ള ലൈറ്റിൽ ഈ പാലം കൂടുതൽ മനോഹരമാണ്. സന്ധ്യക്ക് വർണാഭമായ എൻ.ഇ.ഡി ബൾബിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പാലം അണിഞ്ഞൊരുങ്ങി നിൽക്കുന്ന മണവാട്ടിയെ പോലെയാണ് സന്ദർശകർക്ക് തോന്നുക.
പ്രശസ്ത ഇറ്റാലിയൻ കരകൗശല വിദഗ്ധനായ മിഷൽ ഡി ലൂച്ചിയാണ് ഈ പാലം രൂപകൽപന ചെയ്തതെന്ന് ഗൈഡ് മായ വിശദീകരിച്ചു. 200 കഷ്ണങ്ങളായി ഇറ്റലിയിൽ നിന്നും കൊണ്ടുവന്ന് തിബ്‌ലിസിയിൽ വെച്ച് സംയോജിപ്പിച്ചാണേത്ര പാലം നിർമിച്ചത്.
പാലത്തോട് ചേർന്നാണ് യൂറോപ്യൻ സ്‌ക്വയർ. യൂറോപ്യൻ യൂനിയനിൽ ചേരാനുള്ള രാജ്യത്തിന്റെ ആഗ്രഹമാണ് യൂറോപ്യൻ സ്‌ക്വയർ അടയാളപ്പെടുത്തുന്നത്. വിശേഷാവസരങ്ങളിൽ ജനങ്ങൾ സമ്മേളിക്കുന്ന ഒരു പാർക്കും അനുബന്ധ സംവിധാനങ്ങളുമാണ് ഇവിടെയുള്ളത്. വൈകുന്നേരങ്ങളിൽ ജനങ്ങൾ തിങ്ങിക്കൂടുന്ന ഇവിടെ പാട്ടും കൂത്തുമായി ആളുകൾ ആർത്തുല്ലസിക്കാറുണ്ടെന്ന് ഗൈഡ് വിശദീകരിച്ചു.
തിബിലിസി സിറ്റി ടൂർ വളരെ ഹൃദ്യമായി തോന്നി. നിത്യ കന്യകയെ പോലെയുള്ള നഗരം. ഗൈഡ് മായ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നു. അവർ സംസാരിച്ചു തുടങ്ങിയാൽ നിർത്തില്ല. ഞങ്ങൾ മായയിലേക്ക് കാതോർക്കാൻ തുടങ്ങിയതോടെ അവരുടെ ആവേശം കൂടി.

കൂറ നദിക്ക് സമീപത്തുനിന്നും തൊട്ടടുത്ത കുന്നിലേക്ക് കേബിൾ കാർ സർവീസുണ്ട്. 5 ലാറിയാണ് ഒരാൾക്ക് ചാർജ്. തിബ്‌ലിസി നഗരത്തിന്റെ ഒരു വിഗഹ വീക്ഷണം കാബിൾ കാറിൽ നിന്നും നടത്താം.
കുന്നിനു മുകളിൽ കാബിൾ കാർ വഴി അല്ലാതെയും എത്താൻ നടപ്പാതയുണ്ട്. കാർ മാർഗവും അവിടേക്ക് എത്താം. പക്ഷേ ആകാശക്കാഴ്ച കണ്ടുള്ള കാബിൾ കാർ സഞ്ചാരമാകും നല്ലത്. ഈ കുന്നിനു മുകളിൽ മൂന്ന് ആകർഷണങ്ങളാണ് ഉള്ളത്. മദർ ഓഫ് ജോർജിയ. 20 മീറ്റർ ഉയരമുള്ള ഒരു സ്ത്രീയുടെ പ്രതിമയാണിത്. ഒരു കൈയിൽ സൗഹൃദത്തിന്റെ പ്രതീകമായ വൈൻ പാത്രവും മറുകൈയിൽ ശത്രുക്കൾക്കായി കരുതിയ വാളും ഏന്തിയ ജോർജിയൻ വനിത. ഈ കുന്നിന്റെ ഏറ്റവും ഉയരമേറിയ ഭാഗത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും തിബ്‌ലിസിയുടെ കാഴ്ച അതിമനോഹരമാണ്. ഈ പ്രതിമയുടെ മുൻഭാഗത്ത് നിൽക്കാൻ സ്ഥലമില്ല. ചെങ്കുത്തായ മലഞ്ചെരിവാണ്. അതുകൊണ്ട് അതിന്റെ മുന്നിൽ നിന്നും ഫോട്ടോ എടുക്കാൻ കഴിയില്ല. പ്രതിമയുടെ അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു ആകർഷണം നാലാം നൂറ്റാണ്ടിൽ പണി കഴിച്ച നരിക്കലാ കോട്ടയും അതിനുളളിൽ സ്ഥിതി ചെയ്യുന്ന പൗരാണികമായ സെന്റ് നിക്കോളാസ് ചർച്ചുമാണ്. തിബ്‌ലിസി നഗരത്തിന്റെ പ്രതിരോധത്തിന്റെ പുരാതന സ്മാരകമാണ് മദർ ഫോർട്ടസ് ഓഫ് തിബ്‌ലിസി എന്നറിയപ്പെടുന്ന നരിക്കാല കോട്ട. നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയതായി പറയപ്പെടുന്ന ഈ കോട്ട 1927 ലെ ഭൂമി കുലുക്കത്തിൽ ഭാഗികമായി തകർന്നു. 1996 ലാണ് ഈ കോട്ട പുനർനിർമിച്ചത്.
കുന്നിൽ നിന്നും താഴേക്ക് ഇറങ്ങിയാൽ എത്തിച്ചേരുക ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ്. ഏക്കറുകളോളം പരന്നു കിടക്കുന്നതാണ് ഉദ്യാനം. കൂടുതലും മരങ്ങളാണ്. അതിനിടയിലൂടെയുള്ള നടപ്പാതകളും. ഇതിന്റെയുള്ളിൽ ഒരു വെള്ളച്ചാട്ടവുമുണ്ട്. മുകളിൽ ഉള്ള കുന്നിൽ നിന്നും ഉദ്യാനത്തിന്റെ ഉള്ളിലേക്ക് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വലിച്ചു കെട്ടിയ കമ്പിയിൽ തൂങ്ങി പറക്കുവാൻ സിപ്പ് ലൈൻ ഉണ്ട്.
തിബ്‌ലിസിയിൽ സന്ദർശിക്കേണ്ട സവിശേഷമായ സ്ഥലമാണ് ടാറ്റ്‌സ് മിൻഡ പാർക്ക്. സമുദ്ര നിരപ്പിൽ നിന്നും 727 മീറ്റർ ഉയരത്തിലാണ് ഇരുപത് ഹെക്ടറുകളിലായി ഈ പാർക്ക് പരന്നുകിടക്കുന്നത്. ചെങ്കുത്തായ കയറ്റമായതിനാൽ പ്രത്യേക തരം ട്രെയിനിൽ ഫ്യൂനിക്കുലാർ സംവിധാനത്തിലൂടെയാണ് അവിടെയെത്താൻ കഴിയുക. ഒരു ട്രെയിൻ മുകളിലേക്കും മറ്റൊന്ന് താഴേക്കും വരുവാനുള്ള സൗകര്യം. വഴി മധ്യേ സൈഡ് കൊടുത്ത് ട്രെയിനുകൾ ശാന്തമായി ഉയരങ്ങൾ താണ്ടുന്നത് വിസ്മയകരമായ കാഴ്ചയാണ്. സ്വിറ്റ്‌സർലാന്റിലെ യുംഫ്രോയിലാണ് ഇത്തരത്തിലുള്ള ഏറ്റവും ഉയരം കൂടിയ സർവീസുള്ളത്. 1938 മുതൽ തന്നെ ഈ സംവിധാനം പ്രവർത്തന ക്ഷമമാണ്.
പുറത്തേക്ക് ഇറങ്ങിച്ചെല്ലുന്നത് പഴയ തിബ്‌ലിസിയിലേക്കാണ്. ശരിക്കും പഴയ കാലഘട്ടത്തിലേക്ക് ഒരു സമയ സഞ്ചാരം നടത്തിയ പ്രതീതി. മരം കൊണ്ടുള്ള വീടുകളും കല്ലു പാകിയ പാതകളും മനോഹരമായ കാഴ്ച തന്നെയായിരുന്നു.
പഴയ തിബ്‌ലിസിയിലെ പ്രധാന ആകർഷണം അവിടുത്തെ 'സൾഫർ ബാത്ത്' ആണ്. മത്ക്വരി നദിയുടെ ഒരു ഭാഗം ഇതു വഴി പോകുന്നുണ്ട്. അതിന്റെ കരയിൽ നിറയെ സൾഫർ കലർന്ന ഭൂഗർഭ നീരുറവകൾ ഉണ്ട്. ഇവയൊക്കെ പ്രത്യേക രീതിയിൽ ഡോം ആകൃതിയിൽ ഇഷ്ടിക കൊണ്ട് നിർമിച്ച കുളിമുറികളാക്കി മാറ്റിയിരിക്കുന്നു. ആളുകളുടെ എണ്ണമനുസരിച്ചാണ് കുളിമുറിയുടെ ചാർജ്. നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ ഈ സർവീസ് ലഭിക്കുകയുള്ളൂ. സൾഫർ ബാത്ത് വിവിധ തരം ചർമമ്മരോഗങ്ങൾക്ക് അത്യുത്തമമാണ്.
തണുപ്പ് കാലത്ത് ചൂട് വെളളത്തിലുള്ള കുളി സുഖകരമായിരിക്കും. ഇവിടങ്ങളിൽ മസാജ് സൗകര്യവുമുണ്ട്. നദിയുടെ കരയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. തടി കൊണ്ട് നദിയുടെ കരയിൽ തീർത്ത പാതയോരത്ത് മൂന്ന് പേർ അക്കോർഡിയനും ഡ്രമ്മും റിഥം പാടും ഉപയോഗിച്ച് സംഗീതം വായിക്കുന്നു. പലരും പാട്ട് കേട്ട് നാണയത്തുട്ടുകൾ ഇട്ടുകൊടുക്കുന്നു. വലിയ കഴിവുള്ള കലാകാരന്മാർ. കുറച്ചു നടക്കുമ്പോൾ ഒരു തടിപ്പാലം കാണാം. അതിന്റെ കമ്പി വരികൾ നിറയെ പാഡ് ലോക്കുകളാണ്. ലൗ ലോക് ബ്രിഡ്ജ് എന്നാണിതിന് പറയുന്നത്. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം പാലങ്ങൾ ഉണ്ട്. കമിതാക്കൾ തങ്ങളുടെ പേരെഴുതിയ പൂട്ടുകൾ ഇവിടെ പൂട്ടിയിടും. അതിന് ശേഷം താക്കോൽ നദിയിൽ വലിച്ചെറിയും. അവരുടെ പ്രേമത്തിന്റെ അടയാളമായി ആ പൂട്ട് അവിടെ കിടക്കും. ഞങ്ങൾ ചെന്നപ്പോൾ അവിടെ നവദമ്പതികളുടെ ഫോട്ടോ ഷൂട്ട് നടക്കുകയാണ്.
ഈ പാതയുടെ ഇരുവശവും ചെങ്കുത്തായ മലയാണ്. മുകളിലേക്ക് നോക്കിയാൽ തടിയും ഇരുമ്പും ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുന്ന കെട്ടിടങ്ങൾ കാണാം. ഇതുവഴി നടന്നാൽ ചെല്ലുന്നത് മറ്റൊരു വെള്ളച്ചാട്ടത്തിലേക്കാണ്. വളരെ ചെറിയ വെള്ളച്ചാട്ടം.
ഇവിടെ നിന്നും ഇറങ്ങി വരുമ്പോൾ തിബ്‌ലിസിയിലെ ഏക മുസ്‌ലിം പള്ളി കാണാം. ഓപൺ എയർ മ്യൂസിയം ഓഫ് എത്‌നോഗ്രഫിയിൽ ജോർജിയയുടെ ലഘു ചിത്രം വായിച്ചെടുക്കാം. മരത്തിന്റെ ആകൃതിയിൽ സംവിധാനിച്ച ജോർജിയൻ ചരിത്ര സംഗ്രഹം ഏറെ കൗതുകകരമമാണ്. (തുടരും)






