Sorry, you need to enable JavaScript to visit this website.

ലഖ്‌നൗ അക്രമങ്ങളിൽ പങ്ക് ആരോപിച്ച് രണ്ട് പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തു

ലഖ്‌നൗ- പൗരത്വനിയമത്തിനെതിരെ  ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ അക്രമങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് പോലീസ് ആരോപിച്ചു. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും പൊതുമുതലും ടിവി ചാനലുകളുടെ ഒബി വാനുകളും സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ടുകാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരുമാണ് അക്രമങ്ങൾക്ക് പിന്നിലെന്ന്  പോലീസ് പറഞ്ഞു. അറസ്റ്റിലായ നദീമും അഷ്ഫാഖും സോഷ്യൽ മീഡിയയിലൂടേയും ലഘുലേഖകളിലൂടേയും പോസ്റ്റ് കാർഡുകളിലൂടേയും പ്രചാരണം നടത്തി പ്രതിഷേധക്കാരെ ലഖ്‌നൗവിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ എം ഷൊയ്ബിനെ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് തിരയുന്നുണ്ട്.
അറസ്റ്റിലായവരുടെ വാട്‌സ്ആപ്പ് പരിശോധിച്ചുവെന്നും അതിൽനിന്നും അക്രമങ്ങൾക്ക് പ്രേരണ നൽകുന്ന സന്ദേശങ്ങൾ കണ്ടെത്തിയെന്ന് അവർ പറയുന്നു. എൻ ആർ സി, സി എ എ വിരുദ്ധ രേഖകളും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ളവർ ലഖ്‌നൗവിലേക്ക് എത്തുകയും അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തുവെന്ന് ജില്ലാ പോലീസ് തലവൻ കലാനിധി നൈതാനി പറഞ്ഞു. ഉത്തർപ്രദേശിലെ 13 ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലും സമീപ ജില്ലകളിലും ചുവടുറിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ സംഘടനയുടെ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നും പോലീസ് ആരോപിക്കുന്നു. 

എന്നാൽ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ട് നിഷേധിച്ചു. പൊലീസ് രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു. അറസ്റ്റിലായവർ തങ്ങളുടെ നേതാക്കൻമാരാണെന്ന് അവർ പറഞ്ഞു. തെറ്റായ കുറ്റം ചുമത്തുകയാണ് ചെയ്തതെന്ന് പ്രസ്താവന പറയുന്നു. ഗുവഹാത്തിയിൽ നടന്ന അക്രമങ്ങൾക്ക് പിന്നിലും പോപ്പുലർ ഫ്രണ്ടാണെന്ന് അസമിലെ ബിജെപി സർക്കാർ ആരോപിച്ചു. അക്രമങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടും കോൺഗ്രസിലെ ചില പ്രവർത്തകരുമാണെന്നതിന് തെളിവ് ലഭിച്ചുവെന്ന് അസം മന്ത്രിയായ ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു.
 

Latest News