ബംഗാൾ ഗവർണർക്ക് വീണ്ടും വിദ്യാർഥികളുടെ കരിങ്കൊടി

കൊൽക്കത്ത- പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ തുടർച്ചയായ രണ്ടാം ദിവസവും പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറെ കരിങ്കൊടി കാണിച്ച് തടഞ്ഞു. യാദവ്പുർ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് കരിങ്കൊടി കാണിച്ചത്. വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ എത്തിയത്. നിയമത്തെ അനുകൂലിച്ച് ഗവർണർ പ്രസ്താവന നടത്തിയിരുന്നു. കൂടാതെ സർവകലാശാലയുടെ ബിരുദാനത്തിൽ ഗവർണർ ഇടപെട്ടതും വിദ്യാർത്ഥികളുടെ രോഷത്തിന് കാരണമായി.

എങ്ങനെ സർവകലാശാല ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ അനുവദിച്ചുവെന്നും നിയന്ത്രിക്കാതിരുന്നത് കണ്ട് താൻ ഞെട്ടുകയും അത്ഭുതപ്പെടുകയും ചെയ്തുവെന്ന് ധൻകർ പറഞ്ഞു. സംവിധാനം പൂർണമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനും പ്രശസ്തർക്ക് ഓണററി ബിരുദം സമ്മാനിക്കുന്നതിനുമാണ് യാദവ്പുർ സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ ക്ഷണിച്ചത്. സാധാരണ വാർഷിക ബിരുദദാന ചടങ്ങിൽ ഗവർണർ പങ്കെടുക്കുമെങ്കിലും സംസാരിക്കാനോ ബിരുദദാനം ചെയ്യാനോ അവസരമില്ല. വൈസ് ചാൻസലർക്കാണ് അതിന് അവസരമുള്ളത്.
തിങ്കളാഴ്ച അദ്ദേഹം സർവകലാശാലയിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും കരിങ്കൊടി വീശിയിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം വിദ്യാർത്ഥികളിൽ നിന്നും രക്ഷപ്പെട്ട് കെട്ടിടത്തിലേക്ക് കയറിയത്. ഗവർണർ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറെടുത്തുവെങ്കിലും അവർ പൗരത്വ നിയമത്തെക്കുറിച്ചും ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് ആക്രമണവും ഉന്നയിച്ചതോടെ അറിവില്ലായ്മ നടിച്ച് മറുപടി പറയാതെ ഗവര്‍ണര്‍ മടങ്ങി.

Latest News