Sorry, you need to enable JavaScript to visit this website.

പ്രതിഷേധത്തിൽ പങ്കെടുത്തതിന് വിദേശവിദ്യാർത്ഥിയെ ചെന്നൈയിൽനിന്ന് തിരിച്ചയച്ചു, നാണക്കേടെന്ന് തരൂർ

ചെന്നൈ- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജർമ്മൻ വിദ്യാർഥിയെ ചെന്നൈയിൽനിന്ന് തിരിച്ചയച്ചു. മദ്രാസ് ഐ.ഐ.ടി വിദ്യാർഥി ജേക്കബ് ലിൻഡെന്റാലിനെയാണ് ഒരു സെമസ്റ്റർ ബാക്കി നിൽക്കെ തിരിച്ചയച്ചത്. ഇന്ത്യയിലെ തീവ്രവാദികളെ ഭയപ്പെട്ടാണ് രാജ്യം വിടുന്നതെന്നും വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു.  
ചെന്നൈ എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജർമൻ വിദ്യാർത്ഥി ജേക്കബ് ലിൻഡൻ  രാജ്യം വിട്ടു പോകാനുള്ള കാരണങ്ങൾ വിശദമാക്കിയത്.

ചെന്നൈയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന നിരവധി പ്രതിഷേധങ്ങളിൽ 24-കാരനായ ജേക്കബ് ലിൻലാൻ പങ്കെടുത്തിരുന്നു. 
1933 ടു 1945 നമ്മൾ അവിടെ തന്നെയാണോ? എന്ന നാസി ഭരണകാലത്തെ സൂചിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുമായിട്ടായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിനു ശേഷം ബംഗളൂരുവിൽ സ്‌പോർട്‌സ് ടൂർണമെന്റിനു പോയി തിരിച്ചു വന്ന ദിവസമാണ് തന്റെ കോഴ്‌സ് അധ്യാപകൻ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ കാണാൻ ആവശ്യപ്പെട്ടത്.തുടർന്ന് ചെന്നൈ ഫോറിൻ റീജിയണൽ രജിസ്റ്റാർ ഓഫീസിൽ എത്തിയപ്പോൾ മൂന്ന് ഉദ്യോഗസ്ഥരാണ് തന്നോട് ചോദ്യങ്ങൾ ചോദിച്ചത്.എമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്റെ രാഷ്ട്രീയത്തെ പറ്റിയും മറ്റു ചോദ്യം ചോദിച്ചു. ഒരു സൗഹൃദസംഭാഷണം പോലയായിരുന്നു അത്. എന്നാൽ സംഭാഷണത്തിന്റെ അവസാനം തന്നോട് ഉടൻ രാജ്യം വിടാനാണ് അവർ ആവശ്യപ്പെട്ടത്. താൻ ഇത് സംബന്ധിച്ച് ഔദ്യോഗിക ലെറ്റർ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.തുടർന്ന് ഐ.ഐ.ടി അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ക്രിസ്മസ് അടുത്ത ദിവസമായതിനാൽ താൻ നേരത്തെ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്ന് ജേക്കബ് പറഞ്ഞു. ചോദ്യംചെയ്യലിൽ തന്റെ രാഷട്രീയ നിലപാടിനെ പറ്റി ചോദിച്ചു, എന്താണ് നടക്കുന്നതെന്നറിയാതെയാണ് പ്രതിഷേധിച്ചതെന്ന് അവർ പറഞ്ഞപ്പോൾ അടിസ്ഥാനപരമായ മനുഷ്യത്വം മൂലമാണ് പ്രതിഷേധിച്ചത് എന്നാണ് മറുപടി പറഞ്ഞത്. 

എനിക്ക് ഐ.ഐ.ടി മദ്രാസ് ക്യാമ്പസ് ഇഷ്ടമാണ്. ഇന്ത്യയെ ഇഷ്ടമാണ്, പക്ഷെ രാജ്യത്തെ എക്‌സ്ട്രീമിസ്റ്റുകളെ ഞാൻ ഭയക്കുന്നു. ജർമനിയിൽ നിയമാനുസൃതമായി ഒരു പ്രതിഷേധത്തിൽ പങ്കെടുത്തതിൻരെ പേരിൽ ആരെയും നാടു കടത്തില്ലെന്നും വിദ്യാർഥി പറഞ്ഞു. ട്രിപ്‌സൺ സർവ്വകലാശാലയിൽ നിന്നും ഫിസിക്‌സ് പഠനത്തിനെത്തിയതാണ് ജേക്കബ് ലിൻഡൻ. ജർമനിയിലെ ഡ്രസ്ഡൻ സ്വദേശിയാണ് ജേക്കബ്. 

വിദ്യാർത്ഥിയെ തിരിച്ചയച്ച നടപടി നാണക്കേടുണ്ടാക്കുന്നതാണെന്ന് മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥികൾ വ്യക്തമാക്കി. ഐ.ഐ.ടിയാണോ കേന്ദ്ര സർക്കാരാണോ വിദ്യാർഥിക്കെതിരെ നടപടി എടുത്തത് എന്ന കാര്യം വ്യക്തമല്ല.വിദ്യാർഥിയെ തിരിച്ചയച്ചതിനെ കോൺഗ്രസ് നേതാവ് ശശി തരൂരും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അഭിപ്രായപ്രകടനം നടത്തിയതിന് ഒരു ജനാധിപത്യവും ഒരാളെയും ശിക്ഷിക്കില്ലെന്നും നടപടി പിൻവലിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന നടപടി പിൻവലിക്കണമെന്നും വിദ്യാർഥിയെ തിരിച്ചുവിളിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
 

Latest News