റാഞ്ചി - ഝാർഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പിൽ തോറ്റതോടെ രാജ്യത്ത് ബി.ജെ.പി ഭരണത്തിലുള്ള പ്രദേശത്തിന്റെ വലിപ്പം മൂന്നിലൊന്നായി കുറഞ്ഞു. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആണെന്നതിനാൽ രാജ്യത്തിന്റെ നിയന്ത്രണം അവർക്കുതന്നെയാണെങ്കിൽ സംസ്ഥാന ഭരണം കണക്കിലെടുക്കുമ്പോൾ രാജ്യത്തിന്റെ 34.7 ശതമാനം സ്ഥലത്തുമാത്രമേ ബി.ജെ.പിക്ക് മേൽക്കോയ്മയുള്ളു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കിൽ ഈ സംസ്ഥാനങ്ങളിലെല്ലാം കൂടിയുള്ളത് ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ 42.5 ശതമാനം മാത്രവും.
2017ൽ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നത് ഇന്ത്യൻ ജനസംഖ്യയിൽ 71 ശതമാനമായിരുന്നു. അന്ന് രാജ്യത്തിന്റെ ഭൂപ്രദേശത്തിൽ 76 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. ഹിന്ദി മേഖല പൂർണമായും ബി.ജെ.പിയായിരുന്നു അന്ന് ഭരിച്ചിരുന്നത്. വിവാദമായ പൗരത്വ നിയമ ഭേദഗതിയുമായും ദേശീയ പൗരത്വ രജിസ്റ്ററുമായും മുന്നോട്ടു പോകുമ്പോൾ തങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായെങ്കിലും അതിനുമുമ്പും ശേഷവും നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് നഷ്ടങ്ങളായിരുന്നു കൂടുതലും.
കഴിഞ്ഞ വർഷം പരമ്പരാഗത ശക്തികേന്ദ്രങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയോടെയാണ് ബി.ജെ.പിയുടെ ഗ്രാഫ് താഴേക്ക് വന്നുതുടങ്ങിയത്. അതിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാലാകോട്ട് ആക്രമണം ഉയർത്തിയ ദേശീയ വികാരം പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കാൻ സഹായകമായി. എന്നാൽ പിന്നീട് അസംബ്ലികളിലേക്ക് വന്നപ്പോൾ അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. പ്രതിപക്ഷം ദുർബലമായിട്ടും ഹരിയാനയിൽ വിജയിക്കാനായില്ല. ജെ.ജെ.പിയുടെ സഹായത്തോടെയാണ് സർക്കാരിന് രൂപം നൽകിയത്. വൻ വിജയം പ്രതീക്ഷിച്ചിരുന്ന മഹാരാഷ്ട്ര കൈവിടുകയും ചെയ്തു. പരമ്പരാഗത സഖ്യകക്ഷിയായ ശിവസേന എൻ.ഡി.എ വിട്ട് മറുപാളയത്തിലെത്തുന്നതും കണ്ടു. ഇപ്പോഴിതാ ശക്തമായ എതിർചേരി ഉണ്ടായിരുന്ന ഝാർഖണ്ഡിൽ വൻ തോൽവി നേരിടേണ്ടിയും വന്നു.
കേവല തോൽവിയെന്നതിലപ്പുറം കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് ഝാർഖണ്ഡിൽ നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി രഘുബർ ദാസ് പോലും തോറ്റു. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി ഝാർഖണ്ഡിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ബി.ജെ.പിക്ക് ഇത്തവണ അതും നഷ്ടമായി. ഝാർഖണ്ഡ് മുക്തി മോർച്ചയാണ് ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷി.
സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ ജനപിന്തുണ വൻതോതിൽ ഇടിഞ്ഞതും കണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ 55 ശതമാനവും, ഹരിയാനയിൽ 58 ശതമാനവും വോട്ടുകൾ നേടാൻ ബി.ജെ.പിക്കായിരുന്നു. എന്നാൽ അസംബ്ലി തെരഞ്ഞെടുപ്പായപ്പോഴേക്കും അത് 33ഉം 36ഉമായി കുറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വഴിതുറന്നുകൊണ്ടുള്ള സുപ്രീം കോടതി വിധിയും, അതിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രഖ്യാപനവും ഝാർഖണ്ഡിൽ ഗുണം ചെയ്യുമെന്ന് അവർ കരുതിയിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചാണ്.
ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കൽ, ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന മുസ്‌ലിം പുരുഷനെ ക്രിമിനൽ കുറ്റം ചുമത്തി മൂന്ന് വർഷം ജയിലിലടക്കാവുന്ന നിയമം പാസാക്കൽ, ഏറ്റവുമൊടുവിൽ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിങ്ങനെ ദൂരവ്യാപക പ്രത്യാഘാതമുള്ള നടപടികൾ എന്നിവയിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്തെ ജനങ്ങൾ അതിന് കൂട്ടുനിൽക്കുന്നില്ല എന്ന വ്യക്തമായ സൂചന നൽകുന്നത്. രാജ്യത്ത് വ്യക്തമായ ഹിന്ദു ഏകീകരണമുണ്ടാക്കുകയും അതുവഴി വരും തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിക്കാൻ വഴിയൊരുക്കുകയും ചെയ്യുക എന്നതായിരുന്നു ഇത്തരം വിവാദ നടപടികളിലൂടെ ബി.ജെ.പി ലക്ഷ്യം വെച്ചത്. എന്നാൽ ജനങ്ങൾ ബി.ജെ.പിക്കൊപ്പമല്ല എന്ന് ഝാർഖണ്ഡ് അടക്കമുള്ള അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു.






