Sorry, you need to enable JavaScript to visit this website.

തൊഴിലാളികളുടെ സ്വര്‍ഗമായ ചെന്നൈയിലെ ചായക്കട; കമ്പനികളെ പോലും നാണിപ്പിക്കും ആനുകൂല്യങ്ങള്‍ 

ചെന്നൈ- എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്കു പോലും ഐടി രംഗത്ത് തുച്ഛമായ ശമ്പളത്തിന് തൊഴിലെടുക്കേണ്ടി വരുന്ന കാലമാണിത്. ഏതു നിമിഷവും ജോലി തെറിക്കാമെന്ന അവസ്ഥയും. കമ്പനിയില്‍ നിന്നും വല്ല ആനുകൂല്യങ്ങളും പ്രതീക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് ഒരു വകയുമില്ലാത്ത സാഹചര്യം. വന്‍കിട കമ്പനികളുടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ നഗരത്തിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളിയുടെ ചായക്കട തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്ത് വേറിട്ട മാതൃക തീര്‍ത്തിരിക്കുന്നു.

അഡയാറിലെ ഊടുവഴികളിലൊന്നില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റമുറി ചായക്കട. ചെന്നൈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഒറ്റമുറി ചായക്കടകളില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല മലയാളിയായ സുകുമാരന്‍ നടത്തുന്ന ഷിക്കാഗോ എന്ന പേരിലുള്ള ഈ ചായക്കടയ്ക്ക്. എന്നാല്‍ ഇവിടെ ജോലി ചെയ്യന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടും. മറ്റു പല കമ്പനികള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന മുടക്കമില്ലാതെ നല്‍കിക്കൊണ്ടിരിക്കുന്ന ഈ ആനുകൂല്യങ്ങളാണ് സുകുമാരന്‍ എന്ന സംരംഭകന്‍റെ കരുത്ത്.

ജോലിക്കാര്‍ക്കെല്ലാം മികച്ച ശമ്പളം. ആനുകൂല്യങ്ങളുടെ പട്ടികയാണ് അല്‍പം വ്യത്യസ്തം. എല്ലാ ജീവനക്കാര്‍ക്കും വര്‍ഷത്തില്‍ ഒരു തവണ വസ്ത്ര അലവന്‍സായി 2000 രൂപ. വര്‍ഷത്തില്‍ 300 ദിവസം ജോലി ചെയ്തവര്‍ക്ക് രണ്ടു ഗ്രാം സ്വര്‍ണ മോതിരം. എല്ലാ വര്‍ഷവും മേയ് ദിനത്തില്‍ ജീവനക്കാര്‍ക്കെല്ലാം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വിരുന്ന്. മികച്ച ശമ്പളത്തിനു പുറമെ സുകുമാരന്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതാണിതൊക്കെ. നഗരത്തില്‍ വിവിധയിടങ്ങളിലായി സുകുമാരന് ഇപ്പോള്‍ ആറ് ചായക്കടകളുണ്ട്.

എല്ലായിടത്തും പാചകക്കാരന് ഒരു ദിവസത്തെ കൂലി 740 രൂപയാണ്. ടീ മാസ്റ്റര്‍ക്ക് 540 രൂപ. മറ്റു തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് 400 രൂപ ദിവസക്കൂലിയും നല്‍കുന്നു. എല്ലാവര്‍ക്കും താമസ സൗകര്യവും ഭക്ഷണവും സൗജന്യം. ഒരു ദിവസം എട്ടു മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതി. മാസം 10,000 രൂപയില്‍ കുറവ് ശമ്പളം വാങ്ങുന്ന ആരും സുകുമാരന്‍റെ ചായക്കടകളില്‍ ജീവനക്കാരായി ഇല്ല. ഇതിനെല്ലാം പുറമെ വര്‍ഷത്തില്‍ ഒരു മാസത്തെ ശമ്പളം എല്ലാവര്‍ക്കും ബോണസായി നല്‍കുകയും ചെയ്യുന്നു.  

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴില്‍ തേടി നഗരത്തിലെത്തിയതാണ് സുകുമാരന്‍. അന്നും ചായക്കടകള്‍ തന്നെയായിരുന്നു ശരണം. അങ്ങനെ പല ചായക്കടകളിലും ജോലി ചെയ്തു. മുതലാളിമാരുടെ പീഡനങ്ങളും വളരെ പരിതാപകരമായ തൊഴില്‍ ജീവിത സാഹചര്യങ്ങളുമായി പടപൊരുതി പിടിച്ചു നിന്നു. ഒടുവില്‍ മുതലാളിയുമായി ഏറ്റുമുട്ടി ഒരു നിയമ യുദ്ധവും കഴിഞ്ഞാണ് സുകുമാരന്‍ സ്വന്തമായി ഒരു ചായക്കട തുടങ്ങാന്‍ തീരുമാനിക്കുന്നത്.

ചായക്കടക്ക് ഇട്ട പേരിലും ഒരു പോരാട്ട ചരിത്രത്തിന്‍റെ പശ്ചാത്തലമുണ്ട്. തമിഴ്‌നാട്ടില്‍ സജീവ സിപിഎം പ്രവര്‍ത്തകനായ സുകുമാരന്‍ ഷിക്കാഗോയിലെ മേയ് ദിനത്തില്‍ നടന്ന തൊഴിലാളി സമരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തന്‍റെ ചായക്കടക്ക് ഷിക്കാഗോ എന്നു പേരിട്ടത്. 'എന്‍റെ ഷോപ്പിലും തൊഴിലാളികള്‍ക്ക് മികച്ച ആനുകൂല്യങ്ങളും നല്ല തൊഴില്‍സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നതിനായിരുന്നു ഊന്നല്‍ നല്‍കിയത്. അങ്ങനെയാണ് ആ പേര് വന്നത്,' സുകുമാരന്‍ പറയുന്നു. 

ഇത്രയൊക്കെ ആണെങ്കിലും തൊഴിലാളികള്‍ക്കു വേണ്ടി മഹത്തായ കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നാണ് സുകുമാരന്‍റെ പക്ഷം.  അവര്‍ക്ക് ഭക്ഷണവും താമസവും ക്ഷേമത്തിനായുള്ള ആനുകൂല്യങ്ങളും നല്‍കിവരികമാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. 'ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ തൊഴിലാളികളെ സന്തുഷ്ടരാക്കുക എന്നത് എന്റെ കടമയാണ്. ഏതെങ്കിലും തൊഴിലാളി വര്‍ഷങ്ങളോളം എന്‍റെ കടയില്‍ ജോലി ചെയ്താല്‍ അവര്‍ക്ക് വേണ്ടി ഒരു പുതിയ ഷോപ്പ് വച്ചു കൊടുക്കുന്നു. അവര്‍ അതിന് എനിക്ക് വാടകയും തരും,' സുകുമാരന്‍ പറയുന്നു.

തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യങ്ങളെല്ലാം വാരിക്കോരി നല്‍കുന്നുണ്ടെങ്കിലും ഈ ചായക്കടയിലെ വില വിവരപ്പട്ടികയില്‍ അതിന്റെ പ്രതിഫലനമമൊന്നുമില്ല. എല്ലാ ചാടക്കടകൡലും ഈടാക്കുന്ന സാധാരണ വില മാത്രമെ ഇവിടെയുള്ളു ഭക്ഷണങ്ങള്‍ക്കുള്ളൂ. ചായ എട്ടു രൂപ. ഒരു പ്ലേറ്റില്‍ രണ്ട് ഇഡ്‌ലി 12 രൂപ. പിന്നെയുള്ള ലമണ്‍ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയവയ്ക്ക് വില 30-നും 40-നും ഇടയില്‍ മാത്രം. തന്‍റെ കടമാത്രം ലക്ഷ്യം വച്ച് വരുന്ന ആയിരത്തിലേറെ സ്ഥിരം ഉപഭോക്താക്കളും തനിക്കുണ്ടെന്ന് സുകുമാരന്‍. 

മറ്റു ഷോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ ഒരു വ്യത്യാസവുമില്ലെങ്കിലും ഭക്ഷണത്തിന്‍റെ ഗുണനിലവാരം എന്നും ഒരേ പോലെ കാത്തുസൂക്ഷിക്കുന്നതാണ് സുകാമരന്‍റെ ചായക്കടയുടെ പ്രത്യേകതയെന്ന് സ്ഥിരമായി ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്ന മണിയന്‍ പറയുന്നു. ഇതിലേറെ വില നല്‍കി വലിയ ഹോട്ടലുകള്‍ കയറി കഴിക്കാന്‍ കഴിയുന്ന തനിക്ക് സുകുമാരന്‍ എന്ന വ്യക്തിയോടും തൊഴിലാളികളോടുള്ള അദ്ദേഹത്തിന്‍റെ സമീപനത്തിലുമുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് ഇവിടെ എത്തുന്നതെന്നും മണിയന്‍ പറയുന്നു.

കടപ്പാട് ദി  ന്യൂസ് മിനിറ്റ്

Latest News