നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍  ബന്ദിയാക്കിയ 18 ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂദല്‍ഹി-നൈജീരിയന്‍ തീരത്ത് ഈ മാസം മൂന്നിന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന ചരക്കുകപ്പലിലെ ഇന്ത്യക്കാരായ 18 ജീവനക്കാരെയും വിട്ടയച്ചു. നൈജീരിയയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോണി ദ്വീപില്‍ ഹോങ് കോംഗ് വാണിജ്യ കപ്പലായ എംടി നവെ കോസ്റ്റാലേഷനില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. നൈജീരിയന്‍ നാവികസേനയും ഷിപ്പിംഗ് കമ്പനിയും ഇന്ത്യക്കാരുടെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. മോചനത്തിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും എംബസി ട്വീറ്റ് ചെയ്തു.ഇന്ത്യക്കാരടക്കം 19 പേരെയാണ് ബന്ദികളാക്കിയിരുന്നത്. ഇവരുടെ മോചനത്തിനായി നൈജീരിയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

Latest News