Sorry, you need to enable JavaScript to visit this website.

മോഡിക്കറിയുമോ ഗോൾപാര തടങ്കൽ പാളയത്തിൽ മരിച്ച സുബ്രതയുടെ ഭാര്യ ഗാമിനിയുടെ വേദന

ഇന്ത്യയിൽ ഒരിടത്തും തടങ്കൽ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി മോഡിയുടെ അവകാശവാദം വീണ്ടും പൊളിച്ച് അസമിൽനിന്നുള്ള ഇരകളുടെ വെളിപ്പെടുത്തൽ. തന്റെ ഭർത്താവ് മരിച്ചത് ഗോൾപാരയിലെ തടങ്കൽ പാളയത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഗാമിനി ഡേ എന്ന യുവതി രംഗത്തെത്തി. ഇവരുടെ ഭർത്താവ് സുബ്രത ഡേ ഗോൾപാരയിലെ തടങ്കൽ പാളയത്തിൽ കഴിഞ്ഞ വർഷമാണ് മരിച്ചത്. സുബ്രതയുടെയും ഗാമിനയുടെയും ഒൻപതുവയസുള്ള മകൾ ശ്വേത ഇപ്പോഴും വിചാരിക്കുന്നത് അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടെന്നും തിരിച്ചുവരുമെന്നുമാണ്. കഴിഞ്ഞവർഷം ജൂൺ 26നാണ് സുബ്രത മരിച്ചത്. 2005ൽ ലഭിച്ച വോട്ടർ ഐ.ഡി കൈവശമുണ്ടായിട്ടും 'ഡി' എന്ന അടയാളമായിരുന്നു(ഡൗട്ട്ഫുൾ വോട്ടർ) സുബ്രതക്ക് ലഭിച്ചത്. വോട്ടർ കാർഡിൽ സുബോധ് ഡേ എന്ന് ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയതിന്റെ വിന. രേഖ ശരിയാക്കാൻ ഏഴുവർഷമാണ് ഇവർ അഭിഭാഷകന് പിറകെ നടന്നത്. പെട്ടെന്നൊരു ദിവസം സുബ്രതോ അതിർത്തി പോലീസിന്റെ പിടിയിലായി. 
സുബ്രതയുടെ മൃതദേഹം തടങ്കൽ പാളയത്തിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ കാണാൻ ശ്വേത തയ്യാറായിരുന്നില്ല. അച്ഛനെ ഞാൻ തിങ്കളാഴ്ച കണ്ടിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചിട്ടില്ല. അച്ഛൻ വരുമെന്ന് ശ്വേത ഇടയ്ക്കിടെ പറയുന്നുവെന്ന് ഗാമിനി കണ്ണീരൊലിപ്പിക്കുന്നു. 

നാലു വർഷമാണ് ഗോൾപാരയിലെ തടങ്കൽ പാളയത്തിൽ രവി ഡേ എന്നയാൾ കഴിഞ്ഞത്. മൂന്നുവർഷത്തിലേറെ ഡിറ്റൻഷൻ ക്യാമ്പിൽ കഴിഞ്ഞവരെ മോചിപ്പിക്കണം എന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നായിരുന്നു രവിയുടെ മോചനം സാധ്യമായത്. സാധാരണ തടവുകാരിൽനിന്ന് വ്യത്യസ്തമായി തങ്ങളെ മറ്റൊരു ബ്ലോക്കിലായിരുന്നു താമസിപ്പിച്ചിരുന്നതെന്ന് രവി പറയുന്നു. രാവിലെ 5.15ന് തെറ്റിയ രേഖകളുടെ പേരിൽ തടങ്കലിലായവരുടെ എണ്ണമെടുക്കും. പ്രഭാതഭക്ഷണമായി ഒരു റൊട്ടിയും ചായയും കിട്ടും. രാവിലെ പത്തുമണിക്ക് ഉച്ചഭക്ഷണം കൊടുക്കും. വൈകിട്ട് അഞ്ചുമണിക്ക് രാത്രി ഭക്ഷണവും. ഇതായിരുന്നു തടങ്കൽ പാളയത്തിലെ ജീവിതം. 

ഒരു ലക്ഷം രൂപയുടെ വീതം രണ്ടു പേർ ജാമ്യം നിന്നാൽ തടവുകാരെ മോചിപ്പിക്കാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ ആതബ് അലിക്കും സഹോദരൻ ഹബീബുറഹ്മാനും ഇനിയും മോചനം സാധ്യമായിട്ടില്ല. രണ്ടു പേർ ജാമ്യം നിൽക്കാൻ തയ്യാറായെങ്കിലും ജയിൽ അധികൃതർ ആവശ്യപ്പെടുന്നത് സർക്കാർ ഉദ്യോഗസ്ഥൻ ജാമ്യം നിൽക്കണമെന്നാണ്. സർക്കാർ ഉദ്യോഗസ്ഥായ ജാമ്യക്കാരനെ അവർക്ക് ലഭിച്ചിട്ടില്ല. അസമിൽ ആയിരത്തോളം പേരാണ് ഇപ്പോൾ തടങ്കൽ പാളയത്തിലുള്ളത്. ഇതിനിടെയാണ് മുവായിരത്തോളം പേരെ പാർപ്പിക്കാൻ ശേഷിയുള്ള ഡിറ്റൻഷൻ ക്യാമ്പ് അസമിലെ മാട്ടിയയിൽ ഉയരുന്നത്. 
രാജ്യത്ത് പൗരത്വം നഷ്ടപ്പെടുന്നവർക്കായി എവിടെയും തടങ്കൽ പാളയങ്ങൾ ഒരുങ്ങുന്നില്ലെന്നും ഒരു മുസ്‌ലിം പോലും തടവിലാക്കപ്പെടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ പറഞ്ഞത്.  എന്നാൽ, കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിദേശികൾക്കും അഭയാർഥികൾക്കുമായി ഒരു തടങ്കൽ പാളയമെങ്കിലും ആധുനിക സൗകര്യങ്ങളോടെയും പത്തടി ഉയരത്തിൽ ചുറ്റുമതിലുമായി നിർമിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മോഡൽ ഡിറ്റൻഷൻ മാനുവൽ തയാറാക്കിയിരുന്നു. 
പൗരത്വ രജിസ്‌ട്രേഷൻ (എൻ.ആർ.സി) നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ല, കാബിനറ്റിന്റെ മുന്നിൽ വന്നിട്ടുമില്ലെന്നാണ് ഇന്നലെ ദൽഹിയിലെ രാംലീല മൈതാനത്ത് കേന്ദ്ര സർക്കാർ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ മോഡി വെളിപ്പെടുത്തിയത്. എന്നിട്ടും അതിനു ചെലവാകുന്ന തുക സംബന്ധിച്ചും കരുതൽ തടവ് സംബന്ധിച്ചും കോൺഗ്രസും അർബൻ നക്‌സലുകളും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച പ്രധാനമന്ത്രി പക്ഷെ ദേശീയ പൗരത്വ രജിസ്റ്ററിൽ പാർട്ടി നിലപാട് മുറുകെ പിടിക്കാൻ തയ്യാറായില്ല. താൻ അധികാരത്തിലെത്തിയ 2014 മുതൽ എൻ.ആർ.സി സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. അസമിൽ നടപ്പിലാക്കിയത് സുപ്രീം കോടതി നിർദ്ദേശ പ്രകാരം ആയിരുന്നെന്നുമാണ് മോഡി പറഞ്ഞത്. 
പൗരത്വം കിട്ടാതെ വരുന്ന മുസ്‌ലിംകൾക്കായി തടങ്കൽ പാളയങ്ങൾ പണിയുമെന്നത് വെറു നുണപ്രചാരണം മാത്രമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് കോൺഗ്രസ് ഇന്നലെ മറുപടി നൽകിയിരുന്നു. ഒരു തവണ ഗൂഗിൾ സെർച്ച് ചെയ്താൽ മതി ഈ പ്രറഞ്ഞത് തെറ്റാണെന്ന് തെളിയുമെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ വ്യക്തമാക്കി.
'തടങ്കൽ പാളയങ്ങൾ ഇല്ലെന്ന പ്രസ്താവനയുടെ യാഥാർഥ്യം പരിശോധിക്കാൻ, ഇന്ത്യക്കാർക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ അറിയില്ലെന്നാണോ മോഡി കരുതുന്നത്. ഇത്തരം തടങ്കൽ പാളയങ്ങൾ ഇന്ത്യയിൽ യാഥാർഥ്യമാണ്. മാത്രമല്ല, ഈ സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം ഇത്തരം കേന്ദ്രങ്ങൾ രാജ്യത്ത് വർധിച്ചുകൊണ്ടേയിരിക്കുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. പൗരത്വം ലഭിക്കാത്തവരെ പാർപ്പിക്കാൻ ഇന്ത്യയിൽ തടങ്കൽ പാളയങ്ങൾ നിർമിക്കുന്നതായി പറയുന്ന പത്ര റിപ്പോർട്ടുകളുടെ കോപ്പിയും കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
 

Latest News