Sorry, you need to enable JavaScript to visit this website.

ഹൃദയേശ്വരന്മാരുടെ രാഷ്ട്രീയം

തദ്ദേശ വാർഡ് തെരഞ്ഞെടുപ്പെന്നാൽ വെറും കല്ലല്ല, ഉരക്കല്ലാണ്. വരാൻ പോകുന്ന വിനകളെന്തൊക്കെയെന്ന് സംഗതി കണ്ടാലറിയം. 'ഉണ്ണിയെ കണ്ടാലറിയം ഊരിലെ പഞ്ഞം' എന്ന് പണ്ടും ഇന്നും ബി.ജെ.പിയുടെ അവസ്ഥ കണ്ടാൽ ആരും പറഞ്ഞുപോകും. പക്ഷേ, അതല്ല, മറ്റു മുന്നണിയുടെ കാര്യം. 28 വാർഡുകളിൽ 13 എണ്ണം യു.ഡി.എഫ് പിടിച്ചു; ബാക്കിയുള്ളതിൽനിന്ന് 12 എണ്ണം എൽ.ഡി.എഫിനു കിട്ടി. ഇടതു മുന്നണി നിമിഷം പ്രതി തകരുകയാണ്. പക്ഷം എന്നാൽ മറ്റാരുമില്ല. അദ്ദേഹം ഒറ്റക്കൊരു പക്ഷത്താണ്. സംയുക്തമായി ഇരുമുന്നണികളും രക്തസാക്ഷി മണ്ഡപത്തിൽ ഒരു ചടങ്ങ് അനുഷ്ഠിച്ചു. ഉച്ചക്ക് വിശപ്പു കയറിയതോടെ ധർണ എമ്മെല്ലേ ക്വാർട്ടേഴ്‌സിലെയും സ്വന്തം മന്ദിരങ്ങളിലെയും ഊണുമുറിയിലേക്കു മാറ്റി. അതിനെയാണ് കെ.പി.സി.സി പ്രസിഡന്റ് 'പ്രഹസന'മെന്നു വിളിച്ചത്.  പ്രഹസനത്തിന് 'ഉറക്കെയുള്ള ചിരി' എന്നേ അർഥമുള്ളു.  മേപ്പടി ജനപ്രതിനിധികൾ ഊണ് കെങ്കേമമായാൽ സ്വാഭാവികമായയും പൊട്ടിച്ചിരിക്കും. മറ്റൊരർത്ഥം പരിഹാസിച്ചിരി എന്നാണ്. ഇടതു മുന്നണിയും വലതു മുന്നണിയും ചേർന്ന് ചിരിച്ചാൽ അത് ജനങ്ങളെ വിഡ്ഢികളാക്കുന്ന ചിരി എന്നാവും മുല്ലപ്പള്ളി ഉദ്ദേശിച്ചത്. ഇനിയുമൊരർഥമുള്ളത് 'പരിഹാസ നാടകം' എന്നത്രേ! അതാണല്ലോ നമ്മൾ കഴിഞ്ഞ 72 വർഷങ്ങളായി കണ്ടുവരുന്നത്. മുല്ലപ്പള്ളി ദില്ലിയിലെ വൻകിട പ്രഹസനങ്ങൾ കണ്ട് പരിചയിച്ചും കൈയടിച്ചും ശീലമുള്ള വ്യക്തി. അദ്ദേഹം കണ്ടതു പറഞ്ഞു; പക്ഷേ ഇവിടെ ആരു കേൾക്കാൻ? ഖദറിട്ട ഒരുവനും പ്രസിഡന്റിന്റെ കൂടെ ഫോട്ടോയെടുക്കാൻ പോലും നിൽക്കാറില്ല. 'ആദർശശുദ്ധി' വല്ലതും പകർന്നാലോ എന്നാണ് ഭയം. 'പ്രഹസന ധർണ'യിൽ പങ്കെടുക്കാതിരുന്ന ഉമ്മൻ ചാണ്ടി കൂട്ടിനുണ്ടാകുമെന്നു കരുതി. പക്ഷേ, ചെന്നിത്തലയെ ധർണക്ക് തള്ളിവിട്ട ചാണക്യനാണ് പുതുപ്പള്ളിക്കാരൻ എന്ന് പ്രസിഡന്റ് വളരെ വൈകിയാണറിഞ്ഞത്. ചുരുക്കത്തിൽ മുല്ലപ്പള്ളി തലസ്ഥാനത്ത് പേരൂർക്കടയിൽ താമസിക്കണോ, അതോ കോഴിക്കോട് വടകരയിൽ കരേറണോ എന്ന കാര്യം സജീവ പരിഗണനയിലാണെന്നാണ് മനസ്സിലാകുന്നത്. പക്ഷേ, ജീവൻ പോയാലും ഇടതുപക്ഷവുമായി ചേർന്ന് സമരത്തിനില്ല. അവർ ഗോളടിച്ചുകളയും!

 

****                                 ****               ****

രാജ്യം കത്തിയെരിയുന്നതിനാൽ പൗരത്വ പട്ടിക ഉടനെയില്ലെന്നാണ് കേൾവി. പക്ഷേ, സമരം ചെയ്യുമ്പോൾ അക്കാര്യം മാത്രമേ കെ.എസ്.യു ശ്രദ്ധിക്കാറുള്ളൂ. കോൺഗ്രസിന്റെ കൊച്ചുപതിപ്പായതിനാൽ സമരം അർധരാത്രിയിലേക്കു മാറ്റിയതു നന്നായി. ആ സംഘടനയിൽ ഏതോ ബുദ്ധിജീവികളുണ്ടെന്നു വ്യക്തം. 
കൈപ്പിടിയിൽ ഒതുങ്ങാവുന്ന പിള്ളേരേയുള്ളൂ. അവർ പകൽ  വെളിച്ചത്തിൽ പ്രതിഷേധിച്ചാൽ 'ചീറ്റിപ്പോയി' എന്നു നാടൊട്ടുക്ക് എതിരാളികളുടെ പാണന്മാർ പാടി നടക്കും. വ്യാഴാഴ്ച രാത്രി പതിനൊന്നാണ് സമരത്തിനു ശുഭമുഹൂർത്തമെന്ന് വിശ്വഖദർ ഗുരു അന്തോണിച്ചനും സഹഗുരുക്കന്മാരും ഓതിയത് അനുസരിച്ചാണ് ട്രെയിനിനു മുന്നിൽ ചാടി തടഞ്ഞത്. സംഘത്തിൽ യൂത്തും മൂത്തതുമായ കോൺഗ്രസുകാരും ഉണ്ടായിരുന്നുവത്രേ! കെ.എസ്.യു ഏതു സമരത്തിനിറങ്ങിയാലും തലേന്ന് തലസ്ഥാനത്ത് ഹെയർ ഡൈ, ഹെയർ ഷാംപൂ എന്നിവക്ക് പൊടിപൊടിക്കുന്ന കച്ചവടമാണത്രേ! കാര്യം ജോറായി എന്നേ പറയാനുള്ളൂ.

****                          ****                    ****

 

ഈ ശശി തരൂരിന് ഒരു വ്യക്തമായ നയമില്ല എന്നാരെങ്കിലും പറഞ്ഞുപോകും. കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന പുരസ്‌കാരം തരൂർജി തിരസ്‌കരിക്കുകയില്ലത്രേ! എന്തെങ്കിലുമൊരു സെൻസേഷൻ ഉണ്ടാക്കി പാർട്ടിക്ക് ഒരു ഇമേജ് മിനുക്കാനുള്ള അവസരമാണ് നഷ്‌പ്പെടുന്നത്. ഉദാഹരണത്തിന് അക്കാദമിയുടെ പുരസ്‌കാര പ്രഖ്യാപനം കേൾക്കുന്നു; അദ്ദേഹം ഉടനെ ഞെട്ടുന്നു. അത് കരൂർ ശശിയോ, കല്ലിയൂർ ശശിയോ, കടവിൽ ശശിയോ. മാവിൻമൂടു ശശിയോ തിരുമല ശശിയോ ആകാനാണ് സാധ്യത എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. പിന്നെ ഇടത്തുമാറി വലം ചവിട്ടി, തോന്നിയ പോലെ നിലത്തു ചവിട്ടി, ഇടം വലം നോക്കാതെ, കോൺഗ്രസിനെയും കമ്യൂണിസ്റ്റിനെയും കണ്ട ഭാവം നടിക്കാതെ, നടയ്ക്ക് വന്നു നിവർന്നുനിന്ന് ഉവാച: കേന്ദ്ര സർക്കാറിന്റെ അവാർഡായിരുന്നുവെങ്കിൽ നിഷേധിക്കാമായിരുന്നു; എന്തു ചെയ്യാം, അക്കാദമി ആയിപ്പോയി! ഇങ്ങനെയായിരുന്നുവെങ്കിൽ നല്ലൊരു മെയ്യഭ്യാസിയായി അദ്ദേഹത്തെ വാഴിക്കാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് എഴുതാനറിയാം, അഭ്യാസം അറിയില്ല. പണ്ഡിതരായ എഴുത്തുകാർ നിർണയിച്ച് സാഹിത്യ അക്കാദമി നൽകുന്ന അവാർഡാണത്രേ! കഴിഞ്ഞകാല പണ്ഡിതന്മാരുടെ ചരിത്രം അറിയണമെങ്കിൽ പ്രൊഫ. ജി.എൻ. പണിക്കരുടെ 'വിശ്വാസ്യത നഷ്ടപ്പെട്ട സാഹിത്യ വിമർശനം' ഒന്നു വായിച്ചാൽ മതി. പാറപ്പുറത്തിന്റെ 'അര നാഴിക നേര'ത്തിന് അവാർഡ് കിട്ടാതെ പോയതിൽ തകഴിക്കുള്ള പങ്കും, തൃശൂർ ഭാഗത്തെ സാഹിത്യ കുമാരീകുമാരന്മാർക്ക് സച്ചിദാനന്ദ സഹയത്തോടെ പുരസ്‌കാരങ്ങൾ കിട്ടിയ കഥയുമൊക്കെ ആ പുസ്തകത്തിൽ അങ്ങിങ്ങു കാണാം. പണിക്കർക്കു പലതും കിട്ടാതെ പോയതും ഇത്തരമൊരു പുസ്തകവും ചില പംക്തികളും എഴുതിയതുകൊണ്ടാകാം. അത് അറിഞ്ഞുകൊണ്ടുതന്നെ തരൂർജി പണിക്കർജിയുടെ പുസ്തകം വായിക്കണം.

****                               ****                      ****

കർണാടക പഴയ ഏഷ്യാമൈനറിലുള്ള ദേശമല്ല. ഭരിക്കുന്നത് പൂഴിക്കടകൻ അടവും ശേഷം ഒടിയൻ വിദ്യയുമൊക്കെ വശമുള്ള യെദിയൂരപ്പയാണെന്നും അറിയണം. കേരള മാധ്യമ പ്രവർത്തകരെ കന്നഡപ്പോലീസ് പിടികൂടിയെന്നറിഞ്ഞ് ഹൃദയം പൊട്ടിക്കരഞ്ഞ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ആരെയും രോമാഞ്ചം കൊള്ളിക്കും- 'വിലക്കാനുള്ളതല്ല മാധ്യമ പ്രവർത്തനം' എന്നാണ് ആ മഹദ്‌വചനം! വചനം കാസർകോട് കഴിഞ്ഞിട്ടു റിലീസ് ചെയ്താൽ മതിയെന്നു മുഖ്യൻ നിർദേശിച്ചതുമാണ്. പക്ഷേ, 'കോൺഫിഡൻഷ്യൽ' ആയതെന്തും 'ലീക്ക്' ചെയ്യും. അതാണ് നാട്ടുനടപ്പ്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിൽ ഇത്രയേറെ തൽപരനായ മുഖ്യമന്ത്രി കേരളക്കരയിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. അദ്ദേഹം പണ്ട് ഉരുവിട്ട 'കടക്ക് പുറത്ത്' എന്ന മഹദ് വചനം ഒരു മാധ്യമക്കാരനും ജീവിത കാലത്ത് മറക്കുകയുമില്ല. പക്ഷേ, 'ഏട്ടിലപ്പടി, വീട്ടിലിപ്പടി' എന്നതാണ് സർക്കാർ നയം. കേരളത്തിനു പുറത്ത് എവിടെ വെച്ച് ഏതു മാധ്യമ പ്രവർത്തകന് പനി പിടിപെട്ടുവെന്നു കേട്ടാലും പിണറായി ഹൃദയം വേദനിക്കും. അതുകൊണ്ട് മാധ്യമക്കാർ ജാഗ്രതൈ! കോൺഗ്രസുകാർക്ക് ഇത്രയും നല്ല ഹൃദയമില്ല. അതിനാൽ അവർ എപ്പോഴും മഹദ്‌വചനങ്ങൾ ഉരുവിടാറില്ല.

****                                 ****                  ****

കമ്യൂണിസ്റ്റുകാർ വന്ന വഴി മറക്കുന്നവരാണ് എന്നാണ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ വിദഗ്ധാഭിപ്രായം. ആവശ്യത്തിലേറെ തമ്പിയണ്ണൻ സംസാരിക്കുന്ന പ്രകൃതമാണ്. ഒരു തവണ പ്രസംഗിച്ചാൽ ഒമ്പതു ശത്രുക്കളെയെങ്കിലും നേടിയിട്ടേ അദ്ദേഹം നിർത്തുകയുള്ളൂ. ജ്ഞാനപീഠം വളരെ വൈകിയാണ് കിട്ടിയതെന്ന് മറ്റുള്ളവർ പറഞ്ഞുകേട്ടതു വിശ്വസിച്ച അക്കിത്തവും പണ്ട് കമ്യൂണിസ്റ്റുകൾക്കെതിരെ ഇങ്ങനെ ഒരു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഈയിടെ, അതും വളരെ ലേറ്റായിപ്പോയെന്നു തോന്നുന്നു. ടി. പത്മനാഭന് ഇടതു സർക്കാർ ദേശാഭിമാനി-കേസരി പുരസ്‌കാരം നൽകിയതും ഓർക്കണം. കഥാകാരന്റെ 'ബുധദർശനം' എന്ന ലേഖന സമാഹാരം സർക്കാറിന്റെ ബന്ധുക്കൾ പോലും വായിച്ചിരിക്കാനിടയില്ല. അദ്ദേഹവും പറഞ്ഞിട്ടുണ്ട്, കമ്യൂണിസ്റ്റുകാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന്, ചുരുക്കത്തിൽ, തമ്പിയദ്ദേഹത്തിന്റെ പ്രസ്താവന ഒരു തരം 'കോപ്പിയടി' യായേ കാണാവൂ. ഒ.എൻ.വിക്ക് അനേകം 'പത്മ' വിലാസം അവാർഡുകളുണ്ടായപ്പോൾ ഭാസ്‌കരൻ മാഷിന് അവയൊന്നും കിട്ടാതെ പോയതിലും കക്ഷിക്ക് ദുഃഖമുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടക്ക് കവി ഇതു പല തവണയായി ആവർത്തിക്കുന്നുണ്ട്. രോഗലക്ഷണം പുരസ്‌കാര മോഹത്തിലേക്ക് വിരൽ ചൂണ്ടുന്നുവോ എന്നു ശങ്കിക്കണം. കിട്ടുന്നത് ആട്ടെ; പുനർജന്മമെന്നത് വെറും സങ്കൽപം മാത്രമാണെന്ന് ആർക്കാണറിയാത്തത്?

Latest News