Sorry, you need to enable JavaScript to visit this website.

പാർട്ടി നിലപാട് ഞാൻ പറയുന്നതാണ്, സി.പി.എമ്മുമായി യോജിച്ച് സമരത്തിനില്ല-മുല്ലപ്പള്ളി

തിരുവനന്തപുരം- പൗരത്വ നിയമത്തിനെതിരെ സി.പി.എമ്മുമായി ചേർന്ന് സമരം ചെയ്യില്ലെന്നും താൻ പറയുന്നതാണ് പാർട്ടി നിലപാടെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.  'ഞാൻ പറയുന്നതാണ് പാർട്ടി നിലപാട്. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം വിളിച്ച് തീരുമാനിക്കണം. സി.പി.എമ്മുമായി യോജിച്ച് സമരത്തിനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നിവർ അടക്കമുള്ള നേതാക്കൾ മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. തതുടർന്നാണ് നിലപാട് വ്യക്തമാക്കി വീണ്ടും മുല്ലപ്പള്ളി രംഗത്തെത്തിയത്. 

ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പിന്തുണച്ചും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ചും സി.പി.എം ഇന്നലെ രംഗത്തെത്തിയിരുന്നു. മാറിയ രാഷ്ട്രീയസാഹചര്യം തിരിച്ചറിഞ്ഞ് നിലപാട്  സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മൻചാണ്ടിയുടെ  അഭിപ്രായം ശരിയായ ദിശയിലുള്ളതാണെന്നും ഇത്രയും ഗൗരവമായ സാഹചര്യത്തിലും സങ്കുചിതമായ സി.പി.എം വിരുദ്ധനിലപാട് മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങൾ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണെന്നുമായിരുന്നു സി.പി.എം പ്രസ്താവന. ശബരിമല പ്രശ്‌നത്തിൽ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആർ.എസ്.എസ്സുമായി യോജിച്ച്  കർമ്മസമിതിയിൽ പ്രവർത്തിക്കാൻ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിർത്താനുള്ള വിശാല പോരാട്ടത്തിന് സി.പി.എമ്മുമായി യോജിച്ച്  പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറയുന്നത് എത്രമാത്രം സങ്കുചിതമാണ്. ഇന്നത്തെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി യോജിച്ച പ്രക്ഷോഭങ്ങളിൽ എല്ലാവരും ഇനിയും ഒരുമിച്ച്  നിൽക്കണമെന്നു തന്നെയാണ് സി.പി.എം നിലപാട്. അതാണ് ഈ നാട് ആഗ്രഹിക്കുന്നതെന്നും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വർഗ്ഗീയധ്രുവീകരണം നടത്താനും പ്രകോപനം സൃഷ്ടിച്ച് കലാപ അന്തരീക്ഷം രൂപപ്പെടുത്താനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ജാഗ്രതയോടെ കാണാനും കഴിയേണ്ടതുണ്ട്. മതപരമായ സംഘാടനത്തിലൂടെയും, മതചിഹ്നങ്ങൾ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നതും വിശാലമായ ഐക്യത്തെ ദുർബലപ്പെടുത്താനും സംഘപരിവാരത്തിന്റെ  ഉദ്ദേശം നടപ്പിലാക്കാനും മാത്രമേ ഉതകൂ. മതനിരപേക്ഷമായ ഉള്ളടക്കത്തോടെ വിപുലമായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാവുകയാണ് വേണ്ടതെന്ന യാഥാർത്ഥ്യം  എല്ലാവരും തിരിച്ചറിയണമെന്ന് അഭ്യർത്ഥിയ്ക്കുന്നു. 
ഈ കാഴ്ച്ചപ്പാടോടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് നേതാക്കളും  പങ്കെടുത്ത് ഡിസംബർ 16 ന് മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന് മാത്രമല്ല ഇന്ത്യൻ ജനതയ്ക്കും ഇത് വലിയ പ്രതീക്ഷയാണ് നൽകിയത്. ഇതിന് സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും മുസ്ലീംലീഗ് നേതൃത്വത്തിന്റേയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നതുമാണ്. മറ്റ് പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായുള്ള അടിയന്തിര ചുമതല നിർവ്വഹിക്കുന്നതിൽ എല്ലാവരും കൈകോർക്കുകയാണ് വേണ്ടത്.  
ഡിസംബർ 16 ന്റെ തുടർച്ചയായാണ് ജനുവരി 26 ന്റെ മനുഷ്യചങ്ങലയെ കാണുന്നത്. എൽ.ഡി.എഫ് മുൻകൈയെടുത്തിട്ടുണ്ടെങ്കിലും ഈ പ്രശ്‌നത്തിൽ യോജിക്കാവുന്ന എല്ലാവർക്കും ചങ്ങലയിൽ പങ്കെടുക്കാൻ കഴിയണം. ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ളതാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ മനുഷ്യമഹാശൃംഖല. ഇത് വിജയിപ്പിക്കുന്നതിനായി പ്രചരണ, സംഘാടന പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി എല്ലാ ഘടകങ്ങളോടും അഭ്യർത്ഥിച്ചു.    ആധാർ നടപ്പിലാക്കിയതോടെ ഇരട്ടിപ്പാണെന്ന് പറഞ്ഞ് ഒഴിവാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കാനുള്ള  കേന്ദ്രസർക്കാരിന്റെ നിർദ്ദേശം  നടപ്പിലാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയായ ദിശയിലുള്ളതാണ്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ  തയ്യാറെടുപ്പായാണ് ഇപ്പോൾ ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നത്. പൗരത്വ രജിസ്റ്റർ സംബന്ധിച്ച എല്ലാ നടപടികളും നിർത്തിവെയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രസ്താവനക്ക് ശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. 

Latest News