കോഴിക്കോട് - അര ലക്ഷത്തോളം വിദ്യാർത്ഥികൾ അണിചേർന്ന 'ദേശ് ഹമാരാ' റാലിയോടെ എം.എസ്.എഫ് സംസ്ഥാന സമ്മേളനം സമാപിച്ചു. പൗരത്വ വിവേചനത്തിന് എതിരായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രക്ഷോഭം ആസാദിയുടെ പുതു ഈണങ്ങളോടെ പോരാട്ടത്തിന്റെ നവ വഴി വെട്ടിത്തുറന്നു.
ലോകത്തിനു മുമ്പിൽ തലയെടുപ്പോടെ നിന്ന ഇന്ത്യൻ ഭരണഘടന പിച്ചിച്ചീന്തി ഒരു വിഭാഗത്തോട് അനീതിക്ക് തുനിഞ്ഞ പ്രധാനമന്ത്രി മോഡിയാണ് ഇന്ത്യയെ ലോകത്തിനു മുമ്പിൽ നാണം കെടുത്തുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പ്രക്ഷോഭകർ രാജ്യത്തിന്റെ പ്രതിഛായ നശിപ്പിക്കുന്നുവെന്നത് വില കുറഞ്ഞ ആരോപണമാണ്. മുസ്‌ലിംകളാരും പൗരത്വത്തിൽ നിന്ന് പുറത്തു പോവില്ലെന്ന് ഉറപ്പു തരാമെന്നാണ് മോഡി രാംലീലാ മൈതാനിയിൽ പ്രസംഗിച്ചത്. രാജ്യത്തെ 130 കോടി ജനങ്ങളുടെ പൗരത്വം മോഡിയുടെ ഔദാര്യമല്ല.
എത്ര കാലം നീളും ഈ പ്രതിഷേധമെന്നാണ് ചിലർ ചോദിക്കുന്നത്. ഇതു വിജയം കണ്ട് മാത്രമേ അവസാനിപ്പിക്കൂ. രാജ്യത്തിന്റെ ചരിത്രം അറിയാതെ ഹിന്ദുവൽക്കരിക്കാൻ ശ്രമിക്കുന്ന മോഡിയും അമിത് ഷായും ഇന്ത്യ എല്ലാവരുടേതുമാണെന്ന് മനസ്സിലാക്കണമെന്ന് സുപ്രീം കോടതി അഭിഭാഷക ദീപിക സിംഗ് രാജാവത് പറഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ ഭിന്നിപ്പിച്ചു ഭരിക്കുന്ന മോഡിക്കും അമിത് ഷാക്കും എതിരെ രാജ്യം ഒറ്റക്കെട്ടായിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.