എല്‍ദോയുടെ വിവാഹ സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും 

മൂവാറ്റുപുഴ- വിവാഹ ക്ഷണവും സല്‍ക്കാരവും ആഡംബരമാകുന്ന ഇക്കാലത്തു വ്യത്യസ്തവും ലളിതവുമായ വിവാഹാഘോഷവുമായി മുവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം. 25 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തിനിടയില്‍ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം ക്ഷണക്കത്ത് തപാലില്‍ അയക്കുകയാണ് എല്‍ദോ. എറണാകുളം കല്ലൂര്‍കാട് സ്വദേശി ഡോക്ടര്‍ ആയ ആഗി മേരി അഗസ്റ്റിനാണ് വധു.
ജനുവരി 12 നാണ് എല്‍ദോ എബ്രാഹവും ഡോ. ആഗിയും തമ്മിലുള്ള വിവാഹം. എംഎല്‍എയെ ക്ഷണക്കത്ത് നല്‍കി കല്യാണം വിളിച്ചവരുടെ എല്ലാം വീട്ടില്‍ എംഎല്‍എയുടെ ക്ഷണക്കത്ത് എത്തും. ഏകദേശം 4,800 ഓളം പേര്‍ക്ക് തപാലിലുടെ ക്ഷണക്കത്ത് എത്തും. ഇതുവരെ തന്നെ വിവാഹം ക്ഷണിച്ചവരുടെ ക്ഷണക്കത്തുകളിലെ വിലാസം കണ്ടെത്തിയാണ് വിവാഹം വിളിക്കാന്‍ ഒരുങ്ങുന്നത്. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം ഇല്ലാതിരുന്നതിനാല്‍ സ്വന്തമായി തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതല്‍ കിട്ടുന്ന കല്യാണക്കുറികള്‍ എല്ലാം എല്‍ദോ സൂക്ഷിച്ച് വയ്ക്കുമായിരുന്നു. ക്ഷണക്കത്ത് നല്‍കാത്തന്നവരെയും കല്യാണത്തിന് വിളിക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന എല്ലാ വീടുകളിലും അദ്ദേഹം നേരിട്ടുപോയി ക്ഷണിച്ചു. 
വിവാഹക്ഷണക്കത്തിലെ വ്യത്യസ്തതയ്ക്കു പുറമെ വിവാഹ സത്കാരത്തിലും വെറൈറ്റി ഉണ്ട്. ദോശയും ചമ്മന്തിയും സ്‌ട്രോങ്ങ് ചായയുമാണ് അതിഥികള്‍ക്ക് നല്‍കുന്നത്. മന്ത്രിമാരടക്കം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം കുന്നുകുരുടി സെന്റ് ജോര്‍ജ് പള്ളിയില്‍വെച്ചാണ് വിവാഹം. തുടര്‍ന്ന് വൈകിട്ട് മൂന്നു മുതല്‍ മൂവാറ്റുപുഴ മുന്‍സിപ്പല്‍ മൈതാനത്ത് വിരുന്ന് സത്കാരം. മണ്ഡലത്തിലുടനീളം ക്ഷണിച്ചിട്ടുള്ളതിനാല്‍ ഏകദേശം 20000 അതിഥികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എല്‍ദോ പങ്കുവച്ചു.

Latest News