Sorry, you need to enable JavaScript to visit this website.

മംഗളൂരുവില്‍ സമരക്കാര്‍ക്കെതിരായ കേസില്‍ പോലീസ് വെടിവച്ചു കൊന്ന രണ്ടു പേരും പ്രതികള്‍

മംഗളൂരു- പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് മംഗളൂരുവില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച രണ്ടു പേരേയും പ്രതി ചേര്‍ത്തു. ഡിസംബര്‍ 19നാണ് സമരക്കാര്‍ക്കു നേരെ പോലീസ് വെടിവച്ചത്. ജലീല്‍ (49), നൗഷീന്‍ (23) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസറ്റര്‍ ചെയ്ത കേസിലാണ് ജലീലിനെ മൂന്നാം പ്രതിയും നൗസീനിനെ എട്ടാം പ്രതിയുമാക്കി കേസെടുത്തിരിക്കുന്നതെന്ന് ഓണ്‍മനോരമ റിപോര്‍ട്ട് ചെയ്യുന്നു. മംഗളൂരുവിന്റെ ഹൃദയഭാഗമായ ബന്‍ഡറില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്. 77 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്.

സമരത്തില്‍ 1500 മുതല്‍ 2000 പേര്‍ വരെ പങ്കെടുത്തു എന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) പറയുന്നത്. ഏഴായിരത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തുവെന്ന മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഹര്‍ഷയുടെ വാദത്തിന് എതിരാണിത്. 

സമരക്കാര്‍ക്കു നേരെ പ്രകോപനമില്ലാതെയാണ് പോലീസ് വെടിവച്ചതെന്ന ആക്ഷേപം ശക്തമാണ്. പ്രതിഷേധമുയര്‍ന്നതോടെ മുഖ്യമന്ത്രി ്ബി എസ് യെഡിയൂരപ്പ വെടിവെപ്പില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ യെഡിയൂരപ്പ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് വെടിവച്ചു കൊന്നവര്‍ക്കെതിരെ കേസെടുത്ത വിവരം പുറത്തു വന്നിരിക്കുന്നത്.
 

Latest News