ഹൈദരാബാദില്‍ കൂറ്റന്‍ പ്രതിഷേധ റാലി; ലദീദയും ആയിഷ റെനയും പങ്കെടുത്തു

ഹൈദരാബാദ്- പൗരത്വ നിയമ ഭേദഗതിക്കെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ.ഐ.എം.ഐ.എം) ആസ്ഥാനമായ ദാറുസ്സലാമില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പതിനായിരത്തോളം പേര്‍ സംബന്ധിച്ചു.

ഇതു മതയോഗമല്ലെന്നും ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നാണ് മുദ്രാവാക്യം വിളിക്കേണ്ടതെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രസംഗിച്ചത്.

യുനൈറ്റഡ് മുസ്്‌ലിം ആക്ഷന്‍ കമ്മിറ്റിയുടെ ബാനറില്‍ സംഘടിപ്പിച്ച റാലിയില്‍ ജാമിഅ മില്ലിയ, ഉസ്മാനിയ യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പാര്‍ട്ടി എം.എല്‍.എമാരും മതപണ്ഡിതരും മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളും സംബന്ധിച്ചു.

ചന്ദ്രശേഖര്‍ ആസാദിനേയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത ജാമിഅ മില്ലിയ വിദ്യാര്‍ഥികളേയും വിട്ടയക്കണമെന്ന് പൊതുയോഗത്തില്‍ സംബന്ധിച്ച മലയാളി വിദ്യാര്‍ഥിനി ആയിഷ റെന ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളുടെ കൂടി പിന്തുണയില്ലാതെ നീതിക്കുവേണ്ടിയുള്ള പോരാട്ടം പൂര്‍ണമാകില്ലെന്ന് ലദീദ ഫര്‍സാന പറഞ്ഞു.

പൗരത്വ നിയമഭേദഗതി പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 വഴി നിയമത്തെ ചോദ്യം ചെയ്യണമെന്നും എ.ഐ.എം.ഐ.എം ആവശ്യപ്പെട്ടു.

 

Latest News