Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തങ്ങൾക്കെതിരെ 'പോലീസ് മുറ'ക്ക്  ശ്രമിച്ചെന്ന് ബിനോയ് വിശ്വം

കാസർകോട് - മംഗലാപുരത്ത് സമാധാനപരമായി പ്രതിഷേധിച്ച തങ്ങൾക്കെതിരെ കർണാടക പോലീസ് ആദ്യംതന്നെ പോലീസ് മുറ പ്രയോഗിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി. ഞങ്ങൾ ഉപദ്രവിക്കാൻ വന്നതല്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയവരാണെന്നും പറഞ്ഞപ്പോഴും ബലം പ്രയോഗിക്കാൻ നോക്കി. മുതിർന്ന പോലീസ് ഓഫീസർമാർ എത്തിയത് കൊണ്ടാണ് ഒന്നും ചെയ്യാതെ വിട്ടത്. പിടിവലിയിൽ കൈക്ക് പോറലേറ്റതായും അദ്ദേഹം പറഞ്ഞു. മംഗളൂരുവിലെ പോലീസ് നടപടിയെ കുറിച്ച് കാസർകോട്ട് മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.


താനും ഏഴ് സി.പി.ഐ നേതാക്കളും കർഫ്യൂ ലംഘിച്ചത് മംഗലാപുരത്തെ സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ്. ഇന്ത്യയെ പാക്കിസ്ഥാന്റെ ഹിന്ദുത്വ പതിപ്പാക്കി മാറ്റാൻ അനുവദിക്കില്ല. ഹിന്ദു -മുസ്‌ലിം കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങൾ വിടില്ല.
ബി.ജെ.പി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തുറന്നുകാട്ടാനാണ് കർഫ്യൂ ലംഘിച്ചത്. എന്തും നേരിടാനാണ് ഞങ്ങൾ ഒരുങ്ങിയത്. ഹിന്ദു -മുസ്‌ലിം മൈത്രിക്ക് വേണ്ടിയാണ് നിയമം ലംഘിച്ചത്. മംഗളുരു ശ്മശാന മൂകമാണ്. ശത്രുസൈന്യം കീഴടക്കിയ പിശാചു ബാധിച്ച നഗരമായി മംഗലാപുരം മാറി. ഈ സത്യം ലോകത്തെ അറിയിക്കാൻ ചെന്ന കേരളത്തിലെയും ഹൈദരാബാദിലെയും മാധ്യമ പ്രവർത്തകരോട് പോലീസ് പൈശാചികമായി പെരുമാറുകയായിരുന്നു. ഇത് ഭീരുത്വമാണ്. ആർ.എസ്.എസ് സർക്കാർ ഭീരുക്കളെ പോലെയാണ് മാധ്യമ പ്രവർത്തകരോട് പെരുമാറിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.


മംഗലാപുരത്ത് ജനങ്ങൾ ഭയചകിതരാണ്. കാമ്പസുകൾ നീറിപ്പുകയുന്നു. ഈ അവസ്ഥയിൽ കമ്മ്യൂണിസ്റ്റുകാർക്ക് മിണ്ടാതിരിക്കാനാവില്ല. അതുകൊണ്ട് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ തീരുമാന പ്രകാരം ഞങ്ങൾ ബോധപൂർവം കർഫ്യൂ ലംഘിക്കുകയായിരുന്നു. സി.പി.ഐയുടെ തെരഞ്ഞെടുക്കെപ്പട്ട 50 പേരാണ് പ്രതിഷേധത്തിന് ഇറങ്ങിയത്. പലേടത്തും ക്യാമ്പ് ചെയ്തു. മുഖ്യമന്ത്രി യെദിയൂരപ്പ മംഗളുരുവിൽ വരുന്ന സമയത്ത് കർഫ്യൂ ലംഘിക്കാനാണ് തീരുമാനം. അതിനായി പുറപ്പെട്ട പലരെയും പോലീസ് പലയിടത്തും തടഞ്ഞു. ഒരാളെങ്കിലും എത്തിയാൽ അറസ്റ്റ് വരിക്കണമെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. താൻ സി.പി.ഐ ദേശീയ സെക്രട്ടറിയും എം.പിയുമാണെന്നറിഞ്ഞിട്ടും ബലപ്രയോഗം നിർത്തി. കൂടെയുള്ള വനിതാ സഖാക്കളെ തൊട്ടുപോകരുതെന്നും അവരെ അറസ്റ്റ് ചെയ്യണമെങ്കിൽ വനിതാ പോലീസ് വേണമെന്നും പറഞ്ഞു. തുടർന്ന് വനിതാ പോലീസ് എത്തിയതായി ബിനോയ് വിശ്വം അറിയിച്ചു. ബാർകെ പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം പോലീസ് മാന്യമായാണ് പെരുമാറിയതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

 

Latest News