Sorry, you need to enable JavaScript to visit this website.

ഭർത്താവിന്റെ മരണശേഷം ഭാര്യ മുങ്ങി; കേസ് ക്രൈംബ്രാഞ്ചിന്

മരിച്ച മുഹമ്മദലി

കാളികാവ്-മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസന്വേഷണവും ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കാളികാവ് അഞ്ചച്ചവിടിക്കടുത്ത് മൈലാടിയിലെ മരുദത്ത് മുഹമ്മദലി (49) യെ സ്വന്തം വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത് 2018 സെപ്തംബർ 21 നായിരുന്നു. മുഹമ്മദലി മരിച്ചതിന്റെ നാലാം ദിവസം ഭാര്യ ഉമ്മുൽ സാഹിറ പ്രായപൂർത്തിയാകാത്ത രണ്ടു ആൺകുട്ടികളെയുമായി അപ്രത്യക്ഷയാവുകയായിരുന്നു.
മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കാളികാവ് പോലീസിനു പരാതി നൽകി. ഇതേത്തുടർന്ന് സാധാരണ മരണമെന്ന നിലയിൽ സംസ്‌കരിച്ച മൃതദേഹം കഴിഞ്ഞ വർഷം സെപ്തംബർ 29 ന്  പുറത്തെടുത്തു വീണ്ടും പോസ്റ്റുമോർട്ടം നടത്തി.  റിപ്പോർട്ടിൽ വിഷാംശം അകത്തു ചെന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാളികാവ് പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 112/18, 113/18 എന്നീ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. നേരത്തെ കാളികാവ് പോലീസ് ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മുൽസാഹിറയെയും കുട്ടികളെയും കണ്ടെത്താനോ കേസിനു തുമ്പുണ്ടാക്കാനോ സാധിച്ചിരുന്നില്ല. ഇതിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി, എം.എൽ.എ എന്നിവർക്ക് പരാതികൾ നൽകിയിരുന്നു. മരിച്ച മുഹമ്മദലിയുടെ കൂട്ടുകാരനും കൊല്ലം ജില്ലക്കാരനുമായ യുവാവിന്റെ കൂടെയാണ് ഭാര്യ ഒളിച്ചോടിയതെന്നാണ് വിവരം. മുഹമ്മദലി മരിച്ച രാത്രിയിൽ ഇയാൾ വീട്ടിലുണ്ടായിരുന്നത്രേ. രണ്ടുപേരും ചേർന്നു മുഹമ്മദലിക്ക് വിഷം നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കൊല്ലം ജില്ലക്കാരനായ വ്യക്തി അന്തർസംസ്ഥാന അധോലോക ബന്ധമുള്ള ആളാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം നീണ്ടുപോകുന്നതിനെതിരെ നിയമ നടപടിക്ക് നാട്ടുകാർ ഒരുങ്ങുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയതായി ആക്ഷൻ കൗൺസിലിനു വിവരം ലഭിച്ചത്.
 

Latest News