തിരുവനന്തപുരം- കെ.എസ്.ആർ.ടി.സിയെ കൂടുതൽ നഷ്ടത്തിലേക്ക് നയിച്ച തുഗ്ലക് ഭരണം നടത്തിയ ഗതാഗത സെക്രട്ടറിയെ മാറ്റാൻ ഒരുങ്ങുന്നു. കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് പോകുന്ന തരത്തിലുള്ള സംവിധാനത്തെ ഇനി കൊണ്ടു പോകാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയത് സെക്രട്ടറിയെ മാറ്റുന്നതിന്റെ സൂചനയാണ്. മന്ത്രിസഭാ പുനഃസംഘടനയുണ്ടായാൽ ഗതാഗത വകുപ്പ് ശശീന്ദ്രനിൽ നിന്നും എടുത്തുമാറ്റുന്ന നടപടിക്കും സാധ്യതയുണ്ട്. കെ.എസ്.ആർ.ടിസി.യുടെ ചുമതല വീണ്ടും ടോമിൻ തച്ചങ്കരിക്ക് നൽകണമെന്ന നിർദേശം ശശീന്ദ്രൻ മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ട്.
എം.ഡിയായിരുന്നപ്പോൾ കോർപറേഷന്റെ നഷ്ടം നികത്തുമെന്ന് തച്ചങ്കരി മുമ്പു തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള മാർഗരേഖ തച്ചങ്കരി തയയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ സിഐടിയു നേതാക്കളുമായി സമരസപ്പെടാൻ തയാറാകാത്ത തച്ചങ്കരിയെ സമ്മർദത്തിന് വഴങ്ങി എം.ഡി സ്ഥാനത്തു നിന്നും സർക്കാറിന് നീക്കേണ്ടി വന്നു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായിരുന്ന എം.പി. ദിനേശിനാണ് പകരം ചുമതല കൊടുത്തത്. എന്നാൽ ദിനേശിന് ഒന്നും ചെയ്യാനായില്ല.
കെ.എസ്.ആർ.ടി.സി ബസുകളുടെ മുമ്പിലും പിമ്പിലും ക്യാമറ ഘടിപ്പിച്ച് നിയമ ലംഘകരെ കണ്ടെത്തി പിഴ തുക ഈടാക്കാനുള്ള ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ നോട്ടീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ശമ്പളം ലഭിക്കാത്തതിൽ കെഎസ്ആർഡടിസിയിലെ വിവിധ യൂനിയനുകളുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. എന്നാൽ 18 ാം തീയതി വൈകി ജീവനക്കാർക്ക് ശമ്പളം നൽകിയത് തന്റെ മേൻമയാണെന്ന തരത്തിൽ ഗതാഗത സെക്രട്ടറി കുറിപ്പ് ഇറക്കിയിരുന്നു. ഇത്തരം മണ്ടത്തരങ്ങൾ ആവർത്തിക്കുന്നതിൽ സർക്കാറിനും എതിർപ്പുണ്ട്.
തച്ചങ്കരിയെ തിരിച്ചുകൊണ്ടു വരുന്നതിൽ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനാണ് വിയോജിപ്പ്. ഈ സാഹചര്യത്തിൽ ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റി തച്ചങ്കരിയെ കാര്യങ്ങൾ ഏൽപിക്കാനാണ് നീക്കം. പുറത്താകുമെന്ന് ഏകദേശം ഉറപ്പായതോടെ കെ.എസ്.ആർ.ടി.സിയിലെ സിഐടിയു യൂനിയനെ കൂട്ടുപിടിച്ച് ജ്യോതിലാൽ നീക്കം ആരംഭിച്ചു കഴിഞ്ഞു. തച്ചങ്കരി വീണ്ടും കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തു വരാൻ പോകുന്നു എന്ന തരത്തിൽ പ്രചാരണം നടത്തിയാണ് യൂനിയൻ നേതാക്കളെ ജ്യോതിലാൽ കൂടെ നിർത്തുന്നത്.






