Sorry, you need to enable JavaScript to visit this website.

സമരത്തിന്റെ നേതൃത്വം രാഷ്ട്രീയ കക്ഷികൾ  ഏറ്റെടുക്കണം -ടെലിഗ്രാഫ് എഡിറ്റർ

കോഴിക്കോട് - പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ നേതൃത്വം രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തില്ലെങ്കിൽ വലിയ ദുരന്തമാവും ഫലമെന്ന് ടെലിഗ്രാഫ് എഡിറ്റർ ആർ.രാജഗോപാൽ പറഞ്ഞു. എം എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ തലമുറ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അറച്ചു നിൽക്കുകയാണോയെന്ന് സംശയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് ശേഷം  കോൺഗ്രസ് വലിച്ചിഴച്ചാലല്ലാതെ ഒരു സമരത്തിനും മുമ്പിൽ വന്നിട്ടില്ല. 
ലീഗു പോലുള്ള പാർട്ടികളുടെ  സമ്മർദം കോൺഗ്രസിന് മേൽ ആവശ്യമാണ്.


കേന്ദ്ര സർക്കാർ ആർ.എസ്.എസിന്റെ  അജണ്ട നടപ്പാക്കുകയാണ്. നോട്ട് നിരോധനം, 370 വകുപ്പ് , ബാബ്‌രി എല്ലാം ഈ അജണ്ടയാണ്.
ഓരോ ഇന്ത്യക്കാരനെയും ബാധിച്ച നോട്ടു നിരോധന കാലത്തും ആരും എതിർത്തിട്ടില്ല. ഇവർ ജനവികാരത്തെ ഭയക്കുന്നില്ല. ഇന്റർനെറ്റ് അടച്ചു വെച്ചതിന്റെ ലോക റെക്കോർഡ് രാജ്യം ഭേദിച്ചു കഴിഞ്ഞു. ഇപ്പോൾ നടക്കുന്ന സമരം ജയിച്ചാലും തോറ്റാലും തെളിയിക്കുന്നത് ചോദിക്കാനും പറയാനും ആളുണ്ടെന്നാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ആശ്രയിക്കാവുന്ന കാലം കഴിഞ്ഞു. പ്രതിഷേധത്തിനിടയിലെ അക്രമങ്ങളെ പർവതീകരിക്കുന്നു.


എപ്പോഴും  പാട്ടു പാടി പ്രതിഷേധിക്കാനാവില്ല. അവരുടെ വികാരം മനസ്സിലാക്കണം. ബാബ്‌രി മസ്ജിദ് വിധി സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്തതാണ്. പളളി തകർത്തത് തെറ്റെന്ന് പറയുകയും  പള്ളി പൊളിച്ചവർക്ക് ഭൂമി വിട്ടുകൊടുക്കുകയും ചെയ്യുന്ന വിധിയാണ്. ഇവരുടേത് വെറും വർഗീയതയാണ്. അഴിമതി പോലുമല്ല. ആർ.എസ്.എസിന്റേതിനെ ഹിന്ദുത്വമെന്ന് വിളിക്കരുതെന്നും രാജഗോപാൽ പറഞ്ഞു.
ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു. ഉമർ പാണ്ടികശാല, സി.മമ്മൂട്ടി എംഎൽഎ, സിറാജ് ഇബ്രാഹിം സേട്ട്, എം എ. റസാഖ്, പാറക്കൽ അബ്ദുല്ല എംഎൽഎ, പി.എ.റഷീദ് , ടി.ടി.ഇസ്മാഈൽ സംസാരിച്ചു. വെറുപ്പിന്റെ വ്യാപാരികളാണ് ബി ജെ പി യെന്ന് മുനീർ പറഞ്ഞു.

 

Latest News