Sorry, you need to enable JavaScript to visit this website.

പെരുമ്പാവൂരിൽ മഹല്ല് സംയുക്ത പ്രതിഷേധത്തിൽ പതിനായിരങ്ങൾ

കൊച്ചി-  ഇന്ത്യയെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുന്ന സവർക്കറുടെ കൊളോണിയലിസത്തിന്റെ ഭാഗമാണ് ഇപ്പോൾ മോഡി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ചാലക്കുടി എം.പി ബെന്നി ബെഹനാൻ. പ്രതിഷേധക്കാരെ ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ദേദഗതി നിയമത്തിനെതിരെ കുന്നത്തുനാട് താലൂക്ക് മഹല്ല് സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ സംഘടിപ്പിച്ച സി.എ.എ, എൻ.ആർ.സി ബഹിഷ്‌ക്കരണ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിര നേതാക്കൻമാരായി പ്രവർത്തിച്ച  ഇന്ത്യൻ മുസ്‌ലിംകളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യാൻ ഇന്നത്തെ ഇന്ത്യയുടെ സംഘപരിവാർ സവർണാധികാരികൾക്ക് എന്ത് അർഹതയാണുളളതെന്ന് അദ്ദേഹം ചോദിച്ചു. പെരുമ്പാവൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായി ഈ പരിപാടി മാറിയെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വെട്ടിമുറിക്കാനുളള സവർക്കരുടെ സ്വപ്‌നം ഇന്ത്യയെന്ന പൂങ്കാവനത്തിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെയുളള പ്രക്ഷോഭത്തിൽ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇത് ജനങ്ങളുടെ വായ് മൂടിക്കെട്ടുന്നതിന് തുല്യമാണെന്നും ശക്തമായ പ്രതിഷേധം ഇക്കാര്യത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. മോഡി, അമിത് ഷാ എന്ന പ്രേത പിശാചുക്കളെ അറബിക്കടലിൽ ചവിട്ടിത്താഴ്ത്താൻ ആത്മാഭിമാനമുളള ഇന്ത്യൻ ജനതയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടകം മതേതരത്വമാണെന്നും ചിലയാളുകളെ രാജ്യത്ത് നിന്നും മാറ്റി നിർത്താൻ ശ്രമിക്കുന്നത് മതേതര ഇന്ത്യയുടെ ആത്മാവിന് മുറിവേൽപിക്കുന്നതിന് തുല്യമാണെന്നും എം.പി പറഞ്ഞു.
     

സംഘാടക സമിതി ചെയർമാൻ ടി എച്ച്. മുസ്തഫ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി.  പെരുമ്പാവൂർ ടൗൺ ജുമാ മസ്ജിദ് ഇമാം ഷമീർ ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, അഡ്വ. എൽദോസ് കുന്നപ്പിള്ളി, വി.പി.സജീന്ദ്രൻ, അൻവർ സാദത്ത്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, സംഘാടക സമിതി ജന.കൺവീനർ എം.പി അബ്ദുൽ ഖാദർ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം എൻ.സി മോഹനൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളി, മുശാവറ അംഗം ഇ.എസ് ഹസ്സൻ ഫൈസി, എസ്.വൈ.എസ് ജന. സെക്രട്ടറി ഇസ്മായിൽ സഖാഫി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ.മൂസ മൗലവി, സമസ്താന ജംഇയ്യത്തുൽ ഉലമ നേതാവ് ബഷീർ വഹബി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം യൂസഫ് ഉമരി ,കെ എൻ എം.സംസ്ഥാന സെക്രട്ടറി സ്വലാഹുദ്ദീൻ മദനി, മുജാഹിദ് വിസ്ഡം സെക്രട്ടറി ഷമീർ മദീന, തബ്ലീഗ് ജമാഅത്ത് സെക്രട്ടറി അഡ്വ: ഹസ്സയനാർ സി മുഹമ്മദ് മൗലവി, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, മുസ്‌ലിം ഏകോപന സമിതി ചെയർമാൻ കാഞ്ഞാർ അബ്ദുൽ റസാഖ് മൗലവി, പി.ഡി.പി സംസ്ഥാന കൗൺസിൽ അംഗം സുബൈർ വെട്ടിയാനക്കൽ, കെ.എം.എസ് മുഹമ്മദ്, ടി.എം സക്കീർ ഹുസൈൻ, എം.കെ. ഹംസ ഹാജി, മുഹമ്മദ് വെട്ടത്ത് എന്നിവർ സംസാരിച്ചു.

 

Latest News