ഉംറക്ക് പോകുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞു രണ്ടുപേർ മരിച്ചു

നബീസ, റഹീന

റിയാദ്- ദമാമിൽ നിന്ന് ഉംറക്ക് പോവുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. റിയാദ് മക്ക റോഡിൽ റുവൈദക്കടുത്ത് അൽഗാസിറയിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം.
കോഴിക്കോട് കൊടുവള്ളി പുത്തൂർ സ്വദേശി മൂഴിപ്പുറത്ത് ശംസുദ്ദീന്റെ ഭാര്യ റഹീന (45), സഹോദരി നബീസ (56) എന്നിവരാണ് മരിച്ചത്. ശംസുദ്ദീൻ, മക്കളായ ഫുആദ്, ഫിദ, ഡ്രൈവർ അനീസ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് അപകടം. നഫീസയും റഹീനയും ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. അൽഗാസിറ ആശുപത്രിയി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.


വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ഇവർ ദമാമിൽ നിന്ന് ഉംറക്ക് പുറപ്പെട്ടത്. ശംസുദ്ദീന്റെ മറ്റൊരു മകൻ ഫിറാസ് നാട്ടിലാണുള്ളത്. ദമാമിലുള്ള മകൻ ഫവാസിന്റെയടുത്തേക്ക് ഒന്നര മാസം മുമ്പ് സന്ദർശക വിസയിലെത്തിയ നബീസ ഞായറാഴ്ച നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. മുംതാസ്, ശാനിബ് മറ്റുമക്കളാണ്. പി.ടി അബ്ദുൽ വഹാബ് ഭർത്താവാണ്. മൊയ്തീൻ കുട്ടി ഹാജിയുടെയും ആയിശയുടെയും മകളാണ്. ശംസുദ്ദീന് പുറമെ മുഹമ്മദ്, മുജീബ് (ഇരുവരും റിയാദ്) എന്നിവർ നബീസയുടെ സഹോദരങ്ങളാണ്. 

Latest News