Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നമോയുഗമല്ല, തമോയുഗം 

പൗരത്വ നിഷേധ നിയമത്തെ, ഹിന്ദുവും മുസ്‌ലിമും ഒരുമിച്ചെതിർക്കുന്ന മനോഹരമായ കാഴ്ച രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കാണുമ്പോൾ, വെളിച്ചം ഇനിയും കെട്ടുപോയിട്ടില്ല എന്ന ശുഭപ്രതീക്ഷയാണ് മതേതര മനസ്സുകൾക്കുള്ളത്. നുണകളുടെ ആഘോഷം തീർത്ത് കൊണ്ടുവന്ന ഒരു നിയമത്തെ, സഹിഷ്ണുതയുടെ പാരമ്പര്യം പേറുന്ന ഹിന്ദു മനസ്സുകൾ പോലും ഉൾക്കൊള്ളുന്നില്ല. വർഗീയ ധ്രുവീകരണത്തിനായുള്ള ശ്രമങ്ങളെ എതിർത്തു തോൽപിക്കാൻ മറ്റൊരവസരം ഇനി വരാനില്ല എന്നു മതേതര പാർട്ടികൾ മനസ്സിലാക്കണം.

 

സർക്കാർ ഹൈസ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനാണ് സുരേഷ് ബാബു. പുരോഗമന ചിന്താഗതിക്കാരനായിട്ടും നരേന്ദ്ര മോഡിയോട് പ്രത്യേകമായ ഒരു മമതയുള്ളയാൾ. വർഗീയ ചിന്താഗതിയോ അന്യമത വിദ്വേഷമോ ഇല്ല. പൗരത്വ ബിൽ രാജ്യസഭയിൽ പാസായതിന്റെ അടുത്ത ദിവസം, സ്റ്റാഫ് റൂമിൽ നടന്ന ചൂടേറിയ ചർച്ചക്കിടെ സുരേഷ്, സഹപ്രവർത്തകയായ മലയാളം അധ്യാപിക നസീമ ടീച്ചറോട് ഉറച്ച സ്വരത്തിൽ പറഞ്ഞു: ഇത് പ്രതീക്ഷിച്ചതല്ല ടീച്ചറെ. നിങ്ങൾക്കൊന്നും ഒന്നും സംഭവിക്കില്ല. ഞങ്ങളെല്ലാം കൂടെയുണ്ട്. ഇവർ ഇത്ര ഭീകരന്മാരാണെന്ന് വിചാരിച്ചില്ല.
ഇത് പറയുമ്പോൾ നസീമ ടീച്ചറുടെ വാക്കുകളിൽ അനൽപമായ ആശ്വാസമുണ്ടായിരുന്നു. ഒരു സമൂഹത്തെ മുഴുവൻ ഒറ്റപ്പെടുത്താൻ കൊണ്ടുവന്ന ഒരു നിയമം വഴിമാറി പ്രവർത്തിക്കുന്നത് കാണുമ്പോൾ ബി.ജെ.പിക്കും അബദ്ധമായോ എന്ന് തോന്നുന്നുണ്ടാകണം. രാജ്യമെമ്പാടും കടുത്ത വർഗീയ ധ്രുവീകരണമുണ്ടാക്കുക, അപരത്വം സൃഷ്ടിച്ച് ജനമനസ്സുകളിൽ ഭിന്നതയുടെ വിത്തുകൾ പാകി, ഭൂരിപക്ഷത്തെ എക്കാലത്തും ഒപ്പം നിർത്താമെന്ന വിശ്വാസം -ഇതൊക്കെയാണ് വിവാദമായ പൗരത്വ നിയമ ഭേദഗതിയിലൂടെയും വരാനിരിക്കുന്ന ദേശീയ പൗരത്വ പട്ടികയിലൂടെയും സംഘ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും അത് വിചാരിച്ച ഫലം നൽകുക എളുപ്പമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.
ബി.ജെ.പിയെ എനിക്കിഷ്ടമല്ല, നരേന്ദ്ര മോഡിയെ ഇഷ്ടമാണ് എന്ന് പറഞ്ഞ ജിദ്ദയിലെ ഇടതുപക്ഷ അനുഭാവിയായ (ഹിന്ദു) സുഹൃത്തിനോട് ഒരിക്കൽ കൂടി ചോദിക്കണം: നിങ്ങൾ ഇപ്പോഴും നരേന്ദ്ര മോഡിയെ ഇഷ്ടപ്പെടുന്നുണ്ടോ?

വിഷം നിറച്ച മനസ്സുകൾ
നൂറ്റാണ്ടുകളായി സഹവർത്തിത്വത്തോടെ ജീവിക്കുന്ന സമുദായങ്ങളെ തമ്മിൽ തെറ്റിക്കാനും പരമത വിദ്വേഷമുണ്ടാക്കി പരസ്പരം വെറുക്കാനും ഒരു സർക്കാർ തന്നെ ആസൂത്രിതമായി ശ്രമിക്കുമ്പോൾ അത് ഒരു പരിഷ്‌കൃത സമൂഹത്തിന് എത്ര മാത്രം സ്വീകാര്യമാകും എന്ന് ആലോചിക്കേണ്ടതുണ്ട്. 
ലോകത്തെ ഏറ്റവും സഹിഷ്ണുതയുള്ള മതവും സംസ്‌കാരവുമാണ് ഹിന്ദുമതം. ലോക മതങ്ങളെയും സംസ്‌കാരങ്ങളെയും ഇരുകൈകളാലും വരവേറ്റ മതം. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പാഠങ്ങൾ ഒരു ഹിന്ദുവിനും നാം ഓതിക്കൊടുക്കേണ്ടതില്ല. ഭൗതികമായും ആധ്യാത്മികമായും അത് തെളിയിച്ചിട്ടുണ്ട് അവർ. അവിടേക്കാണ് വിഷബീജങ്ങൾ പാകാൻ ആർ.എസ്.എസ് കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇതര ബി.ജെ.പി നേതാക്കളിൽനിന്ന് വ്യത്യസ്തമായി നരേന്ദ്ര മോഡിക്ക് സർവ സ്വീകാര്യനായ ഒരു ഹിന്ദു നേതാവായി ഉയർന്നുവരാൻ സാധിച്ചിരുന്നു. കരുത്തുള്ള ഒരു രാജ്യത്തെക്കുറിച്ച അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ ഒരു വീരനായക പരിവേഷം ചാർത്തി നൽകിയെന്നത് നേരാണ്. തങ്ങൾക്ക് മുമ്പിൽ രക്ഷകനായി അവതരിച്ച ഒരാളായാണ് അവരിൽ പലരും മോഡിയെ കണ്ടത്. ഗുജറാത്ത് കലാപത്തിന്റെ ചോര പുരണ്ട അധ്യായങ്ങൾ അതിവേഗം വിസ്മൃതിയിലേക്ക് പായിക്കാൻ അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് കഴിഞ്ഞു. പലപ്പോഴും വിഡ്ഢിത്തങ്ങൾ പുലമ്പിയപ്പോഴും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് വലിയ ഇടിവു സംഭവിച്ചില്ല. 
എന്നാൽ പൗരത്വ നിയമത്തിലൂടെ സ്വന്തം അയൽക്കാരനെയും സുഹൃത്തിനെയും അധ്യാപകനെയും സഹപാഠിയെയുമൊക്കെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കണമെന്ന മോഡിയുടെ അത്യാഗ്രഹം ഹിന്ദു സമൂഹത്തിൽ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. കൊടും വർഗീയവാദികൾക്കല്ലാതെ മറ്റാർക്കും അതിനെ പിന്തുണക്കാനാവില്ല. സഹിഷ്ണുതയുടെ പാരമ്പര്യം പേറുന്ന ഹിന്ദു മനസ്സുകൾക്ക് ഈ വിഭജന സന്ദേശം അത്ര വേഗം ഉൾക്കൊള്ളാനാവില്ല. അതുകൊണ്ടാണ് നിങ്ങളിപ്പോഴും നരേന്ദ്ര മോഡിയെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്. ഉത്തരം പറയാനെടുക്കുന്ന ഓരോ നിമിഷത്തെ താമസവും ബി.ജെ.പിക്കുള്ള കഠിനമായ പ്രഹരമല്ലാതെ മറ്റെന്താണ്? 

 

നുണകളുടെ ഫാക്ടറി
നെറ്റിയിൽ കുങ്കുമവും നെഞ്ചിൽ പൂണൂലുമായി ദൽഹിയിലെ സമര വീഥികളിൽ വീര്യം കെടാതെ നിന്ന ഹിന്ദു യുവാക്കൾ നരേന്ദ്രമോഡിക്കും അമിത് ഷാക്കുമുള്ള മതേതര ഭാരതത്തിന്റെ മറുപടിയാണ്. മക്കനയിട്ട പെൺകുട്ടികൾക്ക് മുന്നിൽ അവർ പോലീസിന് നേരെ പ്രതിരോധം തീർത്തു. നുണപ്രചാരണങ്ങൾ നടത്തിയാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ ഈ മാനസിക ഐക്യത്തെ നേരിടുന്നത്. 
പൗരത്വ നിയമത്തിനെതിരെ ജാമിയ മില്ലിയയിൽ സമരത്തിനിറങ്ങിയ വിദ്യാർഥികൾ, ഹിന്ദുക്കളെ ഖബർ വെട്ടി കുഴിച്ചുമൂടുമെന്ന് മുദ്രാവാക്യം വിളിച്ചതായി ഒരു സംഘി നേതാവ് ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചു. ദൽഹിയിൽ, സമരം മുഴുവൻ ലൈവായി റിപ്പോർട്ട് ചെയ്ത മാധ്യമ സുഹൃത്തിനെ ബന്ധപ്പെട്ട് നിജസ്ഥിതി ആരാഞ്ഞപ്പോൾ തിരിച്ചയച്ചു തന്നത് സംഘി നേതാക്കൾ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അസംഖ്യം നുണകളുടെ പട്ടികയായിരുന്നു. ഇതും അതിൽപെട്ട ഒരു നുണ മാത്രം. രാജ്യത്തെമ്പാടും ഇന്റർനെറ്റ് നിരോധിച്ചെങ്കിൽ എന്ന് തോന്നിപ്പോകും നുണകളുടെ ആ പെരുമഴ കണ്ടാൽ. അത്രയേറെ അസംബന്ധ ജഡിലമായ, വർഗീയമായ പരാമർശങ്ങളാണ് അതിലെമ്പാടും. 
ആഭ്യന്തര മന്ത്രി അമിത് ഷാ പൗരത്വ നിയമ ഭേദഗതി ചുട്ടെടുത്തത് തന്നെ അനേകം നുണകളുടെ പിൻബലത്തിലാണ്. രാജ്യസഭയിൽ അദ്ദേഹം നടത്തിയ നുണ പരാമർശങ്ങളുടെ പട്ടിക ദ ഹിന്ദു പത്രം പ്രത്യേക ബോക്‌സിലിട്ടാണ് പ്രസിദ്ധീകരിച്ചത്. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ പീഡനങ്ങളുടെയും ജനസംഖ്യയുടെയും കണക്കുകൾ അമിത് ഷാ പറഞ്ഞത് യാഥാർഥ്യങ്ങളുമായി ഒരു നിലയ്ക്കും പൊരുത്തപ്പെടുന്നതല്ല എന്ന് പത്രം ചൂണ്ടിക്കാട്ടി. അതിലെ പല നുണകൾക്കും ഒരു പത്മകുമാർ, ഗോപാലകൃഷ്ണൻ നിലവാരം പോലുമുണ്ടായിരുന്നില്ല എന്നത് അത്ഭുതകരമാണ്. ഫാസിസത്തിന്റെ ഏറ്റവും വലിയ പണിയായുധം നുണയാണ് എന്നത് ഒരിക്കൽ കൂടി സത്യമാകുന്ന കാഴ്ചക്കാണ് ആ ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്.
1941 ൽ പാക്കിസ്ഥാൻ നടത്തിയ സെൻസസിന്റെ കണക്കുകൾ ഉദ്ധരിച്ച് അവിടെ ന്യൂനപക്ഷ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് വാചാലനായ വി.വി. രാജേഷ് എന്ന ബി.ജെ.പി നേതാവിനോട് 1941 ൽ പാക്കിസ്ഥാൻ ഇല്ലല്ലോ എന്ന് ഓർമിപ്പിക്കേണ്ടി വന്നു അവതാരകക്ക്. എന്നിട്ടും സമ്മതിക്കാൻ അദ്ദേഹം കൂട്ടാക്കുന്നില്ല. എന്റെ കൈയിലിരിക്കുന്ന രേഖകൾ എന്നൊക്കെ പറഞ്ഞ് ചില കടലാസുകൾ ഉയർത്തിക്കാട്ടിയാണ് പലപ്പോഴും ബി.ജെ.പി നേതാക്കളുടെ ആധികാരിക സംസാരം. അത്തരം ഒരു രേഖയുമില്ലെന്ന് പരിമിതമായ ചർച്ചാ സമയത്തിനുള്ളിൽ കണ്ടുപിടിക്കുക അസാധ്യമാണുതാനും. ഇത്തരം നുണ ഉൽപാദിപ്പിക്കുന്ന സംഘ് ഫാക്ടറികളിൽനിന്നുള്ള വിവരങ്ങളാണ് ഒരു സുപ്രധാന നിയമ നിർമാണത്തിനായി ആഭ്യന്തര മന്ത്രി ആശ്രയിക്കുന്നതെങ്കിൽ, ഹാ കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാൻ.

മോഹന സ്വപ്‌നങ്ങൾ
ആർ.എസ്.എസിന്റെ ശാഖായോഗങ്ങളിൽ ഇപ്പോഴത്തെ പ്രധാന ചർച്ച, മുസ്‌ലിംകളൊക്കെ ഇന്ത്യ വിട്ടുപോയാൽ, അവരുടെ സ്വത്തുക്കൾ നമുക്കു കിട്ടുമോ എന്നതാണത്രേ. കിട്ടാതെ എവിടെപ്പോകാൻ എന്ന് സംഘികളെ വ്യാമോഹിപ്പിക്കുന്നു പ്രചാരകുമാർ. സമ്പന്ന മുസ്‌ലിംകളെ നാട്ടിൽനിന്ന് ആട്ടിപ്പായിച്ചാൽ ഉണ്ടാകാൻ പോകുന്ന സൗഭാഗ്യത്തെക്കുറിച്ച ഈ മോഹന സ്വപ്‌നം കാണിച്ചാണ് സംഘ്പരിവാർ, സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ മതവിഷം കുത്തിവെക്കുന്നത്. ഇതിലൂടെ അവരെ എന്തും ചെയ്യാൻ സന്നദ്ധരായ ക്രിമിനലുകളാക്കി മാറ്റാനും മതകലാപത്തിനായി ഇറക്കിവിടാനും സാധിക്കും എന്ന് അവർ കണക്കുകൂട്ടുന്നു. 
സാമൂഹിക അസന്തുലിത്വത്തെക്കുറിച്ച ദുഷ്പ്രചാരണങ്ങൾ മുമ്പേ നമ്മുടെ ചർച്ചകളിൽ സ്ഥാനം പിടിച്ചതാണ്. ഏതെങ്കിലും ഒരു സമൂഹത്തിന്റെ അഭ്യുന്നതിയാണ് മറ്റൊരു സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണം എന്ന് പറയുന്നതിലെ അസാംഗത്യം പോലും ആരും കണക്കിലെടുക്കുന്നില്ല. അവസര സമത്വവും സാമൂഹിക സമത്വവും മുദ്രാവാക്യങ്ങളായി സ്വീകരിച്ച ഒരു സമൂഹത്തെ സംബന്ധിച്ച് അപ്രസക്തമായ വാദങ്ങളാണവ. അത്തരം വിവേചനങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് കാണേണ്ടതും പരിഹരിക്കേണ്ടതും സർക്കാറുകളുടെ ചുമതലയാണ്. മറിച്ച്, ഒരു സമൂഹത്തെ ആട്ടിപ്പായിച്ചും രണ്ടാംകിട പൗരന്മാരാക്കി മാറ്റിയും സ്വത്തുക്കൾ തട്ടിയെടുക്കാമെന്നു വ്യാമോഹിപ്പിക്കുന്നത് എന്തുതരം ഭരണനിർവഹണമാണ്?
പൗരത്വ രജിസ്റ്ററിനായി രേഖകൾ ഹാജരാക്കി സഹകരിക്കില്ലെന്ന ചില സംഘടനകളുടെ പ്രസ്താവനകളെ ഒരു സംഘി നേതാവ് വാട്‌സാപിൽ പുറത്തുവിട്ട ക്ലിപ്പിലൂടെ പരിഹസിക്കുന്നു. അത്തരമാളുകളുടെ ഓരോരോ അവകാശങ്ങളെയായി ഹിന്ദുത്വ സർക്കാർ എങ്ങനെയാണ്  കവർന്നെടുക്കുന്നത് എന്ന് അത്യാഹ്ലാദത്തോടെ വിവരിക്കുന്നുണ്ട് അദ്ദേഹം. റേഷൻ കാർഡ് റദ്ദാക്കും, വിദ്യാഭ്യാസവും ജോലിയും നിഷേധിക്കും, അക്കൗണ്ടുകൾ മരവിപ്പിക്കും... അപ്പോൾ എല്ലാ അവന്മാരും രേഖകളുമായി ക്യൂ നിൽക്കും. ഇത്തരം ശബ്ദരേഖകളുടെ ആധികാരികത ഉറപ്പു വരുത്താനാവില്ലെങ്കിലും വിഷസന്ദേശങ്ങൾ ധാരാളമായി പ്രചരിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്.

ഒരുമയോടെ മുന്നേറണം
പൗരത്വ നിഷേധ നിയമത്തിനെതിരായ സമരങ്ങൾ പലേടത്തും ശക്തിയാർജിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കത്തിപ്പടർന്ന സമരത്തിന് ശക്തി കുറഞ്ഞിട്ടുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന പല സംസ്ഥാനങ്ങളിലും തീക്കളിക്ക് കേന്ദ്രം തയാറാവുകയില്ല.  ഇന്നർലൈൻ പെർമിറ്റ് പോലെ ചില ഉറപ്പുകൾ നൽകി സമരക്കാരെ പിന്തിരിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേക്കും സർവകലാശാലകളിലേക്കും സമരം പടരുന്നു.
എത്രയൊക്കെ ശക്തമായാലും കൃത്യമായ രാഷ്ട്രീയ നേതൃത്വമില്ലാതെ ഈ സമരങ്ങൾ ലക്ഷ്യം കാണില്ലെന്നുറപ്പാണ്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ സമരച്ചൂട് തണുത്തേക്കാം. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയേക്കാം. കാരണം, കൃത്യമായ നേതൃത്വവും ആസൂത്രണവുമില്ലാതെ ഇത്തരം സമരങ്ങൾക്ക് അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ല. അതിനാൽ തന്നെ പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ നേതൃത്വം മതേതര രാഷ്ട്രീയ പാർട്ടികൾ സമ്പൂർണമായി ഏറ്റെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പൗരാവകാശ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും മാത്രം ഈ സമരത്തെ നയിക്കുന്നത് അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമരത്തെ ആക്രമിച്ചു ദുർബലപ്പെടുത്താൻ സർക്കാറിന് അവസരം നൽകും. ഇപ്പോൾ തന്നെ പ്രധാനമന്ത്രിയും പിന്നാലെ സംഘി ഉച്ചഭാഷിണികളും അർബൻ നക്‌സൽ എന്നൊക്കെ വിളിച്ചുകൂവാൻ തുടങ്ങിയിട്ടുണ്ട്.
1925 ൽ രൂപീകൃതമായ ആർ.എസ്.എസിന് നൂറു വയസ്സ് തികയാൻ പോകുകയാണ്. നൂറു വർഷം പിന്നിടുമ്പോൾ ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യം സംഘ് നേടിയെടുക്കുമെന്ന് നേതാക്കൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിനാൽ ഇനിയുള്ള ഓരോ നിമിഷവും മതേതര ശക്തികൾക്ക് നിർണായകമാണ്. നമോയുഗം എന്ന് ബി.ജെ.പി നേതാക്കൾ വിളിച്ച കാലഘട്ടം തമോയുഗമായി മാറുന്ന ആസുരകാലത്തെ ഇരുണ്ട കാഴ്ചകൾക്ക് മേൽ, മതേരതത്വത്തിന്റെയും സമഭാവനയുടെയും വെളിച്ചം വിതറാൻ ഇന്ത്യയുടെ മതേതര മനസ്സിനെ ഒന്നിപ്പിച്ചു നിർത്താൻ ഇനിയും വൈകിക്കൂടാ.
 

Latest News