Sorry, you need to enable JavaScript to visit this website.

ഉന്നാവ് പീഡനം; ബി.ജെ.പി മുൻ എം.എൽ.എക്ക് ജീവപര്യന്തം

ന്യൂദൽഹി- ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗം ചെയ്ത കേസിൽ ബി.ജെ.പി മുൻ എംഎൽഎ കുൽദീപ് സെൻഗറിന് ജീവപര്യന്തം തടവ്. തീസ്ഹസാരി ജില്ലാ സെഷൻസ് ജഡ്ജി ധർമേശ് ശർമയാണ് വിധി പ്രസ്താവിച്ചത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക പെൺകുട്ടിക്ക് നൽകണം. പെൺകുട്ടിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു. 
ഇന്ത്യൻ ശിക്ഷാ നിയമം 363, 366, 376, 506, പോക്‌സോ നിയമങ്ങൾ പ്രകാരമാണ് സെൻഗറിനെ ശിക്ഷ വിധിച്ചത്. മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിചാരണ കോടതി വ്യക്തമാക്കി. കേസിൽ തെളിവുകൾ നശിപ്പിക്കാൻ പ്രതികളുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടായതായും കോടതി ചൂണ്ടിക്കാട്ടി. തനിക്ക് ഒരു പെൺകുട്ടിയാണെന്നും കടുത്ത ശിക്ഷ വിധിച്ചാൽ അവളുടെ ഭാവി അപകടത്തിലാകുമെന്നും സെൻഗർ കോടതിയിൽ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. കനത്ത പിഴ ചുമത്തരുതെന്നും സെൻഗർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 
സംഭവസമയത്ത് താൻ സ്ഥലത്തില്ലായിരുന്നെന്നും പരാതി നൽകിയതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നുമുള്ള സെൻഗറിന്റെ വാദം കോടതി തള്ളി. കുറ്റം നടന്ന സമയത്ത് സെൻഗർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നതിനു മൊബൈൽ ലൊക്കേഷൻ തെളിയിക്കുന്നെന്നു വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി ചൂണ്ടിക്കാട്ടി. പരാതി നൽകാൻ താമസിച്ചു എന്നത് കുറ്റം ചെയ്തതിനെ ന്യായീകരിക്കാൻ പറ്റുന്നതല്ല. കൂടാതെ, പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനു തെളിവുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. 
സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ഓഗസ്റ്റ് അഞ്ച് മുതലാണ് പ്രത്യേക ജില്ലാ സെഷൻസ് കോടതി ദിനംപ്രതി കേസിൽ വാദം കേട്ടത്. 2017 ജൂണിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജെപി എംഎൽഎ ആയ സെൻഗാർ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്തത്. ഇതിനു ശേഷം 60,000 രൂപയ്ക്ക് വിറ്റ പെൺകുട്ടിയെ പോലീസാണ് രക്ഷിച്ചത്. ഇതിനു പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ വിഷയം ദേശീയ പ്രശ്‌നമായി മാറി. 
ഇതിനു പിന്നാലെ 2019 ജൂലൈയിൽ പെൺകുട്ടിയെയും കുടുംബത്തെയും ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും വലിയ കോളിളക്കത്തിനിടയാക്കി. അതീവ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെയും അഭിഭാഷകനെയും സുപ്രീം കോടതി ഇടപെട്ടാണ് എയർ ആംബുലൻസ് മുഖേനെ ഡൽഹിയിലേക്കു മാറ്റുകയും ദൽഹി കോടതിയിൽ പ്രത്യേക വിചാരണ നടത്താൻ നിർദേശിക്കുകയുമായിരുന്നു. അപകടത്തിനു മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പെൺകുട്ടി എഴുതിയ കത്ത് പ്രകാരമാണ് കേസുകളുടെ വിചാരണ ഡൽഹിയിലേക്ക് മാറ്റിയത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കേസിലും സെൻഗാർ പ്രതിയാണ്. രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് പെൺകുട്ടിയെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായത്.
മാനഭംഗ പരാതി ഉയർന്നതിന് പിന്നാലെ 2018 ഏപ്രിൽ മൂന്നിന് പെൺകുട്ടിയുടെ അച്ഛനെ അനധികൃതമായി ആയുധം കൈവശം വെച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ ഒമ്പതിന് ഇവരുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇപ്പോൾ പെൺകുട്ടിയുടെ കുടുംബത്തിന് സിആർപിഎഫ് സുരക്ഷ നൽകിയിട്ടുണ്ട്. ഡൽഹി വനിതാ കമ്മീഷന്റെ സംരക്ഷണയിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് പെൺകുട്ടിയും കുടുംബവും ഇപ്പോൾ കഴിയുന്നത്.

Latest News