Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമത്തിനെതിരെ മുസ്‌ലിം സംഘടനകൾ സംയുക്ത പ്രക്ഷോഭത്തിന്

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളെ കുറിച്ച്  ആലോചിക്കാൻ കൊച്ചിയിൽ ചേർന്ന വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗത്തിൽ മുസ്‌ലിം ലീഗ്  സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സംസാരിക്കുന്നു.

 കൊച്ചി- പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ മുസ്‌ലിം സംഘടനകൾ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് എറണാകുളത്ത് സമര പ്രഖ്യാപന സമ്മേളനം നടത്താൻ വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. എൻ.ആർ.സിയും പൗരത്വ ഭേദഗതി നിയമവും ഭരണഘടന വിരുദ്ധവും ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വാരം കോഴിക്കോട് നടന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത വേദിയുടെ തീരുമാന പ്രകാരം ചേർന്ന യോഗത്തിൽ  കേരളത്തിലെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ സമുന്നത നേതാക്കളെല്ലാം പങ്കെടുത്തു. 


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കെ.എൻ.എം മർക്കസുദഅ്‌വ, മുസ്‌ലിംലീഗ്, കെ.എം.ഇ.എ, എം.ഇ.എസ്, എം.എസ്.എസ്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, എറണാകുളം ജില്ലാ ജമാഅത്ത് കൗൺസിൽ, മഹല്ല് കോർഡിനേഷൻ കമ്മിറ്റി, വിവിധ ജമാഅത്ത് കൗൺസിലുകൾ എന്നിവയുടെ പ്രതിനിധികളാണ് സംയുക്ത യോഗത്തിൽ പങ്കെടുത്തത്.
മുസ്‌ലിം സംഘടനകളുടെ സംയുക്ത വേദി ജനറൽ കൺവീനറും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി.എ മജീദ് യോഗത്തിൽ അധ്യക്ഷനായി. 


വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഇ.എസ് ഹസൻ ഫൈസി, വി.എച്ച് അലിദാരിമി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, ബഷീർ വഹബി, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബൂബക്കർ ഫാറൂഖി, എൻ.പി ഫൈസൽ, ടി.എം സക്കീർ ഹുസൈൻ, ടി.കെ അബ്ദുൽ കരീം, സലാഹുദ്ദീൻ മദനി, എ.എം പരീത്, പി.കെ അബൂബക്കർ, പി.കെ സുലൈമാൻ മൗലവി, കെ.എം അബ്ദുൽ മജീദ്, വി.ഇ അബ്ദുൽ ഗഫൂർ, എൻ.കെ നാസർ, അബ്ദുൽ മജീദ് പറക്കാടൻ, എൻ.കെ ഷംസുദ്ധീൻ, കെ.എം ലിയാഖത്ത് അലി, എ.അഹമ്മദ് കുട്ടി ഹാജി, എം.എം ബഷീർ മദനി, കെ.എം കുഞ്ഞുമോൻ, കെ.എ സുബൈർ, എം.എ അലി, കെ.കെ കബീർ, കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, എൻ.കെ മുഹമ്മദ് ഫൈസി, സിയാദ് ചെമ്പറക്കി തുടങ്ങിയവർ സംസാരിച്ചു. 
മതേതര ജനാധിപത്യ മൂല്യങ്ങളെ തകർത്ത് ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള മോഡി-അമിത്ഷാ കൂട്ടുകെട്ടിനെതിരെ മതേതര മനസുകളും പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.  

 

 

Latest News