എൻ.ആർ.സിയും സി.എ.എയും കെട്ടുകെട്ടിക്കുന്നത് വരെ പ്രക്ഷോഭം - ടി. ആരിഫലി

ജമാഅത്തെ ഇസ്‌ലാമി മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജനറാലി
ജമാഅത്തെ ഇസ്‌ലാമി മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജനറാലി

മലപ്പുറം - രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ഇല്ലാതാക്കുന്ന എൻ.ആർ.സിയും സി.എ.എയും കെട്ടുകെട്ടിക്കുന്നതുവരെ രാജ്യത്ത് മുഴുവൻ പ്രക്ഷോഭങ്ങൾ അലയടിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ആവശ്യപ്പെട്ടു.  
ഇതിനെ പൗരത്വ ഭേദഗതി ബില്ലെന്നല്ല, പൗരത്വ വിവേചന നിയമമെന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  ജമാഅത്തെ ഇസ്‌ലാമി കേരള മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന റാലിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ അടിയന്തരാവസ്ഥയെ കെട്ടുകെട്ടിച്ച ഇന്ത്യ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി തന്നെ സംഘ്പരിവാറിനെ കെട്ടുകെട്ടിക്കുക മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രത്തെ ഇന്ത്യൻ മണ്ണിൽ കുഴിച്ചുമൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  
ദൽഹിയിലെ വ്യത്യസ്ത യൂനിവേഴ്‌സിറ്റികളിൽ നടക്കുന്ന സമരത്തെ വളരെ ക്രൂരമായാണ് നേരിടുന്നത്.   വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്നു.  വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നു.  പോലീസാണ് ഇവിടെ കലാപമുണ്ടാക്കുന്നത്.  കഴിഞ്ഞ ദിവസം ദൽഹിയിൽ ചേർന്ന മുഴുവൻ മുസ്‌ലിം സംഘടനകളുടെയും പൗരാവകാശ സംഘടനകളുടെയും യോഗം വിദ്യാർത്ഥികളുടെ സമരത്തെ ഏറ്റെടുത്ത് നയിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ആരിഫലി പറഞ്ഞു. 


ബാബ്‌രി മസ്ജിദ് വിധിയോടെ ജുഡീഷ്യറി കൈയൊഴിയുന്നുവെന്ന തോന്നലും സി.എ.എ വന്നപ്പോൾ ഇന്ത്യയിൽ തങ്ങൾ രണ്ടാം പൗരന്മാരായി മാറുന്നുവെന്ന തോന്നലും എൻ.ആർ.സി കൂടി വന്നതോടെ തങ്ങളെ ശാരീരികമായി കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലും മുസ്‌ലിം സമൂഹത്തിനുണ്ടായിട്ടുണ്ട്.  എന്നാൽ ഇതിനെ വർഗീയവൽക്കരിക്കാതെ യുവതക്ക് ഇതിനെതിരായ പ്രക്ഷോഭങ്ങൾക്ക് ദിശാബോധം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  
ഇതുവരെ കൈകൂപ്പി നിന്ന ഗുജറാത്തിലെ ഖുത്ബുദ്ദീനായിരുന്നു സമുദായത്തിന്റെ പ്രതീകമെങ്കിൽ ഇനി മുതൽ പോലീസുകാരുടെ മുഖത്തു നോക്കി കൈചൂണ്ടി സംസാരിച്ച ആയിശ റന്നയായിരിക്കും ആ പ്രതീകമെന്ന് ആരിഫലി പറഞ്ഞു.  
ഭരണകൂടം പ്രതീക്ഷിക്കാത്ത രീതിയിൽ രാജ്യത്ത് വളർന്ന പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ നാടിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ ജീവൻ നൽകാനാണ് പുതിയ നീക്കം.  ധീരജവാന്മാരുടെ ജീവൻകൊണ്ട് തോന്യാസം കളിക്കരുതെന്ന് ആരിഫലി ആവശ്യപ്പെട്ടു.


ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.  സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചതുപോലെ മതത്തിന്റെ പേരിൽ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘ്പരിവാർ ഭരണകൂടവും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.  സി.എ.ബി. ഏതെങ്കിലും മതത്തിനല്ല, ഇന്ത്യക്കു തന്നെ എതിരാണെന്നും അതിനെതിരെ സമരങ്ങൾ ശക്തിപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഈ സമരം ഏതെങ്കിലും പാർട്ടികളുടെ കോണിൽ ഒതുങ്ങി നിൽക്കില്ലെന്നും എല്ലാവർക്കും സമരം നടത്താനുളള അവകാശമുണ്ടെന്നും എല്ലാവരും കൂട്ടായോ ഒറ്റക്കോ സമരം നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.


സംഘ്പരിവാരിനോട് എതിരിട്ട് ഐ.എ.എസ് പദവി രാജിവെച്ച ശശികാന്ത് സെന്തിൽ മുഖ്യാതിഥിയായിരുന്നു.  
മാധ്യമം മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പി. മുജീബുറഹ്മാൻ, കുഞ്ഞിമുഹമ്മദ് പറപ്പൂർ, എ.പി. അബ്ദുൽ വഹാബ്, വി.എച്ച്. അലിയാർ ഖാസി, ഡോ. പി.കെ. പോക്കർ, ഡോ. എം.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. ജാബിർ അമാനി, ഹമീദ് വാണിയമ്പലം, പി.കെ. പാറക്കടവ്, എൻ.പി. ചെക്കുട്ടി,  നഹാസ് മാള, പി. റുക്‌സാന, അഫീദ അഹമ്മദ്, സാലിഹ് കോട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ സ്വാഗതവും ജില്ലാ പ്രസിഡന്റ് സലീം മമ്പാട് നന്ദിയും പറഞ്ഞു.

 

ബഹുജന റാലിയിൽ പ്രതിഷേധമിരമ്പി

മലപ്പുറം - പൗരത്വ ഭേദഗതി നിയമം തള്ളിക്കളയുക എന്ന മുദ്രാവാക്യമുയർത്തി ജമാഅത്തെ ഇസ്‌ലാമി കേരള മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജനറാലി ശക്തമായ താക്കീതായി.  ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യത്തിനു നിരക്കാത്ത എൻ.ആർ.സിയും സി.എ.എയും തള്ളിക്കളയുമെന്ന് ബഹുജനറാലി പ്രഖ്യാപിച്ചു. മലപ്പുറം നഗരിയെ പിടിച്ചുകുലുക്കിയ റാലിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനായിരങ്ങളാണ് അണിനിരന്നത്. 
വൈകുന്നേരം 3.30 ന് എം.എസ്.പി ഗ്രൗണ്ട് പരിസരത്ത് നിന്നുമാരംഭിച്ച റാലി അഞ്ചു മണിയോടെ സമ്മേളന നഗരിയായ കിഴക്കേതല മൈതാനിയിൽ എത്തി ഏറെ നേരം കഴിഞ്ഞും പിൻനിര പ്രകടനം ആരംഭിച്ചിരുന്നില്ല. 


എൻ.ആർ.സിയും സി.എ.എയും ഭിന്നിപ്പിന്റെ പുതുതന്ത്രങ്ങൾ, അവകാശങ്ങൾ ഇല്ലാതാക്കും പൗരത്വത്തെ ചോദ്യംചെയ്യുക, വംശീയതയുടെ രാഷ്ട്രീയം തള്ളിക്കളയുക പ്രതിരോധിക്കുക, രാജ്യമൊട്ടുക്കും ആളിപ്പടരും, പ്രക്ഷോഭങ്ങൾക്ക് അഭിവാദ്യങ്ങൾ തുടങ്ങിയ മുദ്രാവാക്യങ്ങൾ ബഹുജനറാലിയിലുയർന്നു. വ്യത്യസ്ത മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്ലോട്ടുകളുയർത്തിയാണ് റാലി നടന്നത്.  ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന പ്രകടനത്തിൽ കൈക്കുഞ്ഞുങ്ങളുമായി പങ്കെടുത്ത സ്ത്രീകൾ റാലിയെ ശ്രദ്ധേയമാക്കി.  
ബഹുജനറാലിക്ക് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സംസ്ഥാന ശൂറാ അംഗങ്ങളായ കൂട്ടിൽ മുഹമ്മദലി, സി.വി. ജമീല, റഹ്മത്തുന്നീസ ടീച്ചർ, കളത്തിൽ ഫാറൂഖ്, ആർ. യൂസുഫ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, അബ്ദുൽ ഹഖീം നദ്‌വി തുടങ്ങിയവർ നേതൃത്വം നൽകി.

Latest News