റിയാദ്- ഇരുപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ശമ്പളം ബാങ്ക് വഴിയാക്കുന്ന ശമ്പള സുരക്ഷാ പദ്ധതിയുടെ 14 ാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഇതിനുള്ള നടപടികളിലേക്ക് മന്ത്രാലയ ഉദ്യോഗസ്ഥർ പ്രവേശിച്ചു.
രണ്ട് വർഷം മുമ്പ് മന്ത്രാലയം ആവിഷ്‌കരിച്ച ശമ്പള സുരക്ഷാ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെയും സ്വദേശികളുടെയും ശമ്പളം സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കലും ശമ്പളം നൽകൽ ഉറപ്പു വരുത്തലുമാണ് പദ്ധതി കൊണ്ട് മന്ത്രാലയം ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കിയതോടെ ശമ്പളവുമായി ബന്ധപ്പെട്ട പരാതികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.