Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസത്യങ്ങൾ വേർതിരിക്കാൻ ഇൻസ്റ്റഗ്രാമും 

വ്യാജ വാർത്തകൾക്കെതിരായ പോരാട്ടം ആഗോള വ്യാപകമാക്കി ഇൻസറ്റ്ഗ്രാം. വസ്തുതകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം ഇൻസ്റ്റഗ്രാമിൽ ഇതുവരെ അമേരിക്കയിൽ മാത്രമാണ് ലഭ്യമായിരുന്നതെങ്കിൽ ഇനി അത് ലോകത്ത് എല്ലായിടത്തും ലഭിക്കും. ഫേസ് ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ഈ വർഷം ആദ്യമാണ് ഫാക്ട് ചെക്കിംഗ് നെറ്റ് വർക്ക് അമേരിക്കയിൽ ആരംഭിച്ചത്. 
വ്യാജ ഫോട്ടോകളും വീഡിയോകളും മീഡിയ വ്യവസായത്തിനു തന്നെ വൻ ഭീഷണിയായി ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ജനപ്രിയ ആപ്പുകളിലൊന്നായ ഇൻസ്റ്റഗ്രാം നടപടി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരായ തങ്ങളുടെ പോരാട്ടത്തിൽ സുപ്രധാന ചുവടുവെപ്പാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.


മറ്റു സോഷ്യൽ മീഡിയകളെന്ന പോലെ, വ്യാജ വാർത്തകളുടെ പ്രചാരണത്തിന് സഹായിക്കുന്ന ഫേസ് ബുക്കിനും ഇൻസറ്റഗ്രാമിനും മേൽ അമേരിക്കയിൽനിന്നു മാത്രമല്ല, ആഗോള വ്യാപകമായി തന്നെ സമ്മർദം ശക്തമായിരുന്നു. വ്യാജ പോസ്റ്റുകൾ കണ്ടെത്താനും വിശകലനം ചെയ്യാനും ലേബൽ നൽകാനും പുറമെ നിന്നുള്ള ആപ്പുകളുടെയും സംഘടനകളുടെയും സഹായമാണ് ഇൻസ്റ്റഗ്രാം തുടക്കത്തിൽ തേടിയിരുന്നത്. അതേസമയം ഫേസ് ബുക്ക് 2016 ൽ ഇതിനായി സ്വന്തം സംവിധാനം ആരംഭിച്ചിരുന്നു. 


30 രാജ്യങ്ങളിലും ഒമ്പത് ഭാഷകളിലുമായി വാർത്താ ഏജൻസിയായ എ.എഫ്.പി ഇക്കാര്യത്തിൽ ഫേസ് ബുക്കുമായി സഹകരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ വസ്തുതയും എ.എഫ്.പി പരിശോധിക്കും. വാർത്താ സ്ഥാപനങ്ങളും ഫാക്ട് ചെക്കർ സ്ഥാപനങ്ങളുമടക്കം അറുപതോളം മീഡിയകളാണ് ആഗോള വ്യാപകമായി ഫേസ് ബുക്കുമായി സഹകരിക്കുന്നത്. വ്യാജ വാർത്തകൾ അസത്യ ഗണത്തിൽ പെടുത്തുന്നതോടെ ന്യൂസ് ഫീഡിൽ കൂടുതൽ പേർക്ക് കാണാനാകില്ല. വ്യാജമെന്ന് കണ്ടെത്തിയ വിവരം ആരെങ്കിലും ഷെയർ ചെയ്യാൻ ശ്രമിച്ചാൽ ഫേസ് ബുക്ക് അവർക്ക് മുമ്പാകെ വസ്തുതാന്വേഷണ വിവരം സമർപ്പിക്കും. ഫേസ് ബുക്കിൽനിന്ന് പോസ്റ്റുകൾ നീക്കം ചെയ്യാതെ അവയെ കുറിച്ചുള്ള അന്വേഷണത്തിന് ഫാക്ട് ചെക്കിംഗ് സ്ഥാപനങ്ങൾക്ക് സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത്. 
ഇമേജ് മാച്ചിംഗ് ടെക്‌നോളജി ഉപയോഗിച്ച് തെറ്റായ വിവരങ്ങളും ഫോട്ടോകളും കണ്ടെത്തി വ്യാജമാണെന്ന് മുദ്ര കുത്തുന്നതോടെ അവയുടെ പ്രചാരണം തടയാൻ സാധിക്കുമെന്ന് ഇൻസ്റ്റഗ്രാം പത്രക്കുറിപ്പിൽ അറിയിച്ചു.


ഫേസ് ബുക്കിൽ വസ്തുതാ വിരുദ്ധമെന്നോ അർധ സത്യമെന്നോ ലേബൽ ചെയ്യുന്ന പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിലും അത് ബാധകമാകും. ഇൻസ്റ്റഗ്രാമിൽ ലേബൽ ചെയ്യപ്പെടുന്ന പോസ്റ്റുകൾക്ക് ഫേസ് ബുക്കിലും വിലക്ക് ബാധകമാകും. ഉപയോക്താക്കൾക്കെതിരായ ഉപദ്രവം തടയതുന്നതിന് ഈ വർഷാദ്യം വികസിപ്പിച്ച ഫീച്ചറും ഇൻസ്റ്റഗ്രാം വ്യാപിപ്പിക്കുന്നുണ്ട്. 
ഉപയോക്താക്കൾ എഴുതുന്ന അടിക്കുറിപ്പുകളും കമന്റുകളും നിർമിത ബുദ്ധി വിശകലനം ചെയ്ത് അപ്പോൾ തന്നെ അവ കുറ്റകരമാണോ എന്ന് അറിയിക്കും.
ഓരോ വാക്കും ഉപയോഗിക്കുന്നതിനു മുമ്പ് രണ്ടു തവണ ചിന്തിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ ഇത്തരം നടപടികളിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഇൻസ്റ്റ്ഗ്രാം പറയുന്നു. 

 

Latest News