Sorry, you need to enable JavaScript to visit this website.
Saturday , November   27, 2021
Saturday , November   27, 2021

പുതുവൈപ്പ് വീണ്ടും പോരാട്ടത്തിലേക്ക്

ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന പുതുവൈപ്പ് എൽ.പി.ജി പ്ലാന്റിന്റെ നിർമാണവുമായി വീണ്ടും മുന്നോട്ടു പോകാനാണ് സർക്കാർ നീക്കം. വൻ സുരക്ഷാ മുൻകരുതലുകളോടെയാണ് നിർമാണം ആരംഭിക്കുന്നത്. വലിയ പോലീസ് സന്നാഹത്തെ രംഗത്തിറക്കിയും സ്ഥലത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചുമാണ് നിർമാണം തുടങ്ങാൻ സർക്കാർ തയാറെടുക്കുന്നത്. എന്നാൽ എന്തു വില കൊടുത്തും അതു തടയാനാണ് നാട്ടുകാരുടെയും സമര സമിതിയുടെയും തീരുമാനം. 
ഏഷ്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയിൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പറവൂരിനു താഴെയുള്ള കടലോര പ്രദേശമായ പുതുവൈപ്പിൻ. പതിനൊന്നര കിലോമീറ്റർ ചുറ്റളവ് മാത്രമുള്ള ഇവിടെ  പകുതി ഭാഗം വെള്ളമാണ്. അവിടെയാണ് 65,000 കുടുംബങ്ങൾ താമസിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും  പിന്നോക്ക സാമൂഹ്യ സാഹചര്യങ്ങൾ ഉള്ളവർ. 1995 കാലഘട്ടത്തിൽ എറണാകുളം നഗരം തന്നെ കൈയടക്കിക്കൊണ്ട് കുടിവെള്ള സമരം നടത്തി അവകാശം നേടിയെടുത്തവരാണ് പുതുവൈപ്പിൻ ജനത. ആ പ്രക്ഷോഭത്തിലൂടെയാണ് പ്രദേശത്തുള്ളവർക്ക് ഹെഡ്കോ പദ്ധതി വഴി കുടിവെള്ളമെത്തുന്നത്. കൂടാതെ വൈപ്പിൻ എറണാകുളം പാലം സമരം, കർഷക തൊഴിലാളി സമരം, ചെത്ത് തൊഴിലാളി സമരം, ഫെറി ചാർജ് വർധിപ്പിച്ചപ്പോൾ അതിനായി നടത്തിയ സമരം, മദ്യവിരുദ്ധ സമരം, ജപ്തി വിരുദ്ധ സമരം തുടങ്ങി വലിയ സമര പാരമ്പര്യം തന്നെ ഈ ജനതക്കുണ്ട്. അവർക്കു മേലാണ് എൽ.എൻ.ജി പദ്ധതി  അടിച്ചേൽപിക്കാൻ ഭരണകൂടം ശ്രമിക്കുന്നത്.    
കടൽ തീരത്തു ഭൂമിക്കടിയിൽ തയാറാക്കുന്ന കൂറ്റൻ ടാങ്കുകളിലേക്ക് ജെട്ടിയിൽ വന്നു നിൽക്കുന്ന ഇന്ധന കപ്പലിൽ നിന്നും പ്രകൃതി വാതകം പൈപ്പ് വഴി ടാങ്കുകളിൽ ശേഖരിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്രകൃതി വാതക ടെർമിനൽ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതി വാതകം ഉയർന്ന മർദത്തിൽ ദ്രവീകരിപ്പിക്കുന്ന പ്രവർത്തനവും ഇവിടെ നടക്കും. ഈ ദ്രാവക രൂപത്തിലുള്ള പ്രകൃതി വാതകമായിരിക്കും പുറത്തേക്ക് കൊണ്ടുപോകുക.
പദ്ധതിക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയൊന്നും ഇല്ലാതെ പ്രദേശവാസികളാണ് ജനകീയ സമരം നടത്തുന്നത്. ഏതു നിമിഷവും അപകടം സമ്മാനിക്കാവുന്ന മനുഷ്യ നിർമിത ബോംബായാണ് സമരക്കാർ ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. പദ്ധതി നിലനിൽക്കുന്ന സ്ഥലവും ജനങ്ങളുടെ വീടുകളും തമ്മിൽ കേവലം 30 മീറ്റർ ദൂരം മാത്രമേ പല സ്ഥലത്തും വ്യത്യാസമുള്ളൂ. പദ്ധതിയുടെ ചുറ്റുമതിൽ നിർമാണം പരിസ്ഥിതി മന്ത്രാലയത്തിന്റെ പോലും അനുമതി വാങ്ങാതെയാണ് നടപ്പാക്കിയത്. തീരദേശ പരിപാലന നിയമത്തിന്റെ കടുത്ത ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ കാണാനാകും. 
ജനങ്ങൾക്കിടയിൽ അവബോധം നൽകാൻ കമ്പനി പുറത്തിറക്കിയ പുസ്തകത്തിൽ പറയുന്നത് പ്രകൃതി വാതകം ചോർന്നു പുറത്തേക്ക് വന്നാൽ 6 മിനിറ്റ് ദൈർഘ്യമുള്ള സൈറൺ മുഴങ്ങും. അപ്പോൾ കാറ്റിന്റെ ഗതി നോക്കി ഓടണം എന്നാണ്. കാറ്റിന്റെ ഗതി നോക്കാൻ പോലും അവർ വഴി പറയുന്നുണ്ട്. തൂവാല പിടിച്ചോ മണ്ണ് തൂവിയിട്ടോ അത് മനസ്സിലാക്കാം. എന്നിട്ട് ആ ദിശയിൽ ഓടണം എന്നാണ്. രാത്രി ആണെങ്കിൽ ശബ്ദമുണ്ടാക്കി അയൽക്കാരെ വിവരം അറിയിക്കാനും വളർത്തു മൃഗങ്ങളെ കെട്ടഴിച്ചു വിടുവാനും നിർദേശങ്ങൾ ഉണ്ട്. അപകടം ഉണ്ടാകുമോ ഇല്ലയോ എന്നുള്ളതിനെക്കുറിച്ചു കമ്പനിക്ക് ഉറപ്പില്ല എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. 
15,450 ടൺ ശേഷിയുള്ള കൂറ്റൻ ടാങ്കുകളാണ് പുതുവൈപ്പിനിൽ സ്ഥാപിക്കാൻ പോകുന്നത്. 500 ഓളം ടാങ്കറുകളാണ് ദിനംപ്രതി ഇവിടെ നിന്ന് വാതകവുമായി പോവുക. പദ്ധതിക്കെതിരെ സമരം ആരംഭിക്കുന്നത് 2009 ലാണ്. 2010 റിപ്പബ്ലിക് ദിനത്തിൽ ആയിരങ്ങൾ കൈകോർത്ത മനുഷ്യച്ചങ്ങല തീർത്തു. ഒരു ഘട്ടത്തിൽ സ്ഥലം എം.എൽ.എ എസ്. ശർമ്മ സമരത്തിൽ പങ്കെടുത്തിരുന്നു. 2012 ൽ കമ്മീഷൻ ചെയ്യും എന്ന് പറഞ്ഞ പദ്ധതിക്ക് ഇപ്പോഴും  അടിസ്ഥാന സൗകര്യ വികസനം പോലും പൂർത്തിയാക്കിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പഠന സംഘത്തെ  നിയോഗിച്ചിരുന്നു. ഈ സംഘവും മുൻ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ വി.എസ്. വിജയന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മറ്റൊരു സംഘം നടത്തിയ പഠനവും  പദ്ധതി ജനജീവിതത്തെ ബാധിക്കും എന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. മേഖലയിലെ മണ്ണെടുപ്പ്, അവിടെ ഉണ്ടാകാവുന്ന അത്യാഹിതങ്ങൾ, കടൽ ജലം ഒഴുകിപ്പോകാനായി വികസനം കൊടുക്കേണ്ടതായ ഡ്രൈനേജ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ കക്ക ശേഖരിച്ചു ജീവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം കൊടുക്കണം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരമ്പരാഗതമായ അവകാശങ്ങൾ  സംരക്ഷിക്കപ്പെടണം എന്നൊക്കെ നിർദേശിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ കടലിന്മേലുള്ള പരമ്പരാഗതമായ അവകാശങ്ങൾ ഈ പദ്ധതി ഹനിക്കുന്നുണ്ട് എന്നത് തന്നെയാണ് വസ്തുത. വീടുകൾ അപകട മേഖലയിൽ വരുന്നുണ്ട് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 
വർഷകാലത്തെ അപകടകരമായ തിരമാലകൾ, കൊടുങ്കാറ്റ്, സമുദ്ര നിരപ്പുയരുന്നത് തുടങ്ങി സുനാമി വരെയുള്ള അപകട സാധ്യതകൾ കണക്കിലെടുത്താവണം റിസ്‌ക് അനാലിസിസ് എന്നതാണ് മറ്റൊരു പ്രധാന നിർദേശം. പദ്ധതി പ്രവർത്തനം തുടങ്ങുമ്പോൾ പ്രദേശത്തു കൂടി വരുന്ന ആയിരക്കണക്കിന് ടാങ്കർ ലോറികൾ മുതൽ വലിയ വാൻ ഗ്യാസ് ടാങ്കുകൾ വരെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. 
എന്നാൽ ഇതിലൊന്നും തന്നെ പദ്ധതി അപകട സാധ്യത നിലനിൽക്കുന്നതാണെന്നോ അപകട സാധ്യത ഉണ്ടെങ്കിൽ അത് എത്രമാത്രം ജനങ്ങളെ ബാധിക്കുന്നതാണെന്നോ ചർച്ച ചെയ്യുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഈ സമിതിയുടെ നിർദേശങ്ങൾ സമര സമിതി തള്ളിക്കളഞ്ഞിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതിക്ക് അനുമതി നൽകിയത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.  അനുമതി നൽകിയ ബെഞ്ചിന് വൈദഗ്ധ്യം ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിയമ സാധുത ഇല്ലെന്നുള്ള സുപ്രീം കോടതി വിധി. 
പരിസരത്ത് പ്രശ്‌ന ബാധിതരായ ജനങ്ങളാണ് സമരം മുന്നോട്ട്് കൊണ്ടുപോകുന്നത്. പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തത് സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനായിരുന്നു. അതു കൂടാതെ വി.എം. സുധീരനെ പോലെയുള്ള നേതാക്കളും നിരവധി സാംസ്‌കാരിക നായകരും പരിസ്ഥിതി പ്രവർത്തകരും സമര സംഘടനകളും  സമരത്തോട് ഐക്യപ്പെട്ടിട്ടുണ്ട്. പതിവു പോലെ  തീവ്രവാദികളെന്ന ആരോപണമാണ് സമരത്തിനെതിരെ സർക്കാർ ഉപയോഗിക്കുന്നത്. 2017 ൽ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ കുട്ടികളടക്കം 40 പേർ ആശുപത്രിയിലായി. തൊട്ടടുത്ത ദിവസങ്ങളിലും മർദനങ്ങൾ നടന്നു. 
400 ഓളം പേരെ കള്ളക്കേസുകളിൽ കുടുക്കി. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തേക്ക് വമ്പിച്ച ജനകീയ മാർച്ച് നടന്നു. കമ്മീഷണർ യതീഷ് ചന്ദ്രക്ക് എതിരെ കടുത്ത വിമർശനവുമായി  മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. യതീഷ് ചന്ദ്രയോടു നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദേശിച്ചു. തുടർന്ന് നടന്ന തെളിവെടുപ്പിൽ മർദനം അഴിച്ചുവിട്ട യതീഷ് ചന്ദ്രയെ മർദനമേറ്റ കുട്ടികളിൽ ഒരാളായ ഏഴു വയസ്സുകാരൻ അലൻ ചൂണ്ടിക്കാണിച്ചു കൊടുത്ത ചിത്രം  വൈറലായിരുന്നു. 
തുടർച്ചയായ ഈ സമരങ്ങളുടെ ഫലമായി നിർത്തിവെച്ചിരുന്ന പ്രവർത്തനമാണ് ഏകക്ഷീയമായി വീണ്ടും തുടങ്ങാനായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും വരാൻ പോകുന്നത് ശക്തമായ ജനകീയ പോരാട്ടങ്ങളായിരിക്കും എന്നുറപ്പ്.

Latest News