Sorry, you need to enable JavaScript to visit this website.

കര്‍ണാടക മന്ത്രിയുടെ ഓഫീസുകളില്‍ റെയ്ഡ് തുടരുന്നു; പിടികൂടിയ 15 കോടിയും സ്വര്‍ണവും മന്ത്രിയുടേതല്ലെന്ന് സഹോദരന്‍

മന്ത്രി ഡി.കെ ശിവകുമാര്‍

ബംഗലൂരു- ഗുജറാത്തില്‍ നിന്നുള്ള 42 കോണ്‍ഗ്രസ് എം എല്‍ എമാരെ ബംഗലൂരുവിലെ റിസോര്‍ട്ടില്‍ സംരക്ഷിക്കാന്‍ മുന്‍കൈയെടുത്ത കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ഡി കെ ശിവകുമാറിന്റെ വീടുകളിലും ഓഫീസുകളിലും മൂന്നാം ദിവസവും ആദായ നികുതി വകുപ്പ് അധികൃതരുടെ റെയ്ഡുകള്‍ തുടരുന്നു. ഇതു വരെ 70 ഇടങ്ങളില്‍ പരിശോധന നടന്നെന്നും പിടികൂടി 15 കോടി രൂപയും സ്വര്‍ണവും മന്ത്രിയുടേതോ കുടുംബാംഗങ്ങളുടേതോ അല്ലെന്നും അദ്ദേഹത്തിന്റെ സഹോദരനും എം.പിയുമായ ഡി കെ സുരേഷ് വ്യക്തമാക്കി.

ഗുജറാത്ത എംഎല്‍എമാരെ പാര്‍പ്പിച്ച ഈഗ്ള്‍ട്ടണ്‍ റിസോര്‍ട്ടിലാണ് ബുധനാഴ്ച റെയ്ഡുകള്‍ക്ക് തുടക്കമിട്ടത്. 'മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. ഇതൊരു രാഷ്ട്രീയ പകപോക്കലാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല,ഠ സുരേഷ്‌കുമാര്‍ പറഞ്ഞു. റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ മുഖ്യമന്ത്രി സിദ്ധാരാമയ്യയും ആരോപിച്ചിരുന്നു. റെയ്ഡിനെ ബിജെപിയുടെ വേട്ടയെന്ന് വിശേഷിപ്പിച്ച കാണ്‍ഗ്രസ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും ശക്തമായി ഉന്നയിച്ചിരുന്നു.

ഈ മാസം എട്ടിന് ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായണ് കൊഴിഞ്ഞു പോക്കു ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ ശേഷിക്കുന്ന എം എല്‍ എമാരെ ബംഗലൂരുവില്‍ എത്തിച്ച് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആറു എം എല്‍ എമാര്‍ ബിജെപി പാളയത്തിലേക്ക് ചുവട് മാറിയിരുന്നു. കൂടുതല്‍ കൊഴിഞ്ഞു പോക്കു തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമാകും. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകന്‍ അഹമ്മദ് പട്ടേലാണ് ഗുജറാത്തില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. പട്ടേലിനെ തോല്‍പ്പിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്

ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷ തേടിയാണ് എം എല്‍ എമാരെ ഒന്നടങ്കം ബാംഗ്ലൂരിലെത്തിച്ചത്. ഇവരെ സംരക്ഷിക്കുന്ന ചുമതലയില്‍ നിന്ന് കര്‍ണാടകയിലെ മുതിര്‍ന്ന പല നേതാക്കന്‍മാരും ആദായ നികുതി റെയ്ഡ് ഭയന്നു പിന്മാറിയപ്പോള്‍ സമ്പന്നനായ മന്ത്രി ശിവകുമാര്‍ തന്നെ പാര്‍ട്ടിയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. പ്രതീക്ഷിച്ചപോലെ ആദായ നികുതി റെയ്ഡും വന്നു. ഗുജറാത്തില്‍ നിന്നും ഒരാഴ്ച മുമ്പ് എം എല്‍ എമാര്‍ ബാംഗ്ലൂരിലെത്തിയപ്പോള്‍ സിംഗപൂരില്‍ അവധിയാഘോഷത്തിലായിരുന്ന ശിവകുമാര്‍ അത് വെട്ടിച്ചുരുക്കിയാണ് ബംഗലുരുവില്‍ തിരിച്ചെത്തി പാര്‍ട്ടി നിര്‍ദേശ പ്രകാരം ഇവരുടെ സംരക്ഷണ ചുമതല ഏറ്റെടുത്തത്. 

55-കാരനായ മന്ത്രി ഡി.കെ ശിവകുമാര്‍ ബാംഗ്ലൂരിലെ മുന്‍നിര റിയല്‍എസ്റ്റേറ്റ് ബിസിനസുകാരില്‍ ഒരാളാണ്. 251 കോടിയുടെ പ്രഖ്യാപിത ആസ്തി അദ്ദേഹത്തിനുണ്ട്. കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമ്പോഴെല്ലാം ശിവകുമാര്‍ സഹായത്തിനെത്തും. നേരത്തെ കര്‍ണാടകയിലേയും മഹാരാഷ്ട്രയിലേയും കോണ്‍ഗ്രസ് എം എല്‍ എമാരെ ഇതുപോലെ അദ്ദേഹം സംരക്ഷിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡയുടെ ശക്തികേന്ദ്രമായ ദക്ഷിണ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനും ശിവകുമാര്‍  നേതൃത്വം നല്‍കിയിട്ടുണ്ട്. 

Latest News