Sorry, you need to enable JavaScript to visit this website.

പൗരത്വ ബില്ലിനെതിരെ കൊച്ചിയിലും വ്യാപക പ്രതിഷേധം

പൗരത്വ ബില്ലിനെതിരെ കൊച്ചിയിൽ നടന്ന വിദ്യാർഥി പ്രതിഷേധം.

കൊച്ചി - മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ കൊച്ചിയിലും വ്യാപക  പ്രതിഷേധം. രാവിലെ എസ്. എഫ്. ഐയും  ഉച്ചകഴിഞ്ഞ് സ്റ്റുഡന്റസ് യൂണിറ്റിയും റിസർവ് ബാങ്കിന് മുന്നിലേക്ക് മാർച്ച് നടത്തി.  


പൗരത്വനിയമത്തിനും എൻ. ആർ. സിയ്ക്കുമെതിരെ കേരള പ്രസ് അക്കാദമി വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും പ്രതിഷേധ കൂട്ടായ്മ വൈകിട്ട് 5 ന് ഹൈക്കോർട്ട് ജങ്ഷനിൽ നടന്നു. വൈകീട്ട് നാലിന് സാംസ്‌കാരിക പ്രതിരോധവും അരങ്ങേറി. ഇന്ത്യയെ കീറിമുറിക്കാൻ അനുവദിക്കില്ലെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പ്രഖ്യാപിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി റിസർവ് ബാങ്കിലേക്ക് സംഘടിപ്പിച്ച മാർച്ച് വനിതകൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികൾ അണിചേർന്നു.


മരിക്കാൻ ഞങ്ങൾ തയ്യാറാണ്, എന്നാൽ പൗരത്വ ഭേദഗതി ബിൽ അംഗീകരിക്കില്ല. പൗരത്വത്തിന് ആധാരം മതമല്ല തുടങ്ങിയ മുദ്രാവാക്യങ്ങളുമായി മഹാരാജാസ് കോളേജിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ആസാദി ഗാനം മുഴക്കി വിവിധ കാമ്പസുകളിൽ നിന്നുള്ള എസ്.എഫ്.ഐ പ്രവർത്തകർ, ജനങ്ങളെ വിഘടിപ്പിച്ച് വർഗീയ സംഘർഷത്തിലേക്ക് നയിക്കുന്ന ആർ.എസ്.എസിനും കേന്ദ്ര ബി.ജെ.പി സർക്കാരിനുമെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റിസർവ് ബാങ്കിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.


 തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. യോഗം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ടി. വി അനിത ഉദ്ഘാടനം ചെയ്തു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പൊതുസമൂഹമാകെ നടത്തുന്ന പ്രക്ഷോഭങ്ങളെ തകർക്കാനാണ് ഹിന്ദു-മുസ്‌ലിം  ഭീകര, വർഗീയ സംഘടനകൾ ശ്രമിക്കുന്നതെന്ന് ടി. വി അനിത പറഞ്ഞു. രാജ്യത്തെ വീണ്ടും വിഭജിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 


ഒന്നായി ജീവിക്കാനുള്ള അവകാശത്തെ നിലനിർത്താൻ യോജിച്ച പോരാട്ടമാണ് ആവശ്യം. ഭരണഘടനയും രാജ്യത്തിന്റെ അന്തസ്സും നിലനിർത്താൻ പോരാട്ടം അനിവാര്യമാണെന്നും അതിന് ഇന്ത്യൻ വിദ്യാർഥി സമൂഹം ഉണർന്നുകഴിഞ്ഞെന്നും അനിത പറഞ്ഞു. യോഗത്തിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് അമൽ ജോസ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ശിൽപ സുരേന്ദ്രൻ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. എസ് സജിത, വിഷ്ണു വേണുഗോപാൽ, അനില ഡേവിഡ്, അമീർ, വി. ജി ദിവ്യ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പി. എം അർഷോ സ്വാഗതവും അർജുൻ ബാബു നന്ദിയും പറഞ്ഞു.

 

 

Latest News