Sorry, you need to enable JavaScript to visit this website.

'മാമാങ്ക'ത്തെ തകർക്കാൻ ബോധപൂർവമായ ശ്രമമെന്ന് അണിയറ പ്രവർത്തകർ

കൊച്ചി - മാമാങ്കം സിനിമയെ തകർക്കാൻ ചിലർ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി. സിനിമാരംഗത്തു നിന്നു തന്നെയുള്ളവരാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 
ചിത്രം തിയേറ്ററിലെത്തിയ ദിവസം തന്നെ ചിത്രത്തിനെതിരെ മോശം രീതിയിലുള്ള പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു. ചിത്രത്തിലെ ചില രംഗങ്ങളുടെ തിയേറ്റർ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സാമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടു.  


സിനിമയെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സിനിമ പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സിൽ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ തിയേറ്റർ പ്രിന്റാണ് ഇത്തരത്തിൽ പുറത്തുവന്നത്.
വർഷങ്ങളുടെ പ്രയത്‌നത്തെ ഇല്ലാതാക്കാൻ ചിലർ നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  നവംബർ 21 നാണ് സിനിമയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്, പിന്നീട് അത് മാറ്റുകയായിരുന്നു. എന്നാൽ അന്ന് വൈകീട്ട് സിനിമയ്‌ക്കെതിരെ ആരോപണങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. 
'കേരള പ്രൊഡ്യൂസേഴ്‌സ്' എന്ന ട്വിറ്റർ അക്കൗണ്ട് വഴി ചിത്രത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യത്തെ സംവിധായകൻ സജീവ് പിള്ള നൽകിയ പരാതിയെ തുടർന്ന് നാലുതവണ കോടതി കയറിയതിന് ശേഷമാണ് ചിത്രം 12 ന് തിയേറ്ററിൽ റിലീസ് ചെയ്തത്.


ഹൈക്കോടതി സിനിമ റിലീസ് ചെയ്യുന്നതിനുള്ള അനുമതി നൽകിയതിന് ശേഷമാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയെ തകർക്കാൻ നടത്തുന്ന ഇത്തരം പ്രവണതകളെ ശക്തമായി നേരിടുമെന്ന് സംവിധായകൻ എം. പത്മകുമാർ പറഞ്ഞു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വേൾഡ് വൈഡായി റിലീസിനെത്തിയ ചിത്രം 2000 ത്തിലേറെ സ്‌ക്രീനുകളിലാണ് ആദ്യദിനം പ്രദർശിപ്പിച്ചത്. കേരളത്തിൽ മാത്രം 360 സ്‌ക്രീനുകളിലാണ് ആദ്യദിവസം ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. 55 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എയ്‌ജോ ആന്റണി, അഭിനേതാക്കളായ മണികണ്ഠൻ, അച്യുതൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News