Sorry, you need to enable JavaScript to visit this website.

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയെ സെയില്‍സ്  ഗേള്‍ എന്നു വിളിച്ചു, മാപ്പ് പറഞ്ഞു 

മാഞ്ചസ്റ്റര്‍- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഫിന്‍ലാന്‍ഡിലെ സന്ന മാരിനെ പരിഹസിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് എസ്‌റ്റോണിയ. എസ്‌റ്റോണിയയിലെ ആഭ്യന്തര മന്ത്രിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവുമായ മാര്‍ട്ട് ഹെല്‍മെയാണ് സന്ന മാരിനെ 'സെയില്‍സ് ഗേള്‍' എന്ന് വിളിച്ച് പരിഹസിക്കുകയും രാജ്യം നയിക്കാനുള്ള കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്തത്. ഫിന്‍ലാന്‍ഡിലെ സഖ്യ കക്ഷി സര്‍ക്കാരിലെ 5 നേതാക്കളില്‍ നാല് പേരും 35 വയസിന് താഴെയുള്ള സ്ത്രീകളാണ്.റേഡിയോയിലെ ടോക്ക് ഷോയ്ക്കിടെയായിരുന്നു മാര്‍ട്ട് ഹെല്‍മെയുടെ പ്രതികരണം. ഒരു സെയില്‍സ് ഗേള്‍ പ്രധാനമന്ത്രിയായതും മറ്റു ചില ആക്ടീവിസ്റ്റുകളും തെരുവില്‍ കഴിയുന്ന വിദ്യാഭ്യാസമില്ലാത്തവരും മന്ത്രിസഭയില്‍ എത്തിയതുമാണ് ഇപ്പോള്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് മാര്‍ട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് എസ്‌റ്റോണിയന്‍ പ്രസിഡന്റ് കെര്‍സ്റ്റി കല്‍ജുലൈഡ് ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്‌റ്റോയോട് ക്ഷമ ചോദിച്ചത്. തന്റെ ക്ഷമാപണം മാരിനെയെയും അവരുടെ സര്‍ക്കാരിനെയും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 34 കാരിയായ മാരിന്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് ഒരു കാഷ്യറായി ജോലി ചെയ്തിരുന്നു. പിന്നോക്ക കുടുംബത്തില്‍ നിന്നും രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് മാരിന്‍ ട്വിറ്ററില്‍ കുറിച്ചു. ഫിന്‍ലാന്‍ഡിനെക്കുറിച്ച് ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. ഇവിടെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഒരു കുട്ടിക്ക് സ്വയം വിദ്യാഭ്യാസം നേടാനും ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നിറവേറ്റാനും കഴിയും. ഒരു കാഷ്യര്‍ക്ക് ഒരു പ്രധാനമന്ത്രിയാകാന്‍ പോലും സാധിക്കുമെന്നും മാരിന്‍ പറഞ്ഞു.

Latest News