പാക് അധീന കശ്മീര്‍ പിടിക്കും- അമിത് ഷാ

ന്യൂദല്‍ഹി-ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയും പൗരത്വഭേദഗതി ബില്‍ കൊണ്ടുവന്നും വിവാദം സൃഷ്ടിച്ച
മോഡി സര്‍ക്കാര്‍ ഇനി ലക്ഷ്യം വയ്ക്കുന്നത് പാക് അധീന കശ്മീരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത്തരം പ്രഖ്യാപനങ്ങള്‍ മുന്‍കൂട്ടി പറയാനാകില്ലെന്നും എന്നാല്‍, ഉചിത സമയത്ത് ആ വാര്‍ത്തയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു . ഡല്‍ഹിയില്‍ ആജ്തക് ചാനല്‍ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇത്തരം ഗൗരവകരമായ വിഷയങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ പൊതു ഇടത്തില്‍ പ്രഖ്യാപിക്കാനാവില്ല. എന്നാല്‍, ഭാവിയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകും. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി എന്ന ഔദ്യോഗിക പ്രഖ്യാപനമാകും നിങ്ങള്‍ക്ക് മുന്നിലുണ്ടാവുക. 
പാക് അധീന കശ്മീര്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് നേരത്തേയും അമിത് ഷാ വ്യക്തമാക്കിയിരുന്നു. അതേസമയം, പാക് അധീന കശ്മീരിലെ ഭൂമി മാത്രമാണ് പ്രശ്‌നമാക്കുന്നതെന്നും അവിടുത്തെ ജനങ്ങളുടെ കാര്യം പരിഗണിക്കുന്നില്ലെന്നുമുള്ള ദയാനിധി മാരന്റെ ചോദ്യത്തോട് 24 അസംബ്ലി സീറ്റുകള്‍ ഇപ്പോഴും കശ്മീരില്‍ ഒഴിഞ്ഞു കിടക്കുകയാണ്. പാക് അധീന കശ്മീരിലെ ജനങ്ങളും അതില്‍ പങ്കാളികളാണെന്നായിരുന്നു അമിത് ഷായുടെ മറുപടി.

Latest News