Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമത്തിന് പിന്തുണ; ദേശീയ പൗരത്വ പട്ടികയെ പിന്താങ്ങില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വര്‍- വിവാദ പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണച്ച ബിജെഡി ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്താങ്ങില്ലെന്ന് പാര്‍ട്ടി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരന്മാരെ ബാധിക്കില്ലെന്നതിനാല്‍ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഓഡീഷയില്‍ സമര രംഗത്തുള്ള സംഘടനകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൗരത്വ പട്ടികയെ പിന്തുണയ്ക്കില്ലെന്ന നിലപാട് ബിജെഡി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി പട്‌നായിക് ദല്‍ഹിയിലേക്ക് പുറപ്പെട്ടു. 

പൗരത്വ നിയമത്തെ പിന്താങ്ങി ബിജെപിക്കൊപ്പം നിന്നതിന് ഒഡീഷയില്‍ ബിജെഡി വിമര്‍ശനം നേരിട്ടിരുന്നു. പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായ കളങ്കപ്പെടുത്തി എന്നായിരുന്നു എതിരാളികളുടേയും ന്യൂനപക്ഷ സംഘടനകളുടേയും ആക്ഷേപം. ഇതു തണുപ്പിക്കാനാണ് പൗരത്വ പട്ടികയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കിയ പട്‌നായിക് രംഗത്തെത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. പൗരത്വ നിയമം ഇന്ത്യന്‍ പൗരന്മാരെയല്ല, കുടിയേറ്റക്കാരേയാണ് ബാധിക്കുക എന്നും പട്‌നായിക് പറഞ്ഞു.
 

Latest News