സോഷ്യല്‍ മീഡിയയില്‍ മാത്രം പ്രതിഷേധിക്കുന്ന കാലം കഴിഞ്ഞു; സമര രംഗത്തിറങ്ങി നടന്‍ ഫര്‍ഹാന്‍ അഖ്തര്‍

മുംബൈ- പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടിക നടപ്പാക്കാനുള്ള നീക്കത്തിനുമെതിരെ സമരാഹ്വാനവുമായി ബോളിവുഡ് താരം ഫര്‍ഹാന്‍ അഖ്തര്‍ രംഗത്തെത്തി. വ്യാഴാഴ്ച മുംബൈയില്‍ ക്രാന്തി മൈതാനില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്തിനാണ് പൗരത്വ നിയമ ഭേദഗതിയേയും പൗരത്വ പട്ടികയേയും എതിര്‍ക്കുന്നത് എന്നു വിശദമാക്കുന്ന കുറിപ്പു സഹിതമാണ് ഫര്‍ഹാന്റെ ട്വീറ്റ്. സോഷ്യല്‍ മീഡിയയില്‍ മാത്രം പ്രതിഷേധിക്കുന്ന കാലം കഴിഞ്ഞെന്നും ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപകമായി പൗരത്വ നിയമത്തിനെതിരെ സമരം ശക്തമായ സാഹചര്യത്തില്‍ നിരവധി സിനിമാ താരങ്ങള്‍ പിന്തുണ അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ രംഗത്തു വന്നിരുന്നു. നടന്‍ കമല്‍ ഹാസന്‍ മാത്രമാണ് തെരുവിലിറങ്ങിയത്. ഇപ്പോള്‍ തെരുവിലിറങ്ങാന്‍ പരസ്യ ആഹ്വാനവുമായി ഫര്‍ഹാന്‍ അഖ്തറും രംഗത്തെത്തിയിരിക്കുന്നു.

അതിനിടെ ഫര്‍ഹാന്റെ ട്വീറ്റിനൊപ്പമുള്ള ചിത്രത്തിലെ ഇന്ത്യയുടെ മാപ്പില്‍ പാക്ക് അധീന കശ്മീര്‍ ഇല്ലാത്തത് ട്വിറ്ററില്‍ ചര്‍ച്ചയായി. ഇതു ചൂണ്ടിക്കാട്ടിയതോടെ മാപ്പ് ശരിയല്ലെന്നും കശ്മീരിന്റെ എല്ലാ ഭാഗവും ഇന്ത്യയുടേതാണെന്നും ഫര്‍ഹാന്‍ വിശദീകരിച്ചു. അബദ്ധം പിണഞ്ഞതില്‍ ക്ഷമയും ചോദിച്ചു.
 

Latest News