Sorry, you need to enable JavaScript to visit this website.

കോടതി വിധിയിലൂടെ സൈറസ് മിസ്ട്രി വീണ്ടും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍

മുംബൈ- ടാറ്റ ഗ്രൂപ്പ് നേരത്തെ പുറത്താക്കിയ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ കമ്പനിയുടെ ചെയര്‍മാന്‍ പദവിയില്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ പുനസ്ഥാപിച്ചു. മൂന്ന് വര്‍ഷമം മുമ്പാണ് മിസ്ട്രിയെ ടാറ്റ ബോര്‍ഡ് നാടകീയമായി പുറത്താക്കിയിരുന്നത്. ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ട്രൈബ്യൂണല്‍ ടാറ്റ ഗ്രൂപ്പിന് നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. വിധിയെ ചോദ്യം ചെയ്തില്ലെങ്കില്‍ മിസ്ട്രി വീണ്ടും ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകും. പബ്ലിക് കമ്പനിയില്‍ നിന്നും പ്രൈവറ്റ് കമ്പനിയാക്കിയ ടാറ്റയുടെ നടപടി നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ വിധിച്ചു. എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നിയമിച്ചതും കോടതി റദ്ദാക്കി.

സൈറസ് മിസ്ട്രിയെ പുറത്താക്കാനുള്ള ടാറ്റ ചെയര്‍മാന്‍ എമിരറ്റസ് രത്തന്‍ ടാറ്റയുടെ നടപടി പീഡനമായിരുന്നെന്നും ട്രൈബ്യൂണലിലെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. 2017 സെപ്തംബറില്‍ ടാറ്റ സണ്‍സ് കമ്പനിയെ പ്രൈവറ്റാക്കി മാറ്റിയ നടപടിയും കോടതി റദ്ദാക്കി.

ചെയര്‍മാന്‍ പദവിയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സൈറസ് മിസ്ട്രിയാണ് കോടതിയെ സമീപിച്ചത്. മിസ്ട്രിയുടെ പുറത്താക്കല്‍ ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ മിസ്ട്രിയുടെ പരാതി തള്ളുകയും ടാറ്റ ബോര്‍ഡിന്റെ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മിസ്ട്രി അപ്പീല്‍ കോടതിയായ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. 2016 ഒക്ടോബറിലാണ് മിസ്ട്രിയെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് ടാറ്റ സണ്‍സ് ബോര്‍ഡ് നീക്കിയത്. ആ വര്‍ഷം ഡിസംബറില്‍ ടാറ്റ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടേയും ഡയറക്ടര്‍ പദവിയില്‍ നിന്നും മിസ്ട്രി രാജിവെച്ചു. ഇതിനു ശേഷമാണ് കമ്പനിയിലെ ന്യൂനപക്ഷ ഓഹരി ഉടമകളെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് മിസ്ട്രി ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

Latest News